ദളപതി വിജയ്യുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ ജന്മദിനമാണിന്ന്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള താരത്തിന്റെ കന്നിയങ്കം തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തെത്തന്നെ തിരുത്തിയെഴുതുന്നതായിരുന്നു. സിനിമയോട് വിടപറഞ്ഞ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ആരാധകര്‍ക്ക് ചെറിയ നിരാശയുണ്ടായിരുന്നെങ്കിലും, തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ആ വേദനകളെല്ലാം സന്തോഷമാക്കി മാറ്റി.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പിതാവ് കണ്ട സ്വപ്നമാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലൂടെ വിജയ് സഫലമാക്കിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പിതാവിനോട്, 'ഞാന്‍ നിങ്ങളുടെ സ്വപ്നം സഫലമാക്കിയില്ലേ?' എന്ന് വിജയ് ചോദിച്ചുവെന്നും, അദ്ദേഹം അത് തലകുലുക്കി സമ്മതിച്ചു എന്നും അമ്മ ശോഭ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു. 'രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പലരും ആഗ്രഹിച്ച് പരാജയപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ സ്വപ്നം കണ്ടവര്‍ക്ക് പലര്‍ക്കും അതിന് സാധിച്ചിരുന്നില്ല. എന്നാല്‍, വിജയ്ക്കുള്ള ജനപിന്തുണയും ആരാധകരുടെ സ്‌നേഹവും ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി,' ശോഭ പറയുന്നു. വിജയ് രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ കുടുംബത്തെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാല്‍, സിനിമയില്‍ തുടക്കകാലത്ത് നേരിട്ട അതേ വിമര്‍ശനങ്ങളെപ്പോലെ ഇതും അവഗണിച്ചാണ് അവന്‍ മുന്നോട്ട് പോയത്.
വിമര്‍ശനങ്ങളെ എല്ലാം പോസിറ്റീവായി കണ്ടതും മൗനം പാലിച്ച് തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് അവനെ വിജയത്തിലേക്ക് നയിച്ചതെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. സിനിമയും രാഷ്ട്രീയവും ഒരേസമയം കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും, രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പൂര്‍ണ്ണമായും അതില്‍ മാത്രമായിരിക്കും ശ്രദ്ധയെന്ന കാര്യത്തില്‍ വിജയ്ക്ക് തുടക്കം മുതലേ വ്യക്തതയുണ്ടായിരുന്നുവെന്നും ശോഭ വ്യക്തമാക്കി.