വീടിന്റെ അകത്തളങ്ങൾക്ക് പരമ്പരാഗത സൗന്ദര്യം നൽകാൻ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് വുഡൻ ഫ്‌ലോറിങ്. എന്നാൽ, ഉയർന്ന ചെലവും സ്ഥിരമായ പരിപാലനവും കാരണം അത് എല്ലാവർക്കും പ്രായോഗികമല്ല. ഇതിന് പകരം, ഇപ്പോൾ വീടുകളിൽ കൂടുതലായി പ്രാധാന്യം നേടുന്നത് എസ്പിസി (സ്റ്റോൺ പോളിമർ കോംപസിറ്റ്) ഫ്‌ലോറിങ് രീതിയാണ്.
തടി പോലുള്ള ഫിനിഷ് നൽകുന്ന എസ്പിസി ഫ്‌ലോറിങ്, പല പാളികളാൽ രൂപം കൊടുക്കപ്പെട്ടതാണ്. 4 എംഎം സ്റ്റോൺ പോളിമർ കോംപസിറ്റിന് മുകളിൽ 0.5 എംഎം വെയർ ലെയർ, ഭംഗി കൂട്ടുന്ന ഡെക്കോർ ഫിലിം, 1.5 എംഎം കുഷൻ ബാക്കിങ് എന്നിവ ചേർന്നതാണ് ഇതിന്റെ ഘടന. തടിയുടെ അനുഭവം ലഭിക്കാനായി സാധാരണയായി 6 എംഎം കനം ഉള്ള പ്ലാങ്കുകളാണ് ഉപയോഗിക്കുന്നത്.
ഡെക്കോർ ഫിലിം ഫ്‌ലോറിന് വ്യത്യസ്ത ഡിസൈനുകളും നിറങ്ങളുമൊരുക്കി കൂടുതൽ ആകർഷകമാക്കുന്നു. വിപണിയിൽ കുഷൻ ബാക്കിങ് ഇല്ലാത്ത വില കുറഞ്ഞ മോഡലുകളും ലഭ്യമാണ്. എന്നാൽ, ദീർഘകാല ഉപയോഗത്തിൽ അവ പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്.
ഗുണനിലവാരമുള്ള എസ്പിസിയിൽ സ്റ്റോൺ-പോളിമർ അനുപാതം സമതുലിതമായിരിക്കുക പ്രധാനമാണ്. സ്റ്റോൺ കൂടുതലെങ്കിൽ പൊട്ടാനുള്ള സാധ്യതയും, പോളിമർ കൂടുതലെങ്കിൽ വളയാനുള്ള സാധ്യതയും ഉയരും.
പ്ലാങ്കുകൾ അനായാസം ഇൻറർലോക്കിങ് രീതിയിൽ വെയ്ക്കാം, പശ ആവശ്യമില്ല. ചതുരശ്ര അടിക്ക് 200 മുതൽ 300 രൂപ വരെയാണ് വില. ചിതലിനെയും ഈർപ്പിനെയും പ്രതിരോധിക്കുന്നതിനാൽ വീടിന്റെ അകത്തളങ്ങൾക്ക് ഇത് കൂടുതൽ അനുയോജ്യമാണ്. ലാമിനേറ്റഡ് ഫ്‌ലോറിങിനേക്കാൾ പൊറൽ കുറവാണ്, കൂടാതെ ഗുണമേന്മയുള്ള എസ്പിസിക്ക് തടി പോലെ അരികുകളിൽ ഗ്രൂവും ഉണ്ടാകും.