ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ രാജകുമാരിയാണ് ശ്രേയ ഘോഷാല്‍. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയ ശ്രേയ ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗായിക കൂടിയാണ്. ഒരു പാട്ടിന് 25 ലക്ഷം രൂപ വരെ വാങ്ങുന്ന ശ്രേയ ഘോഷാലിന്റെ ആസ്തി 240 കോടിയാണ്. ഒരുപക്ഷേ ഇതിന്റെ ഇരട്ടിയോളം ഇക്കാലയളവില്‍ അവര്‍ സമ്പാദിച്ചിട്ടുണ്ടാകാം. ശ്രേയയേയും ശ്രേയയുടെ സംഗീത മികവിനേയും കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും ബിസിനസ് ലോകത്തെ സിംഹമാണ് ശ്രേയയുടെ ഭര്‍ത്താവെന്ന് അധികമാര്‍ക്കും അറിയില്ല.
അടുത്തിടെയാണ് ഇരുവരും 10ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ശൈലാദിത്യ ആരാണെന്നുള്ള ചര്‍ച്ചകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമലോകത്ത് ഉടലെടുക്കാറുണ്ട്. യഥാര്‍ഥത്തില്‍ ശ്രേയയുടെ പങ്കാളി എന്നതിനപ്പുറമുള്ള പരിചയപ്പെടുത്തല്‍ ആവശ്യമുള്ള വ്യക്തിയാണ് ശൈലാദിത്യ മുഖോപാധ്യ. ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയിലെ പ്രമുഖ പേരുകളിലൊന്നാണ് ശ്രേയയുടെ ഭര്‍ത്താവായ ശിലാദിത്യ മുഖോപാദ്യായയുടേത്. മൊബൈല്‍ ഫോണ്‍ ആപ്പായ ട്രൂകോളറിന്റെ ബിസിനസ് ഗ്ളോബല്‍ ഹെഡ് ആണ് ഇദ്ദേഹം. 2022 ഏപ്രില്‍ മുതല്‍ ശിലാദിത്യ ഈ പദവിയിലുണ്ട്.
ബിസിനസ് ഡവലപ്‌മെന്റ്, മൊബൈല്‍ ആപ്ളിക്കേഷന്‍, സോഫ്‌റ്റ്വെയര്‍ പ്രോജക്ട് മാനേജ്‌മെന്റ് ആന്റ് ഓട്ടോമേഷന്‍ സിസ്റ്റം എന്നിവയില്‍ മിടുക്കനാണ് ശൈലാദിത്യ. കോളര്‍ ഐഡന്റിഫിക്കേഷനും സ്പാം-ബ്ലോക്കിങ് സേവനങ്ങളും ഉറപ്പ് നല്‍കുന്ന സ്വീഡിഷ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ ട്രൂകോളറിന്റെ ആഗോള തലവനാണ് അദ്ദേഹം. കൂടാതെ ആഗോള ടെക് വ്യവസായത്തിലെ പ്രധാനികളില്‍ ഒരാളെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. ശൈലാദിത്യയുടെ നേതൃത്വത്തിലാണ് ട്രൂകോളര്‍ കമ്പനി ഇന്ത്യയില്‍ വളര്‍ന്നത്. വരുമാനത്തില്‍ 2023 ല്‍ മാത്രം 1406 കോടി രൂപയുടെ വര്‍ധനവ് ട്രൂകോളറിനുണ്ടായി. ഈ നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ശൈലാദിത്യ ആണ്.
മുംബൈ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലാണ് ശൈലാദിത്യ മുഖോപാധ്യ ബിരുദം നേടിയത്. മികച്ച അക്കാദമിക് പശ്ചാത്തലവും നേതൃത്വ ഗുണവും കൊണ്ട് ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹത്തിനു വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനായി. എന്നാല്‍ വ്യാവസായിക മേഖലയില്‍ അങ്ങേയറ്റം മികവ് തെളിയിച്ച ശൈലാദിത്യയെ, ശ്രേയ ഘോഷാലിന്റെ പങ്കാളി എന്നതിനപ്പുറം ഇന്ത്യക്കാര്‍ക്ക് വലിയ പരിചയം ഇല്ല എന്നതാണു യാഥാര്‍ഥ്യം. 185 കോടിയാണ് ശൈലാദിത്യയുടെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്.
കാലിഫോര്‍ണിയന്‍ കമ്പനിയായ ക്ളെവര്‍ ടാപ്പില്‍ വൈസ് പ്രസിഡന്റ് (സെയില്‍) പദവിയില്‍ നിന്നാണ് ട്രൂകോളറിലേക്ക് എത്തിയത്. 2015ല്‍ ആണ് ശ്രേയയും ശിലാദിത്യയും വിവാഹിതരാകുന്നത്. അതിനും 10 വര്‍ഷം മുമ്പ് തന്നെ ഇരുവരും പ്രണയം തുടങ്ങിയിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെ ശിലാദിത്യ ശ്രേയയോട് ഇഷ്ടം വെളിപ്പെടുത്തുകയായിരുന്നു. 2021ല്‍ ഇരുവര്‍ക്കും ദേവ്യാന്‍ എന്ന മകന്‍ ജനിച്ചു. ഗായിക ശ്രേയ ഘോഷാല്‍ പങ്കുവയ്ക്കുന്ന കുടുംബവിശേഷങ്ങളും ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ചര്‍ച്ചയാകുന്നതു പതിവാണ്. ഭര്‍ത്താവിനൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രങ്ങളും ശ്രേയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
1984 മാര്‍ച്ച് 12ന് പശ്ചിമ ബംഗാളിലെ ബ്രഹ്‌മപൂറിലാണ് ശ്രേയ ഘോഷാല്‍ ജനിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു ശ്രേയ വളര്‍ന്നത്. നാല് വയസായപ്പോള്‍ തന്നെ ഹാര്‍മോണിയം വായിച്ച് പാടാന്‍ തുടങ്ങി. ഗുരു മഹേഷ് ചന്ദ്ര ശര്‍മ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പഠിച്ചത്. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ സ രി ഗ മ യിലൂടെയാണ് ശ്രേയ ഘോഷാല്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിനും മുമ്പ് 1998ല്‍ ബന്ധേച്ചി ബീനാ എന്ന പേരിലെ ആല്‍ബം റിലീസ് ആയിരുന്നു. തുടര്‍ന്നാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവദാസിലൂടെ 2002ല്‍ ബോളിവുഡ് പിന്നണിയായി ഗായികയായി അരങ്ങേറിയത്. ആദ്യഗാനത്തിലൂടെ തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. അവിടെ തുടങ്ങുകയായിരുന്നു ശ്രേയ ഘോഷാല്‍ യുഗം.
ഹിന്ദി, ബംഗാളി, അസാമിസ്, ബോജ്പുരി, തെലുങ്ക്, തമിഴ്, ഒഡിയ, ഗുജറാത്തി, കന്നഡ, മറാത്തി, മലയാളം, നേപ്പാളി തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. അമേരിക്കയിലെ ഓഹിയോ സംസ്ഥാനത്തിന്റെ പ്രത്യേക ആദരവും ശ്രേയയ്ക്ക് ലഭിച്ചിട്ടുണ്ട്. ജൂണ്‍ 26 ശ്രേയ ഘോഷല്‍ ദിനമായി അവിടുത്തെ ഗവര്‍ണര്‍ ടെഡ് സ്റ്റിക്ക് ലാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 2012ല്‍ തന്നെ ഫോബ്‌സിലെ പട്ടികയില്‍ ആദ്യ നൂറു പേരുകാരിയായി ശ്രേയ ഘോഷല്‍ ഇടംപിടിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങള്‍ക്ക് പുറമെ, 15 ഫിലിം ഫെയര്‍ അവാര്‍ഡുകളും ഈ ഗായികയ്ക്ക് ലഭിച്ചിട്ടുണ്ട്. 2017 മാര്‍ച്ചില്‍ പുതിയൊരു ചരിത്രം കൂടി ശ്രേയ കുറിച്ചു. മെഴുക് പ്രതിമാ നിര്‍മ്മാണത്തിലെ ലോകപ്രശസ്തരായ മാഡം തുസാഡ്‌സ് ശൃംഖലയുടെ ഡല്‍ഹിയിലെ പ്രശസ്തമായ മ്യൂസിയത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ഗായികയുടെ പ്രതിമ ശ്രേയ ഘോഷാലിന്റേതായും മാറി.