Latest News

ലാലേട്ടനും രജനീകാന്തിനുമൊപ്പം തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാം; നവോത്ഥാന നായകന്മാരെ നേരില്‍ കാണാം; കേരളത്തിന്റെ സ്വന്തം വാക്‌സ് മ്യൂസിയത്തിന്റെ പ്രത്യേകതകള്‍ അറിയേണ്ടേ...!

പി.എസ് സുവര്‍ണ്ണ
 ലാലേട്ടനും രജനീകാന്തിനുമൊപ്പം തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാം; നവോത്ഥാന നായകന്മാരെ നേരില്‍ കാണാം; കേരളത്തിന്റെ സ്വന്തം വാക്‌സ് മ്യൂസിയത്തിന്റെ പ്രത്യേകതകള്‍ അറിയേണ്ടേ...!

മാഡം ടുസാഡ്സ് എന്ന ലണ്ടനിലെ വാക്സ് മ്യുസിയം ലോകപ്രശസ്തമാണ്. സെലിബ്രിറ്റികളുടെയും മഹാന്‍മാരുടെയും ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമകളാണ് ഇവിടെ ഒരുക്കിയിരുന്നത്. അനേകം പേര്‍ പോകാന്‍ കൊതിക്കുന്ന സ്ഥലം കൂടിയാണ് ഈ മ്യുസിയം. എന്നാല്‍ ഇനി വാക്സ് മ്യുസിയം കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരത്തേക്ക് വരാം. ഇവിടെ സന്ദര്‍ശകരുടെ പ്രശംസനേടി മുന്നേറുകയാണ് ഒരു വാക്സ് മ്യുസിയം. 

ശ്രീ പത്മനാഭന്റെ മണ്ണില്‍ സുനില്‍ കണ്ടല്ലൂര്‍ എന്ന കലാകാരന്റെ വകയാണ് വാക്സ് മ്യൂസിയം ഒരുങ്ങിയിരിക്കുന്നത്. നവോത്ഥാന നായകന്മാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയുണ്ട് ഈ മ്യൂസിയത്തില്‍. ജീവനുള്ളത് എന്ന് തോന്നിക്കുന്ന തരത്തിലാണ് ഓരോ പ്രതിമകളും. അതായത് ജീവനുള്ളതിനെ കടത്തിവെട്ടുന്ന തരത്തിലുള്ള 27 വാക്സ് പ്രതിമകള്‍. ഈ മ്യുസിയത്തിലെ പ്രതിമകളുടെ പ്രത്യേകത എന്തെന്നാല്‍ പ്രതിമകള്‍ക്ക് കൊടുത്തിരിക്കുന്ന മുടി യഥാര്‍ത്ഥ മുടി തന്നെയാണ് എന്നതാണ്. ഇത് പ്രതിമകളെ കുറച്ചുകൂടെ ജീവസുറ്റതാക്കുന്നു. തലയില്‍ മാത്രമല്ല പുരികത്തിലും കണ്‍പീലിയിലുമൊക്കെ യഥാര്‍ത്ഥ പീലികള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത് . ദിവസം തോറും നിരവധി സന്ദര്‍ശകരാണ് ഇവിടെ വന്നുപോകുന്നത്. 100 രൂപ കൊടുത്ത് ടിക്കറ്റെടുത്താല്‍ ഇഷ്ടമുള്ള അത്ര സമയമെടുത്ത് മ്യൂസിയം ചുറ്റി കാണാനും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും സാധിക്കും. ദിവസവും രാവിലെ 8 മുതല്‍ രാത്രി 9 വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. 

കയറിച്ചെല്ലുമ്പോള്‍ തന്നെ മഹാത്മാഗാന്ധിയുടെ മെഴുക് പ്രതിമയാണ് കാണുന്നത്. ജീവനുള്ളതാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രതിമയാണ് ഗാന്ധിയുടേത്. പ്രതിമകളുടെ വശങ്ങളിലായ് വച്ചിരിക്കുന്ന ചിത്രങ്ങള്‍ മ്യൂസിയത്തിന് ഒരു പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. തിരുവനന്തപുരത്തിന്റെ ഒരു മുഖം തന്നെ നമുക്ക് ഈ ചിത്രങ്ങളിലൂടെ കാണാന്‍ കഴിയും. 
അണ്ണാഹസാരെ, ജവഹര്‍ലാല്‍ നെഹറു, സായ്ബാബ തുടങ്ങിയ ചരിത്ര പുരുഷന്മാരെയാണ് അടുത്ത ഭാഗത്തേയ്ക്ക് ചെല്ലുമ്പോള്‍ കാണുന്നത്. ജീവനുള്ളവരായ് തന്നെ ഇവരെല്ലാം നമുക്ക് മുന്നില്‍ വന്നു നില്‍ക്കുന്നു എന്ന്  തോന്നിപോകുന്ന അത്ര മനോഹരമാണ് ഓരോ പ്രതിമയും

തമിഴ്നാടിന്റെ പ്രിയ നടന്‍ പ്രകാശ് രാജിന്റെ അളവുകള്‍ എടുത്താണ് അദ്ദേഹത്തിന്റെ മെഴുക് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  ഇന്ദിരാ ഗാന്ധി രാജീവ് ഗാന്ധി രബീന്ദ്രനാഥ് ടാഗോര്‍, ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭന്‍, രവി ശങ്കര്‍ എന്നിവരുടെയെല്ലാം മെഴുക് പ്രതിമകള്‍ ഇവിടെ ഉണ്ട്. കാഴ്ച്ചയില്‍ യഥാര്‍ത്ഥ മനുഷ്യനെപോലെ തന്നെയാണ് ഇവയെല്ലാം. ഓരോരോ മുറികള്‍ പോലെയുള്ള സ്ഥലങ്ങളിലാണ് ഓരോരുത്തരുടെയും മെഴുക് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയും വശങ്ങളില്‍ മനോഹരമായ ചിത്രങ്ങള്‍ നല്‍കി മനോഹരമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും അടുത്ത മുറിയിലേക്ക് കയറുമ്പോള്‍ തന്നെ രാജാ രവി വര്‍മ്മയെയാണ് കാണുന്നത്. ഒപ്പം തന്നെ ഇരു വശങ്ങളിലായി ദാദാസാഹിബ് ഫാല്‍ക്കേ, അംബേദ്ക്കര്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എന്നിവരെ കാണാം. കൃഷ്ണയ്യര്‍ ഉപയോഗിച്ചിരുന്ന മേശ ഇവിടെ കാണാം.അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഇവര്‍ക്ക് സംഭാവനയായി നല്‍കിയതാണ്. ഇവിടെ കുറച്ച് ന്യൂഡല്‍ പെയിന്റിങ്ങുകളും നല്‍കിയിട്ടുണ്ട്.

അടുത്ത ഭാഗത്തേയ്ക്ക് കയറുമ്പോള്‍ സിനിമാ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും ഒക്കെയാണ് ഉള്ളത്. ബാഹുബലി, സച്ചിന്‍ ടെഡുല്‍ക്കര്‍, വിരാട് കോഹ്ലി, യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും പിന്നീട് ഉള്ളിലേക്ക് ചെല്ലുമ്പോള്‍ നമ്മുടെ ഇന്ത്യയുടെ അഭിമാനമായ അഭിനന്ദന്‍ വര്‍ധമാനെയും കാണം. യൂണിഫോമിലുള്ള അഭിനന്ദന്‍ വര്‍ധമാന്റെ രൂപം കാണുമ്പോള്‍ തന്നെ ദേശസ്നേഹം ഉണരും.

അടുത്ത ഭാഗത്ത് മലയാളത്തിന്റെയും ടോളിവുഡിന്റെയും ബോളിവുഡിന്റെയും ഒക്കെ പ്രിയ താരങ്ങളാണ്. മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍, തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ബോളിവുഡിന്റെ മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍, പിന്നെ താരസുന്ദരി കരീന കപൂറുമാണ് ഇവിടെയുള്ളത്.. മുറിയുടെ ഇരുവശങ്ങളിലായിട്ടാണ് മലയാളികളുടെയും തമിഴ്നാട്ടുകാരുടെയും സൂപ്പര്‍സ്റ്റാറുകള്‍ ഇരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എം ജി രാമചന്ദ്രനും സര്‍ദാര്‍ വല്ലഭായ് പട്ടേലുമൊക്കെയാണ് മ്യൂസിയത്തിന്റെ അവസാന ഭാഗത്തായി ഉള്ളത്.

യഥാര്‍ത്ഥ മനുഷ്യരെയും മെഴുക് മനുഷ്യരെയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അത്ര കൃത്യമായാണ് ഈ മെഴുക് പ്രതിമകളെല്ലാം ശില്‍പി സുനില്‍ കണ്ടല്ലൂര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുറച്ച് നാള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും കേരളത്തിലും ഒരു വാക്സ് മ്യൂസിയം സ്ഥാപിക്കാന്‍ ഇദ്ദേഹത്തെകൊണ്ട് സാധിച്ചു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ആദ്യത്തെ വാക്സ് മ്യൂസിയം ഇദ്ദേഹത്തിന്റെതാണ്. പൂനെയിലാണ് ഇത്.


 

about sunil's wax museum-trivandrum

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES