രാം ഗോപാല്‍ വര്‍മ നിര്‍മിച്ച മലയാളി നടി ആരാധ്യ ദേവിയുടെ അരങ്ങേറ്റ ചിത്രം സാരി ഇപ്പോള്‍ യൂട്യൂബില്‍ സൗജന്യമായി ലഭ്യമാണ്. സംവിധായകന്റെ സ്വന്തം യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്. രണ്ട് ദിവസം മുമ്പ് അപ്ലോഡ് ചെയ്ത സിനിമ ഇതിനകം മൂന്നുലക്ഷത്തിലധികം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.
സാരി നവാഗതനായ ഗിരി കൃഷ്ണ കമലയാണ് സംവിധാനം ചെയ്തത്. സാരി അണിഞ്ഞ ഒരു യുവതിയോടുള്ള യുവാവിന്റെ അമിതമായ സ്നേഹം എങ്ങനെ ഭീകരതയായി മാറുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ''അമിതമായ സ്നേഹം ഭയാനകമാകും'' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.
ചിത്രത്തില്‍ സത്യാ യദു നായകനായും ആരാധ്യ ദേവി നായികയായും അഭിനയിക്കുന്നു. ആര്‍.ജിവി ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് ഇരുവരെയും സിനിമയ്ക്കായി തിരഞ്ഞെടുത്തത്. ഇന്‍സ്റ്റാഗ്രാം റീലിലൂടെ ആരാധ്യ ദേവിയെ കണ്ടെത്തിയ ശേഷമാണ് രാം ഗോപാല്‍ വര്‍മ സിനിമയില്‍ അവസരം നല്‍കിയത്.
നിര്‍മിതബുദ്ധി ഉപയോഗിച്ച് ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. സംഗീതലോകം താമസിയാതെ എഐ കീഴടക്കും, സംഗീതം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തും എന്നായിരുന്നു ഇതിനോടനുബന്ധിച്ച് രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം. ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പരാജയപ്പെട്ട സാരി, ഇപ്പോള്‍ ഓണ്‍ലൈനിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.