Latest News

പ്രിയദര്‍ശിനി' ബസിലെ കണ്ടക്ടര്‍ ആകുവാന്‍ മോഹം; കയറുന്ന സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള ഒരു സര്‍പ്രൈസും തരാം; സോഷ്യല്‍മീഡിയയില്‍ വെറൈറ്റി പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്; ചിരിനിറക്കുന്ന കമന്റുകളുമായി സോഷ്യലിടം

Malayalilife
 പ്രിയദര്‍ശിനി' ബസിലെ കണ്ടക്ടര്‍ ആകുവാന്‍ മോഹം; കയറുന്ന സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള ഒരു സര്‍പ്രൈസും തരാം; സോഷ്യല്‍മീഡിയയില്‍ വെറൈറ്റി പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്; ചിരിനിറക്കുന്ന കമന്റുകളുമായി സോഷ്യലിടം

കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലൂടെ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ കഴിഞ്ഞ ജൂണ്‍ 15-നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. 'പ്രിയദര്‍ശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് സംസ്ഥാനവ്യാപകമായി വലിയ സ്വീകാര്യതയാണ് സ്ത്രീ യാത്രക്കാരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിലവില്‍ 'പ്രിയദര്‍ശിനി' എന്ന ബോര്‍ഡ് പതിച്ചിട്ടുള്ള എല്ലാ ഓര്‍ഡിനറി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി വലിയ ചര്‍ച്ചയായി മാറുന്ന പശ്ചാത്തലത്തിലാണ് സിനിമ താരം സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച തികച്ചും രസകരമായൊരു കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. തന്റെ വേറിട്ട ചിന്തകളും പ്രതികരണങ്ങളും കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള താരം ഇത്തവണയും സരസമായ ശൈലിയിലാണ് രംഗത്തെത്തിയിരിക്കുന്നത്. 

കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ ആകാനാണ് തനിക്ക് മോഹമെന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചിരിക്കുന്നത്. താന്‍ അങ്ങനെ കണ്ടക്ടര്‍ ആവുകയാണെങ്കില്‍ ആ ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫ്രീ ടിക്കറ്റ് മാത്രമല്ല, സ്വന്തം വകയായി മധുരമുള്ളൊരു കേക്ക് കൂടി സൗജന്യമായി നല്‍കുമെന്നും താരം പറയുന്നു. ഇത്തരം വേറിട്ട ഓഫറുകളിലൂടെ കൂടുതല്‍ സ്ത്രീ യാത്രക്കാരെ പ്രിയദര്‍ശിനി ബസ്സുകളിലേക്ക് ആകര്‍ഷിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്തോഷ് പണ്ഡിറ്റിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി ആരാധകരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. 

ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ അണ്ണാ..എന്നാണ് പലരും കുറിക്കുന്നത്. പുതിയ സിനിമയിലേക്കുള്ള നായികമാരെ കണ്ടെത്താനുള്ള പ്ലാന്‍ ആണോ?', 'അടുത്ത സിനിമയ്ക്ക് പ്രിയദര്‍ശിനി ബസ് എന്ന് പേരിടാം' എന്നിങ്ങനെ പോകുന്നു ആരാധകരുടെ പരിഹാസ രൂപേണയുള്ള കമന്റുകള്‍. താരം കണ്ടക്ടറാകുന്ന ബസ് ഏത് റൂട്ടിലാണെന്ന് മുന്‍കൂട്ടി പറയണമെന്നും ചിലര്‍ കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. 

 അതേസമയം, പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ തള്ളിക്കയറ്റം കാരണം മറ്റ് യാത്രക്കാര്‍ക്ക് സീറ്റ് കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെന്നും, അതിനാല്‍ ഇത്തരം ബസുകള്‍ 'ലേഡീസ് ഒണ്‍ലി' ആക്കി മാറ്റുന്നതാകും നല്ലതെന്നുമുള്ള ഗൗരവമേറിയ ചര്‍ച്ചകളും കമന്റ് ബോക്‌സില്‍ നടക്കുന്നുണ്ട്. എന്തായാലും സര്‍ക്കാരിന്റെ പുതിയ യാത്രാ ആനുകൂല്യവും അതിന്മേലുള്ള സന്തോഷ് പണ്ഡിറ്റിന്റെ ട്രോള്‍ രൂപേണയുള്ള കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ രീതിയില്‍ വൈറലായി കഴിഞ്ഞു.

santhosh pandit About priyadarshini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES