വീട്ടില്‍ പൂപ്പല്‍ കാണുന്നത് പലപ്പോഴും ചെറിയ കാര്യമെന്നു തോന്നിയേക്കാം, പക്ഷേ അത് വീടിന്റെ സൗന്ദര്യവും ആരോഗ്യമാനദണ്ഡങ്ങളും രണ്ടും തന്നെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. ചുവരുകളില്‍, മേല്‍ക്കൂരയില്‍, അല്ലെങ്കില്‍ ബാത്റൂമിലും അടുക്കളയിലുമൊക്കെ കാണുന്ന ഈ കറുത്ത പാടുകള്‍ വെറും ദൃശ്യമാലിന്യം മാത്രമല്ല ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അലര്‍ജികള്‍ക്കും കാരണമാകാം. അതിനാല്‍ തന്നെ വീട്ടില്‍ പൂപ്പല്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നത് അത്യാവശ്യമാണ്.
പൂപ്പല്‍ കൂടുതലായും ഈര്‍പ്പം കൂടിയിടങ്ങളിലാണ് ഉണ്ടാകുന്നത്. വീട്ടില്‍ വായുസഞ്ചാരം കുറവായാലും, വെള്ളം ചോര്‍ച്ചയുണ്ടായാലും, നനഞ്ഞ വസ്ത്രങ്ങള്‍ അടുക്കിനിര്‍ത്തിയാലും ഇത് വേഗം പടരും. ആദ്യം ചെയ്യേണ്ടത് ഇത്തരം ഈര്‍പ്പത്തിന്റെ ഉറവിടം കണ്ടെത്തി ശരിയാക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.
രാസവസ്തുക്കള്‍ ഇല്ലാതെ തന്നെ വീട്ടില്‍ പൂപ്പലിനെ നീക്കം ചെയ്യാനുള്ള പല ലളിതമായ മാര്‍ഗങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പൂപ്പലുള്ള സ്ഥലത്ത് സ്‌പ്രേ ചെയ്യാം. കുറച്ച് സമയം കഴിഞ്ഞ് നന്നായി തേച്ച് കഴുകിയാല്‍ പൂപ്പല്‍ അപ്രത്യക്ഷമാകും. അതുപോലെ നാരങ്ങയുടെ നീര്യും ഫലപ്രദമാണ് ഇതിന് ശേഷം സ്ഥലമൊക്കെ വൃത്തിയാക്കി ഉണക്കണം.
വായുസഞ്ചാരം നല്ല രീതിയില്‍ നിലനിര്‍ത്തുന്നത് പൂപ്പല്‍ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ്. ദിവസേന വീടിന്റെ ജനാലകളും വാതിലുകളും കുറച്ച് നേരത്തേക്കെങ്കിലും തുറന്നിടുക. അടുക്കളയിലും ബാത്റൂമിലുമുള്ള എക്സ്ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കുന്നത് വായു നീക്കം മെച്ചപ്പെടുത്തും.
കൂടാതെ, വീടിനുള്ളിലെ വെള്ളം ചോര്‍ച്ചകള്‍ ഉടന്‍ പരിഹരിക്കുക, മഴക്കാലത്ത് വീടിന്റെ അടിത്തറയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണം. ഇങ്ങനെ ചെറുതായി തോന്നുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീടും ആരോഗ്യം കൂടെ സംരക്ഷിക്കപ്പെടും.