ഗായിക സിത്താര കൃഷ്ണകുമാറിനും ഭര്‍ത്താവ് ഡോ. സജീഷിനും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ നിറഞ്ഞൊഴുകുന്നു. പതിനേഴ് വര്‍ഷത്തെ സഹജീവിതത്തെക്കുറിച്ച് മനോഹരമായ കുറിപ്പോടുകൂടി ഡോ. സജീഷ് തന്റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇരുവരുടെയും മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വിഡിയോയും അദ്ദേഹം പങ്കുവച്ചു. 'ക്രിഞ്ചാക്കാതെ കാര്യം പറഞ്ഞേക്കാം' എന്ന ആമുഖത്തോടെ സിത്താരയുടെ പുതിയ ഗാനമായ 'നടുപ്പേജ്' പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഡോ.സജീഷിന്റെ കുറിപ്പ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'പുസ്തകപ്രകാശനം കഴിഞ്ഞിട്ട് പതിനേഴ് വര്‍ഷങ്ങള്‍ കഴിയുന്നു! താളുകളനവധി നാളുകളനവധി താനേ മാറിമറിഞ്ഞു...താളുമറിഞ്ഞതാളുമറിഞ്ഞ് തോനേ പോയി മറഞ്ഞു. മറിച്ചാലും പറിച്ചാലും തീരാത്ത പേജുകള്‍ നിറഞ്ഞ ദാമ്പത്യപുസ്തകം. നടുപ്പേജ് കീറാനുള്ളതാണെന്ന് കവി; പക്ഷെ പുറംചട്ട പൊതിഞ്ഞു സൂക്ഷിക്കാം. ജീവിതം ഒറ്റപ്പതിപ്പുള്ള പുസ്തകമെന്ന് മഹാകവി; ഓരോ പേജും മറിച്ചു നോക്കിവെക്കുവാന്‍ മാത്രം നിയോഗം. പഴയതാളൊക്കെ മറഞ്ഞുപോയെന്നേക്കുമെങ്കിലും ചിത്രങ്ങളായ് കുറിമാനങ്ങളായ് ചിലതെത്രയും ഭദ്രം കരുതുന്നിതോര്‍മ്മകള്‍! കൂടുതല്‍ ക്രിഞ്ചാക്കാതെ കാര്യം പറഞ്ഞേക്കാം.ആനിവേഴ്‌സറി ആശംസകള്‍. ചുമ്മാ ഹാപ്പിയായിരിക്ക്, ബാക്കിയൊക്കെ വരുമ്പോലെ വരട്ടെ. ഒരു സീനുമില്ല ഗയ്സ്! വേറെ വൈബ് നമ്മക്ക് സെറ്റാക്കാം.'
സുഹൃത്തുക്കളും ആരാധകരും ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നു. 'പതിനേഴു തികഞ്ഞ കമ്പനിക്ക് സ്‌നേഹാഭിവാദ്യങ്ങള്‍,' എന്നയിരുന്നു ഇരുവരുടെ പ്രിയസുഹൃത്തും ഗായകനുമായ മിഥുന്‍ ജയരാജ് ആശംസയായി കുറിച്ചത്.