റോക്കിംഗ് സ്റ്റാര്‍ യഷിന്റെ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്സി'ന്റെ തമിഴ്നാട് വിതരണാവകാശം 63 കോടി രൂപയുടെ വമ്പിച്ച അഡ്വാന്‍സ് തുകയ്ക്ക് (കമ്മീഷന്‍ അടിസ്ഥാനത്തില്‍) കൈമാറി. അടുത്ത കാലത്ത് ഈ മേഖലയില്‍ നടന്ന ഏറ്റവും വലിയ കരാറുകളില്‍ ഒന്നാണിത്. ചിത്രത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ അടിവരയിടുന്ന ഈ ഇടപാട്, തമിഴ്നാട്ടിലെ വരാനിരിക്കുന്ന ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി ടോക്‌സിക്കിനെ മാറ്റുന്നു.
പരമാവധി തീയറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നതിനായി മള്‍ട്ടി-ഡിസ്ട്രിബ്യൂട്ടര്‍ സ്ട്രാറ്റജിയാണ് തമിഴ്നാട്ടിലുടനീളം സ്വീകരിച്ചിരിക്കുന്നത്. ചെന്നൈ സിറ്റിയുടെ വിതരണം സ്വരൂപ് റെഡ്ഡിയുടെ കീഴിലുള്ള തിങ്ക് സ്റ്റുഡിയോസും, ചെങ്കല്‍പേട്ട് മേഖല ട്രൈഡന്റ് രവിയുടെ നേതൃത്വത്തിലുള്ള വൈറ്റ് നൈറ്റ്സും നിര്‍വഹിക്കും. കോയമ്പത്തൂര്‍, നോര്‍ത്ത് - സൗത്ത് ആര്‍ക്കോട്ട്, തിരുനെല്‍വേലി, കന്യാകുമാരി മേഖലകളുടെ മേല്‍നോട്ടം എസ്. പിക്ചര്‍ ശ്രീനിവാസന്‍ വഹിക്കും. മധുര & രാംനാട്, തൃശ്ശിനാപ്പള്ളി & തഞ്ചാവൂര്‍, സേലം എന്നീ പ്രധാന സര്‍ക്യൂട്ടുകള്‍ 5 സ്റ്റാര്‍ സെന്തില്‍ കൈകാര്യം ചെയ്യും. സിംഗിള്‍ സ്‌ക്രീനുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ഒരുപോലെ മികച്ച പ്രദര്‍ശനം ഉറപ്പാക്കാനാണ് ഈ വിതരണ ശൃംഖല രൂപീകരിച്ചിരിക്കുന്നത്.
ഈ സഹകരണത്തിലുള്ള ആവേശം പങ്കുവെച്ചുകൊണ്ട് തമിഴ്നാട്ടിലെ വിതരണ പങ്കാളികള്‍ പറഞ്ഞു, 'സമീപകാലത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ടോക്‌സിക്. തമിഴ്നാട്ടില്‍ ഈ ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹം അവിശ്വസനീയമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടുത്തെ പ്രേക്ഷകര്‍ യഷിനെ നെഞ്ചിലേറ്റിയ രീതി സവിശേഷമാണ്. ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഇത് ഞങ്ങള്‍ക്ക് വെറുമൊരു വലിയ റിലീസ് മാത്രമല്ല, ഇന്ത്യന്‍ സിനിമ ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവുമായി സഹകരിക്കാന്‍ ലഭിച്ച ആവേശകരമായ നിമിഷം കൂടിയാണ്.'
കെ.ജി.എഫ്: ചാപ്റ്റര്‍ 2-ന്റെ വന്‍ വിജയവും തമിഴ്നാട്ടില്‍ യഷിനുള്ള ജനപ്രീതിയുമാണ് ഇത്രയും വലിയൊരു കരാറിന് പിന്നിലെന്ന് വ്യാപാര വിദഗ്ധര്‍ വിലയിരുത്തുന്നു. വര്‍ഷങ്ങളായി തമിഴ് പ്രേക്ഷകര്‍ യഷിന്റെ സ്‌ക്രീന്‍ പ്രസന്‍സിനെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും സ്വന്തം എന്നപോലെയാണ് സ്വീകരിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ കടന്നുള്ള ഈ സ്‌നേഹം തീയറ്റര്‍ ചിത്രത്തിന്റെ വിപണിയില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
63 കോടി രൂപയുടെ അഡ്വാന്‍സ് കരാറും ശക്തമായ വിതരണ ശൃംഖലയും ഉള്ളതിനാല്‍, ടോക്‌സിക് തമിഴ്നാട്ടിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കുമെന്ന് ഉറപ്പാണ്.
യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥയെഴുതി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്സ്' കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2026 മാര്‍ച്ച് 19-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതരിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.