ഫുട്‌ബോള്‍ ലോകം ആവേശത്തോടെ വരവേറ്റ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മലയാളി സാന്നിധ്യത്തിന്റെ തിളക്കം. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആല്‍ബത്തിലെ ശ്രദ്ധേയമായ 'സീര്‍ സീര്‍' (Siir Siir) എന്ന ഗാനത്തിന് നൃത്തസംവിധാനമൊരുക്കിയത് കേരളത്തില്‍ വേരുകളുള്ള മുംബൈ സ്വദേശി രജിത് ദേവ് ആണ്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആല്‍ബവുമായി സഹകരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും മലയാളിയുമാണ് ഈ കലാകാരന്‍. പാലക്കാട് ഷൊര്‍ണ്ണൂര്‍ സ്വദേശികളാണ് രജിതിന്റെ കുടുംബം. സഹോദരിയെ നൃത്തം പഠിക്കാന്‍ കൊണ്ടുപോയപ്പോള്‍ കൂടെപ്പോയതാണ് രജിതിന്റെ ജീവിതം നൃത്തത്തിലേക്ക് വഴിതിരിച്ചുവിട്ടത്.
പിന്നീട് കഠിനാധ്വാനത്തിലൂടെ ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായി മാറുകയായിരുന്നു. പതിനെട്ടാം വയസ്സില്‍ പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ ഹൃത്വിക് റോഷന്‍ അഭിനയിച്ച 'മേന്‍ ഐസ ക്യൂ ഹൂണ്‍' എന്ന ഗാനത്തില്‍ പശ്ചാത്തല നര്‍ത്തകനായാണ് അദ്ദേഹം തുടക്കം കുറിച്ചത്. തുടര്‍ന്ന് 'ജസ്റ്റ് ഡാന്‍സ്' റിയാലിറ്റി ഷോയിലൂടെയും, വൈഭവി മെര്‍ച്ചന്റിന്റെ ചീഫ് അസിസ്റ്റന്റായും ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ച രജിത് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു.
സ്വതന്ത്ര കൊറിയോഗ്രാഫര്‍ ആയശേഷം നടി നൊറാ ഫത്തേഹിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട ക്രിയേറ്റീവ് കൂട്ടുകെട്ടാണ് രജിതിനെ ലോകകപ്പിന്റെ വലിയ വേദിയില്‍ എത്തിച്ചത്. മൊറോക്കന്‍ ആരാധകരുടെ ആവേശമുദ്രാവാക്യമായ 'സീര്‍ സീര്‍' (മുന്നോട്ട് പോകൂ) എന്ന വാക്കിനെ ആസ്പദമാക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. മൊറോക്കോയില്‍ ചിത്രീകരിച്ച ഗാനരംഗത്ത് നൊറാ ഫത്തേഹിക്കൊപ്പം ഫ്രഞ്ച് ഗായകന്‍ വെജ് ഡ്രീമും അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ ശൈലിയിലുള്ള നൃത്തച്ചുവടുകള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ക്രമീകരിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് രജിത് പറയുന്നു.
ഇന്ത്യന്‍ കലാകാരന്മാരുടെ തനിമ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനുള്ള സുവര്‍ണ്ണാവസരമായാണ് താന്‍ ഈ വേദിയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഷൊര്‍ണ്ണൂര്‍ രോഹിണി സദനില്‍ ഈശ്വരദാസ്-ശ്രീദേവി ദമ്പതികളുടെ മകനാണ് രജിത്. നിലവില്‍ മൊറോക്കന്‍ ടീമിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ഈ മലയാളി താരം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗാനമാണെങ്കിലും, അതിന്റെ ആത്മാവ് ഇന്ത്യന്‍ ശൈലിയിലായിരിക്കണമെന്ന് രജിത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
തന്റെ നൃത്തസംഘമായ 'ടീം ആര്‍ഡിഎക്‌സ്' അംഗങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനായതാണ് ഈ പ്രോജക്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യന്‍ നര്‍ത്തകരുടെ ഊര്‍ജം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനുള്ള അവസരമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. സ്വയം ഒരു ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ രജിത്തിന്, ഈ ലോകകപ്പ് ഗാനത്തിന്റെ ഭാഗമാകാനായത് ഒരു സ്വപ്നതുല്യമായ അനുഭവമാണ്. ഒരു ഗാനം കേള്‍ക്കുമ്പോള്‍ അതിനനുസരിച്ച് താനറിയാതെ തന്നെ നൃത്തച്ചുവടുകള്‍ വരികയാണെന്നും, അത് ആ ഗാനത്തിന്റെ ഊര്‍ജത്തിനനുസരിച്ച് ക്രമീകരിക്കുകയുമാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.