രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍. ചിത്രത്തില്‍ പ്രധാന പ്രതിനായക വേഷത്തിലെത്തിയ സൗബിന്‍, താന്‍ അവതരിപ്പിച്ച 'ദയാല്‍' എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ ഏറെ സന്തുഷ്ടനാണ്.
സോഷ്യല്‍ മീഡിയയില്‍ സൗബിന്‍ പങ്കുവെച്ച ചിത്രങ്ങളില്‍, രജനികാന്തിനും ആമിര്‍ ഖാനും ഒപ്പം നില്‍ക്കുന്നതും, കൂടാതെ ഉപേന്ദ്ര, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവരോടൊപ്പമുള്ളതും ഉള്‍പ്പെടുന്നു. 'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറമാണ്. നിങ്ങളുടെ സ്‌നേഹത്തിനും നല്ല വാക്കുകള്‍ക്കും നന്ദി. ദയാല്‍ എന്നും എനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും.
കൂലി എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും,' സൗബിന്‍ കുറിച്ചു. 'കൂലി' ചിത്രത്തിലെ 'മോണിക്ക' എന്ന ഗാനം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ പൂജാ ഹെഗ്ഡെയ്ക്കൊപ്പമുള്ള സൗബിന്റെ നൃത്ത രംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ നാഗാര്‍ജുന, രചിത റാം, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവരും അണിനിരന്നിരുന്നു.
ആഗോളതലത്തില്‍ 450 കോടിയിലധികം രൂപ നേടിയ 'കൂലി', ഇന്ത്യയില്‍ നിന്ന് മാത്രം 235 കോടി രൂപ കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താര പദവികള്‍ക്കപ്പുറം സഹപ്രവര്‍ത്തക രോടൊപ്പമുള്ള സൗബിന്റെ ഈ സൗഹൃദ നിമിഷങ്ങള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.