യൂട്യൂബ് ലൈവിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ 'തൊപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആള്‍ജാമ്യവും ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പരാതിക്കാരിയെ നേരിട്ട് ലക്ഷ്യമിട്ട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായി പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഹര്‍ജിക്കാരന്‍ ഇരയ്‌ക്കെതിരെ ലൈംഗികാധിക്ഷേപമുള്ള പരാമര്‍ശങ്ങളോ അശ്ലീല വാക്കുകളോ നേരിട്ട് ഉപയോഗിച്ചതായി കേസിലെ വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നില്ല. അപേക്ഷകനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോള്‍, മുഹമ്മദ് നിഹാദിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. ഇക്കാരണങ്ങളാലാണ് ഹര്‍ജിക്കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
കഴിഞ്ഞ ജൂണ്‍ 10ന് നിഹാദ് തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ ഏകദേശം നാല് മണിക്കൂര്‍ നീണ്ട ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേരി സ്വദേശിനിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുകയും അധിക്ഷേപകരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
കേസില്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് നിഹാദ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജാമ്യത്തിലിറങ്ങിയ ശേഷം സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ അന്വേഷണത്തെ തടസ്സപ്പെടുത്താനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലും നിഹാദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെ നിഹാദ് ഒളിവില്‍ പോയതായാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു.