ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് കത്തനാര്‍. അനുഷ്‌ക ഷെട്ടി ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ അനുഷ്‌കയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. അനുഷ്‌കയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തി എന്നും അവരില്‍ ഒരു മോഹന്‍ലാലിനെ കാണാനായി എന്നുമാണ് സിദ്ധു പനയ്ക്കല്‍ കുറിച്ചിരിക്കുന്നത്.
സെറ്റിലെ അനുഷ്‌കയുടെ ലളിതമായ പെരുമാറ്റവും മാന്യതയും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മോഹന്‍ലാല്‍ സിനിമകളിലെത്തുമ്പോള്‍ കാണിക്കാറുള്ള അതേ സ്നേഹവും കുശലാന്വേഷണവുമാണ് അനുഷ്‌കയിലും കണ്ടതെന്ന് സിദ്ധു പനയ്ക്കല്‍ പറയുന്നു. 'ഹോട്ടലില്‍ എത്തുമ്പോള്‍ നമ്മളോട് ലാലേട്ടന്‍ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും സന്തോഷം നല്‍കുന്നതാണ്. കടമറ്റത്ത് കത്തനാരുടെ ഷൂട്ടിങ് സമയത്ത് അനുഷ്‌ക ഷെട്ടിയില്‍ നിന്നും സമാനമായ ഒരു അനുഭവമാണുണ്ടായത്. ഹോട്ടലില്‍ സ്വീകരിക്കാന്‍ നിന്ന ഞങ്ങള്‍ക്ക് അവര്‍ പുഞ്ചിരിയോടെ ഹസ്തദാനം നല്‍കി. ലിഫ്റ്റില്‍ ലഗേജുകള്‍ കാരണം തിരക്കായപ്പോള്‍ ഞങ്ങളെയും ഒപ്പം കയറാന്‍ അവര്‍ നിര്‍ബന്ധിച്ചു,' അദ്ദേഹം ഓര്‍ത്തെടുത്തു.
മുറിയിലെത്തിയ ഉടന്‍ ഫെറേറോ റോഷര്‍ (Ferrero Rocher) ചോക്ലേറ്റ് പാക്കറ്റുകള്‍ സമ്മാനിച്ച ശേഷമാണ് അനുഷ്‌ക സംസാരിച്ചു തുടങ്ങിയത്. സംസാരശൈലി കേട്ട് നാട് തൃശൂരാണോ എന്ന് തിരിച്ചറിഞ്ഞ താരം, ആയുര്‍വേദ ചികിത്സയ്ക്കായി പലപ്പോഴും കേരളത്തില്‍ വരാറുള്ളതിനാല്‍ വിവിധ ജില്ലകളിലെ സംസാരരീതി അറിയാമെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്റെ മകന്‍ അശ്വിന്‍ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ സെറ്റില്‍ വെച്ച് അവനെ അങ്ങോട്ട് ചെന്ന് പരിചയപ്പെടാനും അനുഷ്‌ക തയ്യാറായി.
പുറത്തുനിന്നെത്തുന്ന പല താരങ്ങളും ഔദ്യോഗികമായി മാത്രം ഇടപെടാറുള്ള സ്ഥാനത്താണ് അനുഷ്‌കയില്‍ നിന്ന് ഇത്രയും ലാളിത്യമാര്‍ന്ന പെരുമാറ്റമുണ്ടായതെന്ന് സിദ്ധു പനയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാര്‍' എന്ന ചിത്രത്തില്‍ പ്രഭുദേവയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.