ദേശീയ അവാര്‍ഡ് ജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ''തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി''രണ്ട് പ്രധാന റഷ്യന്‍ നഗരങ്ങളായ കസാനിലെയും യാള്‍ട്ടയിലെയും ചലച്ചിത്ര മേളകളില്‍ ഒരേസമയം പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി.
അഞ്ജന ടാക്കീസിന്റെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ചിത്രം ''തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'' ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ സജിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ റഷ്യയിലെ രണ്ട് പ്രധാന നഗരങ്ങളായ യാല്‍ട്ടയിലും കസാനിലും ഏകദേശം ഒരേ സമയം പ്രത്യേക പ്രദര്‍ശനങ്ങളോടെയുള്ള ജൈത്രയാത്ര തുടരുന്നു.
ഒരു ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഇത് അപൂര്‍വമായ നേട്ടമാണ്. ചിത്രത്തിന് ഒരേ രാജ്യത്തിനുള്ളില്‍ രണ്ട് അഭിമാനകരമായ വേദികളിലാണ് പ്രദര്‍ശനത്തിന് അവസരം ലഭിച്ചത് - ഒന്ന് IX യാല്‍റ്റ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (യുറേഷ്യന്‍ ബ്രിഡ്ജ്) ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലും, പിന്നീട് കസാനില്‍ നടന്ന TIME: ടാട്ടാര്‍സ്ഥാന്‍-ഇന്ത്യ മ്യൂച്വല്‍ എഫിഷ്യന്‍സി ബിസിനസ്സ് ഫോറത്തിന്റെ ഭാഗമായും. ഇരു സ്ഥലങ്ങളിലെയും പ്രദര്‍ശനങ്ങള്‍ നിരൂപകരില്‍ നിന്നും പ്രതിനിധികളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച കയ്യടിയും പ്രശംസയും നേടി.
''ഇന്ത്യയുടെ ഏകദേശം അഞ്ചിരട്ടി വലിപ്പമുള്ള റഷ്യ പോലുള്ള ഒരു രാജ്യത്ത് ഒരേസമയം രണ്ട് നഗരങ്ങളില്‍ 'തിയേറ്റര്‍' പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത് വളരെ അപൂര്‍വമായതും സന്തോഷം നല്‍കുന്നതുമായ കാര്യമാണ്' എന്ന് സംവിധായകന്‍ സജിന്‍ ബാബു പ്രതികരിച്ചു. 'മലയാള സിനിമയ്ക്ക് അതിര്‍ത്തികള്‍ കടന്ന് സ്വീകാര്യത ലഭിക്കുന്നത് എല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
TIME ഫോറത്തിന്റെ ഭാഗമായി, പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ ടാട്ടാര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് ആതിഥേയത്വം വഹിച്ചു. തുടര്‍ന്ന് 'ആധുനിക ഇന്ത്യന്‍ സിനിമയിലെ നിലവിലെ പ്രവണതകള്‍' എന്നതിനെക്കുറിച്ചുള്ള അവതരണം, കലാപരമായ കൈമാറ്റവും സംഭാഷണവും ആഘോഷിക്കുന്ന ഔദ്യോഗിക വിരുന്നും നടന്നു.കസാനില്‍ നടന്ന സിനിമയുടെ പ്രദര്‍ശനത്തിലും സജിന്‍ ബാബു സന്നിഹിതനായിരുന്നു. ചിത്രത്തിന്റെ ക്രിയാത്മകമായ സമീപനത്തെക്കുറിച്ചും, മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിന്റെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രേക്ഷകരുമായുള്ള ചോദ്യോത്തര വേളയില്‍ സംവദിച്ചു.
അഞ്ജന ടാക്കീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ് നിര്‍മ്മിച്ച് സന്തോഷ് കോട്ടായി സഹനിര്‍മ്മാതാവായ ഈ ചിത്രത്തില്‍ റിമ കല്ലിങ്കലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 48-ാമത് കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ്, പ്രത്യേക ജൂറി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങള്‍ ഇതിനകം 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'ക്ക് ലഭിച്ചിട്ടുണ്ട്. TIME ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സിനിവി-സിഎച്ച്ഡി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബര്‍ 16-ന് പ്രദര്‍ശനത്തിനെത്തും.
പി ആര്‍ ഒ-എ എസ് ദിനേശ്.