മക്കള്‍ സിനിമയായി മലയാള സിനിമ മാറിക്കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പര്‍താരങ്ങളുടെ മക്കളെല്ലാം തന്നെ സിനിമയില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴില്‍ നമ്പര്‍ വണ്‍ നായികയാണ്. പ്രിയദര്‍ശന്റെ മകളും സിനിമാരംഗത്ത് എത്തിക്കഴിഞ്ഞു. കല്‍പനയുടെ മകള്‍ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. മറ്റ് നടന്‍മാരുടെയും മക്കളുടെ ആഗ്രഹം സിനിമ തന്നെയാണ്. ഈ അവസരത്തിലാണ് കീര്‍ത്തി സുരേഷിന്റെയും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെയും കളിക്കൂട്ടുകാരിയായ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നത്. ഇതിന് മോഹന്‍ലാല്‍ മുന്‍പ് മറുപടി നല്‍കിയിരുന്നു.
മകള്‍ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഒരു മാധ്യമത്തിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്. മകന്‍ സിനിമയിലുണ്ടല്ലോ എന്ന മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്. അതുപോരെ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ അവളുടെ ഇഷ്ടം സിനിമയല്ല തീയറ്റര്‍ ആണെന്നും നടന്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ വിസ്മയ യുഎസില്‍ തീയറ്ററിനെ കുറിച്ച് പഠിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രണവ് അഭിനയമാണെങ്കില്‍ വിസ്മയ വരകളുടെ ലോകത്താണ് എത്തിയിരിക്കുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവര്‍ പേജ് വിസ്മയ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും വിസ്മയ കുറിച്ചു. എഴുത്തിന്റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് താരപുത്രിയുടെ ആഗ്രഹമെന്നാണ് സൂചന.