കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ റിന്‍സി മുംതാസ്, സിനിമാ മേഖലയില്‍ വ്യാപകമായി ലഹരി ഒഴുക്കിയെന്ന് പോലീസ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തില്‍. വിശദമായ അന്വേഷണത്തിന് പോലീസ് ഒരുങ്ങുമ്പോള്‍ വെപ്രാളത്തിലായത് താരങ്ങളാണ്. മലയാള സിനിമയിലെ ഡ്രഗ് ലേഡിയെന്നാണ് പോലീസ് മുംതാസിനെ വിശേഷിപ്പിക്കുന്നത്. സിനിമാക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയ ഇവര്‍ ലഹരി വില്‍പ്പന പതിവാക്കിയെന്നാണ് പോലീസ് കരുതുന്നത്.
സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവിലായിരുന്നു ലഹരി വില്‍പ്പനയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിന്‍സിയുടെ ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നു. ഇതോടെ താരങ്ങളുടെ അടക്കം മൊഴിയെടുക്കേണ്ട് അവസ്ഥയിലാണ് കാര്യങ്ങള്‍. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതെല്ലാമാണ് റിന്‍സിയെ കുറിച്ച് പുറത്തറിയുന്നത്, എന്നാല്‍ സിനിമക്കുള്ളില്‍ സജീവമായി ലഹരി ഇടപാട് നടത്തുന്ന റിന്‍സി യുവതാരങ്ങള്‍ക്കടക്കം ഡ്രഗ് ലേഡിയാണ്. സെറ്റുകളിലും പ്രമോഷന്‍ പരിപാടികളിലും റിന്‍സിയുണ്ടെങ്കില്‍ അവിടെ രാസലഹരിയൊഴുകമെന്നാണ് പറച്ചില്‍.
എംഡിഎംഎ മാത്രമല്ല വിലകൂടിയ കൊക്കെയിനും റിന്‍സി കൈകാര്യം ചെയ്തിരുന്നു. പത്ത് ലക്ഷം ലഹരി ഇടപാടിനായി റിന്‍സി മുടക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു. പിടിയിലായ റിന്‍സിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനിടെയാണ് വയനാട്ടിലെ ഡാന്‍സാഫ് സംഘം വയനാട് സ്വദേശിയുമായി റിന്‍സി നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ അറസ്റ്റിലായ വയനാട് സ്വദേശിയും റിന്‍സിയുടെ അടുത്ത ഇടപാടുകാരനായിരുന്നു. യാസര്‍ അറാഫത്ത് ബെംഗളൂരുവില്‍ നിന്നാണ് റിന്‍സിക്ക് ലഹരി എത്തിച്ച് നല്‍കിയതെന്നാണ് വിവരം. യുട്യൂബിലൂടെ സിനിമ പ്രൊമോഷനുകള്‍ നടത്തിയിരുന്ന റിന്‍സിക്ക് ചലച്ചിത്രമേഖലയിലുള്ളവരുമായും അടുപ്പമുണ്ട്. ഇവരില്‍ ചിലര്‍ക്കും റിന്‍സി രാസലഹരി കൈമാറിയിരുന്നതായാണ് സൂചന. സ്ഥിരമായി ഇടപാട് നടത്തിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവരുടെ ഫോണുകളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഫ്‌ലാറ്റിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് നാര്‍കോട്ടിക് വിഭാഗം അസി. കമീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.
ഇവര്‍ അഞ്ചു കിലോയോളം എംഎഡിഎംഎ കുറച്ചു കാലമായി കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ചാറ്റും കാള്‍ലിസ്റ്റും അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. 2022 മുതല്‍ തന്നെ ഈ സംഘം നിരീക്ഷണത്തിലായിരുന്നു. പക്ഷേ തെളിവുകള്‍ കിട്ടിയിരുന്നില്ല. ഈ അടുത്ത കാലത്തുണ്ടായ ചില കേസുകളില്‍ ഇവരും സംശയത്തിലായി. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതാണ് റിന്‍സിയേയും അറാഫത്തിനേയും കുടുക്കിയത്. ഇവര്‍ ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു. ഫ്‌ളാറ്റിലെത്തിയ പോലീസിനോട് 'നിങ്ങള്‍ എംഡിഎംഎ പിടിക്കാന്‍ വന്നത് ആണല്ലേ?' എന്ന ചോദ്യമാണ് അറാഫത്ത് ഉയര്‍ത്തിയത്. റിന്‍സിക്കും സുഹൃത്തിനും എം.ഡി.എം.എ എത്തിച്ചു നല്‍കുന്ന കോഴിക്കോട് സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പതിനാല് ദിവസത്തേക്കാണ് റിന്‍സിയേയും ആണസുഹൃത്ത് യാസര്‍ അറഫത്തിനെയും തൃക്കാക്കര കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ റിന്‍സി ക്യാമറയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങള്‍ക്കായി റിന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്റെ പേഴ്‌സണല്‍ മാനേജര്‍ ആണ് റിന്‍സി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉണ്ണിമുകുന്ദന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.
റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പോലീസ് സംഘം ഫ്ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സിനിമാ പ്രൊമോഷന്‍ സംബന്ധമായ പോസ്റ്റുകളുമായി സജീവമായിരുന്നു റിന്‍സി മുംതാസ്. ഒരു സ്വകാര്യസ്ഥാപനത്തില്‍ ക്രിയേറ്റിവ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവിയായി ജോലിചെയ്യുകയാണെന്നാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം, യുവതിയെ ജോലിയില്‍നിന്ന് പുറത്താക്കിയതായി ഈ സ്ഥാപനം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ലഹരിയിടപാടുകള്‍ക്ക് സിനിമ ബന്ധങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു. പാലച്ചുവടിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്ന സംശയവും പോലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്‌ലാറ്റില്‍ പതിവായി എത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് എട്ട് മാസമായി ലഹരിയിടപാടുകള്‍ നടക്കുന്നുണ്ട്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത് ഫ്‌ലാറ്റില്‍ വെച്ചാണെന്നും ആവശ്യക്കാര്‍ അവിടെയെത്തി ലഹരിമരുന്ന് കൈപ്പറ്റിയിരുന്നതായും പിടിയിലായവര്‍ മൊഴി നല്‍കി. സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് റിന്‍സിയെയും ആണ്‍സുഹൃത്ത് യാസര്‍ അറാഫത്തിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. മൂന്ന് മാസമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ റിന്‍സിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്, അന്വേഷണം ഇവരിലേക്കും നീളും. സിനിമയുടെ പ്രമോഷന്‍ ജോലികളിലൂടെ ഉണ്ടാക്കിയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. യാസര്‍ അറാഫത്തിനും ഇടപാടുകളില്‍ സജീവ പങ്കുണ്ടെന്നാണ് വിവരം. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട യൂട്യൂബുകള്‍ക്ക് പുറമെ, ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ഹെഡ്, ഡിജിറ്റല്‍ പി.ആര്‍.ഒ. നിലകളിലും റിന്‍സി മുംതാസ് പ്രവര്‍ത്തിക്കുന്നുണ്ട്.