ഇന്നത്തെ കാലത്ത് വീടുകളിലെ അലങ്കാരത്തിന്റെ ഭാഗമായാണ് ബുദ്ധപ്രതിമകള്‍ ഉപയോഗിക്കുന്നത്. വീടിന് ശാന്തതയും മനസ്സിന് സമാധാനവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് ഇതിന് ജനപ്രീതി. എന്നാല്‍ വാസ്തുവും ഫെങ്ഷുയിയും പറയുന്നതനുസരിച്ച് ബുദ്ധപ്രതിമ ശരിയായ സ്ഥാനത്ത് സ്ഥാപിക്കുന്നത് വളരെ പ്രധാനമാണ്.
പ്രവേശന കവാടം / സിറ്റൗട്ട്
വീട്ടില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള ആദ്യ സ്വാഗതം സ്ഥലമാണ് സിറ്റൗട്ട്. ഇവിടെ അനുഗ്രഹം ചൊരിയുന്ന രൂപത്തിലുള്ള ബുദ്ധന്റെ പ്രതിമ സ്ഥാപിക്കുക നല്ലതാണ്. പ്രതിമ നേരിട്ട് നിലത്ത് വയ്ക്കാതെ മൂന്നോ നാലോ അടി ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ വീടിന്റെ അന്തരീക്ഷത്തില്‍ പോസിറ്റീവ് വൈബ്‌സ് നിറയും.
ലിവിങ് റൂം
കുടുംബം കൂടുതലായി സമയം ചെലവഴിക്കുന്ന ഇടമാണ് ലിവിങ് റൂം. ഇവിടെ വലത്തോട്ട് തിരിഞ്ഞിരിക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമ പടിഞ്ഞാറ് ദിശയില്‍ അഭിമുഖമായി വയ്ക്കാം. വൃത്തിയുള്ള ടേബിള്‍ അല്ലെങ്കില്‍ ഷെല്‍ഫ് ഉപയോഗിക്കുക. ഇത് കാണുന്നവര്‍ക്ക് മനസ്സില്‍ സമാധാനം ഉണ്ടാക്കുകയും പോസിറ്റീവ് എനര്‍ജി നല്‍കുകയും ചെയ്യും.
പൂന്തോട്ടം / ഔട്ട്ഡോര്‍
വീട്ടുമുറ്റത്ത് പൂന്തോട്ടം ഉണ്ടെങ്കില്‍ ധ്യാനിക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമയ്ക്കായി പ്രത്യേക സ്ഥലം നല്‍കുന്നത് നല്ലതാണ്. വൃത്തിയുള്ള, ശാന്തമായ സ്ഥലമാണ് ഏറ്റവും ഉത്തമം. വൈകുന്നേരങ്ങളില്‍ ഇവിടെ ഇരുന്ന് കുറച്ചു സമയം ചെലവഴിക്കുന്നത് മനസ്സിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
പഠനമുറി
വിദ്യാര്‍ത്ഥികള്‍ക്കോ വീട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കോ അനുയോജ്യമായിടമാണ് പഠനമുറി. ഇവിടെ വിശ്രമിക്കുന്ന രൂപത്തിലുള്ളതോ തല ഭാഗം മാത്രമുള്ളതോ ആയ ബുദ്ധപ്രതിമ വയ്ക്കാം. പ്രതിമ കിഴക്കോട്ടാണ് മുഖം കാണേണ്ടത്. ഇത് ഏകാഗ്രത വര്‍ധിപ്പിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
ലാഫിങ് ബുദ്ധ
ലാഫിങ് ബുദ്ധ ഗൗതമ ബുദ്ധന്റെ പ്രതിമയല്ലെങ്കിലും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു. വീട്ടിലെ ഷെല്‍ഫുകളില്‍ കിഴക്കോട്ടു മുഖം നോക്കി സ്ഥാപിക്കാം. വീടിന് സന്തോഷവും സമൃദ്ധിയും നല്‍കും എന്നാണ് വിശ്വാസം.