വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംപ്രേഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് സണ്‍ ടിവി നെറ്റ്വര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. നടി നല്‍കിയ മാനനഷ്ടക്കേസില്‍ 2015-ല്‍ വിചാരണ കോടതി സുകന്യക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സണ്‍ ടിവി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു വിധി പ്രഖ്യാപിച്ചത്.
നക്കീരന്‍ മാഗസിന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖം 1996 ഏപ്രില്‍ 17-നാണ് 'നേരുക്കുനേര്‍' എന്ന പരിപാടിയിലൂടെ സണ്‍ ടിവി സംപ്രേഷണം ചെയ്തത്. ഈ അഭിമുഖത്തില്‍ വീരപ്പന്‍ നടി സുകന്യക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനുമായി സുകന്യക്ക് ബന്ധമുണ്ടെന്നായിരുന്നു വീരപ്പന്റെ ആരോപണം. ആരോപണവിധേയമായ ആ ബന്ധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി 1996-ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാഷ്ട്രീയ വിലപേശലിനായി ഉപയോഗിച്ചുവെന്ന വീരപ്പന്റെ ആരോപണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുകന്യ കോടതിയെ സമീപിച്ചത്.
ഈ വ്യാജവും മോശവുമായ ആരോപണങ്ങള്‍ തന്റെ സല്‍പ്പേരിനെയും സിനിമാ തൊഴിലിനെയും വ്യക്തിജീവിതത്തെയും കഠിനമായി ബാധിച്ചുവെന്നും വലിയ മാനസികാഘാതമുണ്ടാക്കിയെന്നും താരം പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നക്കീരന്‍ മാഗസിന്‍ തയ്യാറാക്കിയ അഭിമുഖം തങ്ങള്‍ സംപ്രേഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും, അതിലെ ഉള്ളടക്കത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു സണ്‍ ടിവിയുടെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഒരു പരിപാടി സ്വന്തം ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് അത് എഡിറ്റ് ചെയ്യാനുള്ള പൂര്‍ണ്ണമായ അധികാരം സണ്‍ ടിവിക്ക് ഉണ്ടായിരുന്നുവെന്നും, അപകീര്‍ത്തികരമായ ഭാഗങ്ങള്‍ എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്നും കോടതി ചോദിച്ചു.
ചാനലിന് കൃത്യമായ എഡിറ്റോറിയല്‍ നിയന്ത്രണമുള്ളതിനാല്‍ ഇത്തരം ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണ കോടതി വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി പൂര്‍ണ്ണമായി ശരിവെച്ചിരിക്കുന്നത്. ഇതിന് പുറമെ, വീരപ്പന്റെ അഭിമുഖത്തിലെ സുകന്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ഭാവിയില്‍ ഒരിടത്തും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലോ അച്ചടി മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കരുതെന്ന് കാണിച്ച് സണ്‍ ടിവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി സ്ഥിരം വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.