നടി ശ്വേത മേനോനെതിരെയുള്ള പൊലീസ് പരാതിയില്‍ ദുരൂഹതയുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഇതൊരു ക്വട്ടേഷനാണെന്ന് എല്ലാവര്‍ക്കും തുടക്കം മുതല്‍ അറിയാമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. പല രീതിയില്‍ ഈ രണ്ട് സ്ത്രീകളെ ഇവര്‍ അപമാനിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഏറ്റവും അവസാനമായിട്ട് സമൂഹത്തിന് മുന്‍പില്‍ എങ്ങനെയൊക്കെ ഒരു സ്ത്രീയെ അവഹേളിക്കാന്‍ സാധിക്കുമോ അതിന്റെ പരിധി വിട്ടാണ് ഇവര്‍ പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഇതിങ്ങനെ പോകാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. അതായത് നേതൃസ്ഥാനത്ത് സ്ത്രീ വരണ്ട, ഞങ്ങള്‍ മുകളിലിരിക്കും, നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ റാന്‍ മൂളിക്കൊണ്ടിരിക്കേണ്ടവരാണ് എന്നവര്‍ പറയുകയും അതിന് റാന്‍ മൂളുന്ന കുറച്ചു സ്ത്രീകളെയും നമ്മള്‍ രണ്ടുമൂന്നു ദിവസമായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള വില്ലന്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീകളെയാണ് നമ്മള്‍ ഇവിടെ കണ്ടുകൊണ്ടിരുന്നത്. ആരുടെ ക്വട്ടേഷനാണെന്ന് ഞാനാ സംഘടനയില്‍ അംഗമല്ലാത്തതുകൊണ്ട് തന്നെ പേരെടുത്ത് പറയുന്നില്ല. പക്ഷെ ഇതാരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം.
എന്റെ കയ്യില്‍ വ്യക്തമായ തെളിവില്ലാതെ പേര് പറയാന്‍ പറ്റില്ല. ഇതിന് പിന്നിലുള്ളവരാരും പുറത്തേക്ക് വന്നിട്ടില്ല. സ്ത്രീകള്‍ തമ്മില്‍തല്ലട്ടെ എന്ന് പറഞ്ഞ് കണ്ട് ആസ്വദിക്കുകയാണ്. അത് ഏല്‍ക്കുന്നില്ല, ഈ രണ്ട് സ്ത്രീകള്‍ തളരുന്നില്ലെന്ന് മനസിലായതോടു കൂടി എവിടെ നിന്നോ ഒരാളെ കെട്ടിയിറക്കി ഈ മഞ്ഞ വീഡിയോ മാത്രം കാണുന്ന ഒരാളെ കെട്ടിയിറക്കിയിരിക്കുകയാണ്. അയാളിത് കണ്ടുവെന്ന് പറയുന്നു. ആര്‍ക്കും ഓപ്പണ്‍ ചെയ്യാന്‍ പറ്റാത്ത സൈറ്റ് ഇയാളെങ്ങനെ ഓപ്പണ്‍ ചെയ്തു, ഇയാളെങ്ങനെ കണ്ടു. ഈ മഞ്ഞ വീഡിയോ മുഴുവനും കോടതി ഇരുന്ന് കാണണമെന്നാണോ? അതും കോടതി കാണും എന്നാണോ? ഭാഗ്യലക്ഷ്മി ചോദിച്ചു.
ഒരു എഫ്ഐആര്‍ ഇടുന്നതിന് മുന്‍പ് അവള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണ്ടേ? ഒരു മണിക്കൂറിനകത്ത് എഫ്ഐആര്‍ ഇടുന്നത് ഞാന്‍ ആദ്യമായിട്ട് കാണുകയാണ്. നമ്മളൊക്കെ എത്രയോ പരാതി കൊടുത്തതാണ്. അന്ന് എന്റെ വിഷയത്തിലൊക്കെ പരാതി കൊടുത്ത് എത്ര ദിവസം കഴിഞ്ഞിട്ടാണ് എഫ്ഐആറിട്ടത്. ആരുടെ ക്വട്ടേഷനാണെന്ന് ട്രാക്ക് പിടിച്ച് പോയോ പറ്റൂ. ഈ സംഘടനക്കുള്ളില്‍ ക്വട്ടേഷന്‍ കൊടുക്കുക എന്നത് അവര്‍ സ്ഥിരം ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.
ശ്വേതയ്ക്ക് പിന്തുണയുമായി സാബുമോന്‍
ഇന്നു ഞാന്‍ നാളെ നീ... ഇന്ന് ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു, ശ്വേത മേനോന്റെ പേരില്‍ ഒരു എഫ് ഐ ആര്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകള്‍ ആണു ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഒരു സ്വകാര്യ വ്യക്തി സമര്‍പ്പിച്ച പെറ്റീഷന്റെ പിന്നാലെയാണ് ഈ ഉത്തരവ്.
കോടതിയില്‍ കൊടുത്ത പെറ്റീഷന്‍ ഞാന്‍ വായിച്ചു. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള സെക്‌സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനില്‍ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവന്‍ ചരിത്രവും ഞാന്‍ പരിശോധിച്ചു. ഇതു ഒരു വ്യാജ ആരോപണം ആണെന്നത് പകല്‍ പോലെ വ്യക്തം.
എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശ്ശബ്ദത ആണ്! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനു എതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവര്‍ത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാന്‍ അല്‍പ്പം മാനുഷിക പരിഗണയുണ്ടായാല്‍ മതി. സോഷ്യല്‍ മീഡിയകളില്‍ ഉള്ള സാധാരണ മനുഷ്യര്‍ പോലും അവര്‍ക്കായി സംസാരിക്കുമ്പോള്‍ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല.
അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനും അപ്പുറം സിനിമ പ്രവര്‍ത്തകരും സാധാരണ മനുഷ്യര്‍ ആണ്. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്‌നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവര്‍ ബാക്കി ഉണ്ടെങ്കില്‍, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളില്‍ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ നിശ്ശബ്ദതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാന്‍ നാളെ നീ.' സാബുമോന്‍ കുറിച്ചു.
അതേസമയം, തനിക്കെതിരേ എടുത്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി നടപടികളെന്ന് ശ്വേത ഹര്‍ജിയില്‍ പറയുന്നു. രാജ്യത്ത് സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലാണ് താന്‍ അഭിനയിച്ചതെന്നും അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നുവെന്നും നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹര്‍ജി നല്‍കിയിരിക്കുന്നത്.
ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ഇര്‍ഷാദ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. സെന്‍സര്‍ഷിപ്പ് ലഭിച്ച സിനിമകളില്‍ അഭിനയിച്ചതിന് അഭിനേതാക്കളെ തേടി കേസ് എത്തുന്നതിനെ ആക്ഷേപഹാസ്യരൂപേണ നോക്കികാണുകയാണ് ഇര്‍ഷാദ്. പാഠം ഒന്ന് ഒരു വിലാപത്തില്‍ അഭിനയിച്ചതിന് ഇനി തനിക്കും മീര ജാസ്മിനുമൊക്കെ കേസിനെ നേരിടേണ്ടി വരുമോ എന്നാണ് ഇര്‍ഷാദ് ചോദിക്കുന്നത്.
അറിഞ്ഞിടത്തോളം മീര ജാസ്മിന്‍ ഇപ്പോള്‍ അമേരിക്കയില്‍ ആണെന്ന് കേള്‍ക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല!
ഞാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില്‍ പോണോ?,' എന്നാണ് ഇര്‍ഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്വേതമേനോന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഹാഷ് ടാഗും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. StandWithSwethaMenon, #ProtectArtistsRights, #MisuseOfLaw, Censorship, ArtisticFreedom തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ്.
ബ്ലെസിയുടെ വാക്കുകള്‍:
പോലീസ് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ കേസെടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന പ്രയാസകരമായ കാര്യം. ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം കേസ് പോലീസ് സ്റ്റേഷനില്‍ വന്നാല്‍ സ്വീകരിക്കാം, പക്ഷേ അതിന്റെ ഒരു നിജസ്ഥിതി എന്താണെന്ന് മനസ്സിലാക്കുന്നില്ല. സെന്‍സറിങ്ങിനു വിധേയമായ സിനിമയാണ് കളിമണ്ണ് അക്കാലത്തില്ലാത്ത പുതിയ നഗ്നത എവിടെനിന്ന് വന്നു എന്ന് അറിയില്ല സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ശ്വേതാ മേനോനെതിരെ കേസെടുത്തത് വേദനാജനകമാണ്.