മലയാളികളുടെ പ്രിയങ്കരനായ യുവതാരം നിവിന്‍ പോളിയും 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടിയ സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുമ്പോള്‍ ആ പ്രതീക്ഷകള്‍ക്ക് ഇരട്ടി മധുരമാണ് ഉണ്ടാവുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ, ഫാന്റസി ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന 'സര്‍വ്വംമായ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് ദിനത്തില്‍, ഡിസംബര്‍ 25-ന്, ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നിരിക്കുകയാണ്. പ്രേക്ഷകര്‍ കാണാന്‍ ഏറെ ആഗ്രഹിച്ച രൂപത്തിലാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിച്ചിരിക്കുന്നതെന്ന സൂചന ടീസര്‍ നല്‍കിയിരുന്നു. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ച നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വംമായ'ക്കുണ്ട്. സ്വാഭാവിക നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന അഖില്‍ സത്യന്റെ സംവിധാനത്തില്‍, ഈ ഹിറ്റ് കോമ്പിനേഷന്‍ തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗൗരവമുള്ള ഭാവത്തില്‍ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ വേഷപ്പകര്‍ച്ചകള്‍ ടീസറില്‍ കണ്ടവര്‍ക്കെല്ലാം ആകാംഷ അടക്കാനാകുന്നുണ്ടായിരുന്നില്ല. ഗ്രാമീണ പശ്ചാത്തലത്തില്‍, സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
?നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്റെ ഈണം, ശരണ്‍ വേലായുധന്റെ ക്യാമറക്കണ്ണുകള്‍, അഖില്‍ സത്യന്‍ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ ഈ സാന്നിധ്യം 'സര്‍വം മായ'യെ ക്രിസ്മസ് റിലീസുകളില്‍ മുന്‍നിരയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ. ഫാന്റസിയുടെ മായക്കാഴ്ചകളും, നര്‍മ്മത്തിന്റെ മനോഹര നിമിഷങ്ങളും ഒരുമിക്കുന്ന 'സര്‍വ്വംമായ' ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബസമേതം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും.
സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍, എക്‌സി.പ്രൊഡ്യൂസര്‍: ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റില്‍സ്: രോഹിത് കെ.എസ്, ലൈന്‍ പ്രൊഡ്യൂസര്‍: വിനോദ് ശേഖര്‍, സഹ സംവിധാനം: ആരണ്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: വന്ദന സൂര്യ, ഡിസൈന്‍സ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ:ഹെയിന്‍സ്.