മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ഒരുക്കിയ കഥയും മറ്റൊരു മകന്‍ അനൂപ് സത്യന്റെ സംവിധാന സഹായവും ചിത്രത്തിന് പ്രത്യേകത നല്‍കുന്നു.
മോഹന്‍ലാലിനും 'പ്രേമലു'വിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സംഗീത് പ്രതാപിനും ഇടയിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകരുടെ കൈയടി നേടുകയാണ്. നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വീഡിയോയിലൂടെ ചിത്രത്തിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച സംഗീത്, ഈ സിനിമ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണെന്ന് വ്യക്തമാക്കി.
''ലാലേട്ടന്റെ കൂടെ തോളോട് ചേര്‍ന്ന് സിനിമയില്‍ മുഴുവന്‍ നടക്കുന്നുണ്ട്. ആദ്യ ദിവസം പേടിച്ചിരുന്നെങ്കിലും രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ നല്ല ബന്ധമായി. രാവിലെ മുതല്‍ രാത്രി വരെ ലാലേട്ടന്റെ കൂടെയായിരുന്നുവെന്നതാണ് പ്രത്യേകത. ഈ സെറ്റ് കുടുംബം പോലെ തോന്നി. ഉച്ചഭക്ഷണ സമയത്ത് എല്ലാവരുടെയും കഥകളും അനുഭവങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞു. അത്തരത്തിലുള്ള നിമിഷങ്ങള്‍ ഇനി ജീവിതത്തില്‍ ലഭിക്കുമോ എന്നും എനിക്ക് അറിയില്ല. ആ നാല്‍പതു ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസങ്ങളാണ്,'' സംഗീത് പറഞ്ഞു.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള കോമഡി രംഗങ്ങളാണ് ഏറെ പ്രാധാന്യമുള്ളത്. ''ലാലേട്ടന്റെയും എന്റെയും കോമ്പിനേഷന്‍ വര്‍ക്ക് ആവണമെന്നായിരുന്നു സത്യന്‍ സാറിന്റെ നിര്‍ദ്ദേശം. സച്ചിനും അമല്‍ ഡേവിസും പോലെ പ്രേക്ഷകര്‍ക്ക് നമ്മുടെ കൂട്ടുകെട്ടും ഇഷ്ടപ്പെടണം,'' എന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.