മലയാള സിനിമ ലോകം വീണ്ടും പുതുമകളെ വരവേല്‍ക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍താരനായ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രമായ 'തുടക്കം' മുഖേന വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. പുതുതലമുറയിലെ പ്രതിഭാശാലിയായ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഈ ചിത്രം, താരകുടുംബത്തില്‍ നിന്നുള്ള മറ്റൊരു പ്രതീക്ഷയേറിയ അഭിനേത്രിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ്.
ചിത്രത്തിന്റെ പൂജയും ക്‌ളാപ്പ് ചടങ്ങും കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. മോഹന്‍ലാലിന്റെ മകനും വിസ്മയയുടെ സഹോദരനുമായ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ക്‌ളാപ്പടിച്ചു. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ ചടങ്ങ് നിര്‍വഹിച്ചു. കുടുംബസമാഗമത്തിന്റെ മധുരം നിറഞ്ഞ ചടങ്ങായിരുന്നു അത്. 'എന്റെ മകള്‍ സിനിമയിലേക്കെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അവള്‍ തിരഞ്ഞെടുത്ത പാതയില്‍ ഞാന്‍ അഭിമാനിക്കുന്നു. അവളുടെ മുന്നിലുള്ള യാത്ര ദൈവം അനുഗ്രഹിക്കട്ടെ.''
വിസ്മയയുടെ അരങ്ങേറ്റം സോഷ്യല്‍ മീഡിയയിലും ആരാധകരിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്. സംവിധായകന്‍ പ്രിയദര്‍ശന്‍, തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഹൃദയം നിറഞ്ഞ ആശംസകളും പഴയ ഓര്‍മ്മകളും പങ്കുവെച്ചിരുന്നു. ''മായയും (വിസ്മയ) അമ്മുവും (എന്റെ മകള്‍ കല്ല്യാണി) ഒരുമിച്ച് വളര്‍ന്ന കുട്ടികളാണ്. ഇന്നവര്‍ രണ്ടുപേരും സിനിമയില്‍ തിളങ്ങുന്നതു കാണുന്നത് എനിക്കൊരു പ്രത്യേക അനുഭവമാണ്,'' എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്. വിസ്മയ എന്നൊന്നും ഞാന്‍ വിളിക്കാറില്ല, മായ എന്നേ നാവില്‍ വരൂ. അതുപോലെ തന്നെ കല്ല്യാണി എന്നും പറയാറില്ല, അമ്മു എന്നേ പറയാറുള്ളൂ. മോഹന്‍ലാലിന്റെ മകളും എന്റെ മകളും എന്റെ ഇടതും വലതും തോളില്‍ കിടന്ന് വളര്‍ന്ന കുട്ടികളാണ്. ആ കുഞ്ഞുങ്ങളുടെ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ടെന്ന് പ്രിയദര്‍ശന്‍ ഓര്‍ത്തെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിസ്മയയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച പോസ്റ്റ് പ്രിയദര്‍ശന്‍ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. ഈ രണ്ടു കുട്ടികളെയും ഞാന്‍ എന്റെ കൈകളില്‍ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങള്‍ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹന്‍ലാല്‍ പറഞ്ഞതുപോലെ ഞങ്ങള്‍ ഒരിക്കലും കരുതിയില്ല ഇവര്‍ സിനിമയിലേക്ക് എത്തുമെന്ന്. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു സുന്ദര തുടക്കം തന്നെയാകട്ടെ. ദൈവം രക്ഷിക്കട്ടെ. എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
'തുടക്കം' ചിത്രത്തിന്റെ നിര്‍മാണം ആശിര്‍വാദ് സിനിമസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍വഹിക്കുന്നു. ആന്റണിയുടെ മകന്‍ ആശിഷ് പെരുമ്പാവൂര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഒരാളായും എത്തുന്നുണ്ട്. സംഗീതം ജെയ്ക്‌സ് ബിജോയ്, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് ചെറുപുഷ്പന്‍ മോണ്ടേജ് എന്നിവരാണ്. വിസ്മയയുടെ സിനിമാ അരങ്ങേറ്റം, മോഹന്‍ലാലിന്റെ കുടുംബത്തിനും മലയാള സിനിമാ ലോകത്തിനും ഒരുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. പുതിയ തലമുറയുടെ ഈ 'തുടക്കം' മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് പകരുന്നത്.