മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആളാണ് ആദിത്യന്‍ ജയന്‍. കാലങ്ങളായി സീരിയല്‍ മേഖലയില്‍ നില്‍ക്കുന്ന ആദിത്യന്‍ അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ അവതാരകനായിട്ടായിരുന്നു ഇടവേളക്ക് ശേഷം മടങ്ങിയെത്തിയത്. അഭിമുഖത്തിനേക്കാള്‍ ഉപരി ശ്രദ്ധനേടിയത് നടന്റെ മുഖമായിരുന്നു പിന്നാലെ ചര്‍ച്ചയായത്. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി കരുവാളിച്ച മുഖമായിരുന്നു ആദിത്യന്റേത്.
പോഡ് കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ലിവര്‍ പ്രശ്‌നമാണ് ഇതിന് കാരണമെന്നും ആദിത്യന്‍ മദ്യപാനി ആണെന്നും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആദിത്യന്‍.
തനിക്ക് കരള്‍ രോഗമില്ലെന്നും മുഖത്തുണ്ടായ മാറ്റങ്ങള്‍ മേക്കപ്പ് അലര്‍ജിയുടെ (Adithyan Jayan Health Rumours) ഫലമാണെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഒരു അഭിമുഖ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ തന്റെ മുഖത്തിന്റെ നിറമാറ്റത്തെ കുറിച്ചും ആരോഗ്യസ്ഥിതിയെ കുറിച്ചും നിരവധി മോശം കമന്റുകള്‍ വന്നതായി ആദിത്യന്‍ പറയുന്നു. 'മുഖം കറുത്തു, ലിവര്‍ പോയി' എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിരവധി സുഹൃത്തുക്കളും ആരാധകരും നേരിട്ട് വിളിച്ച് അന്വേഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് ഉണ്ടായ ഗുരുതരമായ മേക്കപ്പ് അലര്‍ജിയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ആദിത്യന്‍ വെളിപ്പെടുത്തി. പിന്നീട് എറണാകുളത്തെ ഒരു ബ്യൂട്ടി പാര്‍ലറില്‍ മീശയും താടിയും ഡൈ ചെയ്യുന്നതിനിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് അലര്‍ജി വീണ്ടും രൂക്ഷമായതായും അദ്ദേഹം പറഞ്ഞു. 'മുഖം പൊള്ളുകയും കടുത്ത ചൊറിച്ചിലും വീക്കവും അനുഭവപ്പെടുകയും ചെയ്തു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഡോക്ടര്‍ സോണി വര്‍ക്കിയുടെ ചികിത്സയിലൂടെയാണ് വലിയ മാറ്റമുണ്ടായത്,' എന്നാണ് താരത്തിന്റെ വിശദീകരണം
അടുത്തിടെ കനത്ത വെയിലും സൈനസ് ഇന്‍ഫെക്ഷനും കാരണം മുഖത്ത് വീണ്ടും ചെറിയ വീക്കം വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാളുടെ രൂപഭാവത്തില്‍ മാറ്റമുണ്ടായാല്‍ അതിനെ ഉടന്‍ രോഗങ്ങളുമായി ബന്ധിപ്പിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നും താരം പറഞ്ഞു.
സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും ചിലര്‍ വീണ്ടും ഉയര്‍ത്തിക്കാട്ടുന്നതില്‍ വേദനയുണ്ടെന്നും ആദിത്യന്‍ തുറന്നുപറഞ്ഞു. 'ഞാന്‍ ആരുടെയും ജീവിതത്തില്‍ ഇടപെടുന്നില്ല. എനിക്ക് എന്റെ ജീവിതം നോക്കി മുന്നോട്ട് പോകാനാണ് ആഗ്രഹം. എന്റെ കുട്ടിക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കി.
ആദിത്യന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപെട്ടവര്‍ക്കു നമസ്‌കാരം,
രണ്ടു ദിവസം മുന്നേ ഞാന്‍ ചെയ്ത ഒരു ഇന്റര്‍വ്യൂ ടെലികാസ്റ്റ് ചെയ്തിരുന്നു. സീരിയല്‍ നടി സ്‌നേഹ ആയിരുന്നു അതിഥി, ആ വിഡിയോയുടെ അടിയില്‍ നിരവധി കമന്റ് വന്നു. കൂടുതലും വന്നത് എന്റെ മുഖം കറുത്ത് എന്റെ ലിവര്‍ പോയി പിന്നെ കുറെ ശാപവാക്കുകളും ഇത് കണ്ടു കുറെ അധികം ആളുകള്‍ എന്നെ വിളിച്ചും മെസേജ് അയച്ചും ചോദിച്ചു. എന്തുപറ്റി എന്ന് കാരണം ഞാന്‍ അങ്ങനെ മദ്യപിക്കില്ല എന്ന് എന്റെ സുഹൃത്തുക്കള്‍ക്കു നന്നയി അറിയാം, മദ്യപാനം ഒരു മോശം ശീലമൊന്നുമല്ല. മദ്യം നമ്മളെ കഴിക്കാത്തടത്തോളം കാലം ഓക്കെ.
ഇനി കാര്യം പറയാം. കുറെ കാലമായി എനിക്ക് എതിരെ പലതും വരും ഞാന്‍ ശ്രദ്ധിക്കാറില്ല പറയുന്നവര്‍ പറയട്ടെ എന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്തു സംഭവിച്ചത് 2 കൊല്ലം മുന്നേ ഒരു മേക്കപ്പ് അലര്‍ജി ഉണ്ടായി അത് എന്റെ ഒപ്പം വര്‍ക്ക് ചെയ്തവര്‍ക്കു എല്ലാം അറിയാം. അതൊന്നു മാറി വരുമ്പോള്‍ 8 മാസം മുന്നേ എറണാകുളത്തു ഉള്ള എന്റെ ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാര്‍ലറില്‍ വെച്ച് എന്റെ മീശ താടി ഡൈ ചെയ്യുന്ന ടൈമില്‍ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം. എന്റെ മുഖത്തു ഒരു അലര്‍ജി വന്നു ഇതിലും മോശം അവസ്ഥയില്‍ ആയിരുന്നു അന്ന് കുറെ അധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായി പല ഡോക്ടര്‍സ് ട്രീറ്റ്‌മെന്റ് നടത്തി ഒന്നും അങ്ങോട്ടു ശരിയായില്ല.
പക്ഷെ ഷിപ്യാര്‍ഡില്‍ ഭാഗത്തു ഉള്ള വളരെ പ്രശസ്തനായ docter സോണി വര്‍ക്കി സാറിന്റെ ട്രീറ്റ്‌മെന്റില്‍ എനിക്ക് നല്ല മാറ്റം ഉണ്ടായി നല്ല ചൊറിച്ചല്‍, പൊള്ളല്‍ ഒക്കെ ആയിട്ടാണ് ഞാന്‍ സാറിന്റെ മുന്നില്‍ ചെന്നതും ആ വലിയ മനുഷ്യന്റെ കൈപുണ്യം കൊണ്ട് കുറെ അധികം ഭേതമായി ഇപ്പോള്‍ നല്ല മാറ്റം ഉണ്ടായി. നിങ്ങള്‍ക്കു അന്വേഷിക്കാം സാറിന്റെ ഫോട്ടോ ഇതിന്റെ ഒപ്പം വയ്ക്കുന്നു.
പക്ഷെ അടുത്ത കാലത്തു കുറച്ചു അധികം വെയില്‍ കൊള്ളുകയും സൈനെസ്സ് ഇന്‍ഫെക്ഷന്‍ ഉണ്ടായപ്പോള്‍ മുഖത്തു അല്പം നീരും വന്നു ok അതാണ് എനിക്ക് സംഭവിച്ചത്, ഇനി ഒരാളുടെ മുഖം കറുത്തല്‍ മുടി കൊഴിഞ്ഞാല്‍ അത് ഈശ്വരന്റെ ശിക്ഷ ആണെന്നും അല്ലേല്‍ കാന്‍സര്‍ ആണ് ലിവര്‍ പോയി എന്ന് പറയുന്നത് മോശമല്ലേ ഈ വാര്‍ത്ത ഇടുന്നവര്‍ക്കു ഒന്ന് എന്നോട് ചോദിക്കാമല്ലോ സുഹൃത്തുക്കളെ,
ഒരാള്‍ക്ക് ഒരു ആപത്തു വന്നാല്‍ അയ്യോ ഈശ്വര എന്ന് വിളിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ നല്ല മനുഷ്യര്‍, പിന്നെ 5 കുടുംബം മാറി 2 ആക്കി ഇളവ് തന്നവര്‍ക്കു നന്ദി. ഇവിടെ 4 കല്യാണം കഴിക്കുന്നവര്‍ ഇന്നും മണ്ഡപം ബുക്ക് ചെയ്തു ആട്ടവും പാട്ടുമായി യൂട്യൂബ്‌ഴ്‌സിനെ വിളിച്ചു വരുത്തി അടിച്ചു പൊളിക്കുന്നു. ആഘോഷിക്കുന്നു.
60 വയസ്സിലും പ്രണയിക്കുന്നവര്‍ ഉള്ളകാലത്തു ഞാന്‍ എന്റെ കാര്യം നോക്കി ജീവിക്കുവാന് ഒരു പരാതിയുമില്ലാതെ, ഞാന്‍ ഒരു വര്‍ക്ക് ചെയ്താല്‍ ഞാന്‍ ഒരാളോട് മിണ്ടിയാല്‍ ഒരു ഫോട്ടോ ഇട്ടാല്‍ ഉടന്‍ വന്നു പഴയ കഥകള്‍ പറയുന്നു. എന്തിനു അത് കഴിഞ്ഞു അവര്‍ അവരുടെ വഴിക്കു ജീവിക്കുന്നു. ഞാന്‍ എന്റെ വഴിക്കും. പിന്നെ ഞാന്‍ ആരുടെയും ആദ്യ ഭര്‍ത്താവ് ഒന്നുമല്ല. ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല.
അതൊക്കെ ഓര്‍ത്തു വേണം എന്നെ ഇങ്ങനെ ഉപദ്രവിക്കാന്‍, എന്റെ കുട്ടിയെ ഞാന്‍ നോക്കുന്നില്ല എന്ന് പറയുന്നവരോട് ഞാന്‍ ഒപ്പം ഉള്ളപ്പോ, രണ്ടു കുട്ടികളെയും അതായതു എന്റെ മോനെയും വേറെ ഒരാളുടെ കുഞ്ഞിനേയും നന്നയി നോക്കിയ ഒരാളാണ്. ഇന്ന് ഞാന്‍ മാറി നില്‍ക്കുമ്പോഴും ഞാന്‍ എന്നെ കൊണ്ട് ആവും വിധം എന്റെ കുഞ്ഞിനെ വേണ്ടത് ചെയ്യുന്നു. അത് പറയേണ്ടത് ആ കുഞ്ഞിന്റെ അമ്മയാണ് ആര്‍ക്കെങ്കിലും അറിയണമെങ്കില്‍ ചവറ കോടതിയില്‍ ചെന്നാല്‍ അറിയാം. വായില്‍ തോന്നുന്നത് പറയരുത് ആരും,
പിന്നെ എന്റെ ഈ അവസ്ഥ ഇന്‍ഡസ്ടറി ഉള്ളവര്‍ക്കു അറിയാം. ഈ അവസ്ഥയില്‍ 5 സീരിയല്‍ ഞാന്‍ ചെയ്തു. ഇന്ന് സീരിയല്‍ ഇന്‍ഡസ്ടറിയില്‍ ഏറ്റവും തിരക്കുള്ള ഡയറക്ടര്‍ ഷിജു അരൂര്‍ സംവിധാനം ചെയ്യുന്ന സീരിയലില്‍ ഞാന്‍ ഏറ്റവും പ്രധാനപെട്ട വേഷം ചെയ്യുന്നു ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ അത് ഉടന്‍ ടെലികാസ്‌റ് ചെയ്യും. സിതാര എന്നാണ് പേര് കിടക്കട്ടെ ഒരു പരസ്യം,
ഞാന്‍ ഒരു ജോലി ചെയ്യാന്‍ സമ്മതിക്കു. ആരോടും പരാതി ഇല്ല. ആരോടും ദേഷ്യമില്ല. എനിക്ക് ജീവിക്കണ്ടേ ഞാന്‍ ഒന്ന് ജോലി ചെയ്യട്ടെ. ഈ പോസ്റ്റ് ഞാന്‍ ഇടാന്‍ കാരണം ചിലര്‍ വിചാരിക്കും ഇനി ഇവന്റെ കരള്‍ വല്ലതും പോയോ എന്ന് ചിലര്‍ എന്നെ വിളിച്ചു സംസാരിച്ചു സന്തോഷം തോന്നി മെസ്സേജ് അയിച്ചു സന്തോഷം തോന്നി, ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകും എന്ന് ചിന്തിക്കുവാന് അതിന്റെ ഇടയില്‍ എങ്ങനെ ഇവന് ഇട്ടു പണി കൊടുക്കാമെന്നു ചിന്തിക്കുന്നവര്‍ വേറെയും. ദയവു ചെയ്തു ഉപദ്രവിക്കാതെ വിടു എന്നെ,
പിന്നെ ഒരു സന്തോഷം ഞാന്‍ ഏറ്റവും സഹായിച്ചവരും സ്‌നേഹിച്ചവരും എന്നെ ഓര്‍ക്കുന്നില്ല. എന്നെ ചീത്ത വിളിക്കാന്‍ എങ്കിലും കുറച്ചു അധികം ആളുകള്‍ ഓര്‍ക്കുന്നല്ലോ. പിന്നെ ഇനി എന്നോട് സ്‌നേഹം ഉണ്ടെന്ന് കാണിക്കാന്‍ ചിലര്‍ എന്നെ അറിയാത്തവര്‍ അല്ല.
എന്നെ നന്നയി അറിയുന്നവര്‍ എന്റെ ഈ അവസ്ഥ എന്ത് കൊണ്ട് ഉണ്ടായി എന്ന് അറിയുന്നവര്‍ കാണുന്ന ലിങ്കുകള്‍ ആയിക്കുന്നുണ്ട്. വേണ്ട കേട്ടല്ലോ അത് സ്‌നേഹം കൊണ്ടല്ല എന്ന് നന്നയി എനിക്ക് അറിയാം. അങ്ങനെ സ്‌നേഹം ഉണ്ടായിരുന്നു എങ്കില്‍ അവര്‍ക്കു കമന്റ് ചെയ്യാം. ഞങ്ങള്‍ക്ക് അറിയാം ഇതായിരുന്നു കാരണം അത് പറയാത്ത ഒരു വ്യക്തികളും വിളിക്കണ്ട പ്രതേകിച്ചു ചില താരങ്ങള്‍ വേണ്ട കേട്ടോ.
പിന്നെ മുറിഞ്ഞവനെ അറിയൂ മുറിവിന്റെ വേദന. അത് എഴുതി വിടുന്നവന് അറിയില്ല നിങ്ങള്‍ ഉണ്ടാക്കുന്ന കഥകളില്‍ എന്നെ കഥാപാത്രം ആക്കരുത്. എന്റെ ഓരോ നഷ്ടവും നിങ്ങള്‍ വാര്‍ത്ത ചെയ്യുന്നവര്‍ക്കും ലാഭം ആയിരുന്നു.
പിന്നെ ഇപ്പോഴും എന്റെ ചങ്കിന് ഒരു കുഴപ്പവുമില്ല അതിനു ഇപ്പോഴും നല്ല ഉറപ്പാണ്. പിന്നെ ഇത് കുറെ ആളുകള്‍ കോണ്ടെന്റ് ആക്കും വിരോധമില്ല. കുറെ അധികം കമന്റ് ചെയ്യും വിരോധമില്ല വായില്‍ തോന്നുന്നത് എല്ലാം പറയും എനിക്ക് പരാതിയുമില്ല. എന്റെ ശരീരത്തു ഏല്‍ക്കാത്ത ഒന്നും ഇപ്പോള്‍ പ്രതികരിക്കാറില്ല, പ്ലീസ് കുറേ ശിക്ഷിച്ചില്ലേ ജീവിച്ചോട്ടെ. അപേക്ഷയാണ്