മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് വീണ നായര്‍. നടി, നര്‍ത്തകി എന്നി മേഖലകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ മാത്രം ഒതുങ്ങാതെ ടെലിവിഷന്‍ സീരിയലുകളിലൂടെയും വീണ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് ശേഷമാണു വീണയുടെ വ്യക്തി ജീവിതം പ്രേക്ഷരുടെ മുന്നിലേക്കെത്തിയത്. വില്ലത്തിയായും കോമഡി നടിയായും പ്രേക്ഷകരെ ചിരിപ്പിക്കുകയൂം കരയിപ്പിക്കുകയും ചെയ്യിച്ച നടിയുടെ ജീവിതം സിനിമ പോലെ അത്ര എളുപ്പമല്ലെന്ന് തുറന്ന് കാണിക്കാന്‍ ഒരു റിയാലിറ്റി ഷോ വേണ്ടിവന്നു. ജീവിതത്തിലെ പല ഘട്ടങ്ങളിലും പൊരുതി ജയിച്ച വീണ ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് മുന്നില്‍ മറ്റൊരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വീണ പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഒരു പങ്കാളിയെ എനിക്കും വേണം. അങ്ങനൊരാള്‍ വേണമെന്നത് ആവശ്യമാണ്. അന്നും ഇന്നും ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നാളത്തേക്ക് എന്നല്ല. ടൈം എടുത്ത് ആലോചിച്ച് അങ്ങനൊരാള്‍ വന്നാല്‍ വിവാഹം ഉണ്ടാകും. ഷൂട്ടും ടെന്‍ഷനുമെല്ലാം കഴിഞ്ഞ് വരുമ്പോള്‍ എടി പോട്ടെയെന്ന് പറഞ്ഞ് കെട്ടിപിടിച്ച് സമാധാനിപ്പിക്കുന്ന എന്റെ അച്ഛനെപ്പോലെ ഒരാളെ കണ്ട് മുട്ടിയാല്‍ വിവാഹം ഉണ്ടാകും. എന്റെ അമ്മയെ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നയാളാണ് അച്ഛന്‍. അങ്ങനൊരാളെ ഇതുവരെ കണ്ടുവെച്ചിട്ടില്ല. വിവാഹം കഴിക്കണം. അച്ഛനും അമ്മയും ഒന്നുമില്ലാത്തതുകൊണ്ട് നമ്മളെ വിളിച്ച് അന്വേഷിക്കാന്‍ ഒരാള്‍ വേണമെന്നും വീണ പറഞ്ഞു.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായി നില്‍ക്കുന്ന വീണ നായര്‍ അടുത്തിടെ മുതല്‍ പ്രൊഡക്ഷനിലേക്കും കാലെടുത്ത് വെച്ച് കഴിഞ്ഞു. വെള്ളിമൂങ്ങയ്ക്കുശേഷമാണ് അഭിനേത്രി എന്ന രീതിയില്‍ വീണയുടെ തലവര തെളിഞ്ഞത്. പ്രൊഫഷണല്‍ ലൈഫ് വിജയകരമായി മുന്നോട്ട് പോകുമ്പോഴും വ്യക്തി ജീവിതത്തില്‍ നിരവധി നഷ്ടങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയില്‍ വീണയ്ക്കുണ്ടായി. അതില്‍ പ്രധാനപ്പെട്ടതായിരുന്നു വിവാഹമോചനവും ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ മൂലം ഉണ്ടായ വിഷമങ്ങളും.
2014ലായിരുന്നു വീണയും അമനും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ശേഷം തങ്ങള്‍ ഒരുമിച്ചല്ലെന്നും വീണ നായര്‍ സ്ഥിരീകരിച്ചു. എന്നാല്‍ നിയമപരമായി തങ്ങള്‍ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വര്‍ഷങ്ങളായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പിരിയുന്നത്. താന്‍ ജീവിതത്തില്‍ സന്തോഷവതിയാണെന്നും, മകന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറി വളരുമെന്നും വീണ പറഞ്ഞിരുന്നു.
ബിഗ്‌ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും വീണ നിഷേധിച്ചു. ''ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകള്‍കൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്റെയും മഞ്ജു പത്രോസിന്റെയുമൊക്കെ കുടുംബം തകര്‍ന്നുവെന്ന് പല കമന്റുകളും കണ്ടിരുന്നു. അതങ്ങനല്ല.''വീണയുടെ വാക്കുകള്‍.
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് വീണ നായര്‍. പിന്നീട് ഒരു ഹാസ്യനടി എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമകളിലും വീണ സജീവമായി. വെള്ളിമൂങ്ങയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണ മത്സരിച്ചിരുന്നു. മമ്മൂട്ടിഗൗതം മേനോന്‍ ചിത്രമായ ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ് എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.