പാ രഞ്ജിത് ചിത്രം വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ എസ് മോഹന്‍രാജ് മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഘട്ടന കലാകാരന്‍മാരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകളേറെയും. ഇതിന് പിന്നാലെ ബോളിവുഡില്‍ അക്ഷയ് കുമാര്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മോഹന്‍രാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
'മോഹന്‍രാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോള്‍ ആദ്യം ഫോണ്‍ ചെയ്തത് നടന്‍ ആര്യയാണ്. വിജയ് സാര്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹന്‍രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ടിആര്‍ സാര്‍ ഫോണ്‍ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹന്‍രാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജര്‍ അറിയിച്ചിട്ടുണ്ട്,' സില്‍വ പറഞ്ഞു.
പാ രഞ്ജിത്ത്-ആര്യ സിനിമയിലെ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. സിനിമാ മേഖലയിലെ നിരവധി പേര്‍ ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരുന്നു.