വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ സമാപന കലാരാത്രിയില്‍ പാട്ട് പാടി; സുഹൃത്തുക്കള്‍ക്കൊപ്പം സൗഹൃദ സംഭാഷണവും; പിന്നീട് തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസെടുത്തു; പിന്നാലെ പോയത് ഫ്‌ളാറ്റിലെ സ്വന്തം സ്റ്റുഡിയോയിലേക്ക്; അനൂപ് മാഷിന് പുലര്‍ച്ചെ സംഭവിച്ചത്

Malayalilife
വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ സമാപന കലാരാത്രിയില്‍ പാട്ട് പാടി; സുഹൃത്തുക്കള്‍ക്കൊപ്പം സൗഹൃദ സംഭാഷണവും; പിന്നീട് തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസെടുത്തു; പിന്നാലെ പോയത് ഫ്‌ളാറ്റിലെ സ്വന്തം സ്റ്റുഡിയോയിലേക്ക്; അനൂപ് മാഷിന് പുലര്‍ച്ചെ സംഭവിച്ചത്

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണവാര്‍ത്ത എത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അനൂപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിതം അവസാനിപ്പിക്കാനും മാത്രം എന്തായിരുന്നു അനൂപിന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്നാണ് അദ്ദേഹത്തെ അറിയുന്ന ആളുകള്‍ ഒന്നടങ്കം ചോദിക്കുന്നത്. പാട്ടിനെ പ്രണയിക്കുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു ചിന്ത ഉണ്ടാകുമോ എന്ന സംശയത്തിലാണ് അനൂപിനെ അറിയുന്ന ആളുകളും. മരിക്കുന്നതിന് തൊട്ട് മുന്‍പ് വരെ കണ്ട് വളരെ സന്തോഷത്തോടെ പോയ ആളുടെ മരണവാര്‍ത്ത പ്രിയപ്പെട്ടവരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വെളുപ്പിനെയാണ് അനൂപ് തൂങ്ങി മരിക്കുന്നത്. തിങ്കളാഴ്ച സ്‌കൂളില്‍ എത്തി ക്ലാസ് എടുത്തതിന് ശേഷമാണ് അനൂപ് പോയത്. പിന്നാലെ നേരെ പോയത് താമസിക്കുന്ന ഫ്ളാറ്റിലേക്കും. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല.

'ആദ്യമായ് കണ്ടനാള്‍/പാതിവിരിഞ്ഞുനിന്‍ പൂമുഖം...'  ഈ ഗാനത്തിന്റെ വേദന നിറഞ്ഞ വരികളില്‍ ജീവിതത്തിന്റെ ഒരവസാന സംഗീതം പാടിക്കൊണ്ടാണ് അനൂപ് വെള്ളാറ്റഞ്ഞൂര്‍ വിടപറഞ്ഞത്. ഞായറാഴ്ച നടന്ന വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ സമാപന കലാരാത്രിയില്‍ ആലപിച്ച ഈ ഗാനം, അനൂപ് ആലപിക്കുന്ന അവസാന ഗാനമായി തീരുമെന്ന് ആരും കരുതിയിരുന്നില്ല. മരിക്കാനും മാത്രമുള്ള സങ്കടങ്ങളോ, വേദനയോ ഉള്ളതായി ഒരു സൂചന പോലും അനൂപ് അര്‍ക്കും നല്‍കിയില്ല.
തൃശ്ശൂരിലെ പ്രശസ്തമായ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു 41-കാരനായ അനൂപ്. വിദ്യാര്‍ഥികളോടും അധ്യാപകസഹപ്രവൃത്തികളോടും വളരെ അടുത്ത് ബന്ധം പുലര്‍ത്തിയ അദ്ദേഹം സംഗീതത്തോടുള്ള അഗാധമായ സ്‌നേഹമൂലമാണ് മുഴുവന്‍ സമയം മാത്രമല്ല, ഹൃദയവുമെല്ലാം സംഗീതത്തിനായി സമര്‍പ്പിച്ചത്.

ഞായറാഴ്ച കലാരാത്രിയില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തി പതിവുപോലെ ക്ലാസെടുക്കുകയും ചെയ്തു. എന്നത്തെയും പോലെയാണ് അന്നും അനൂപ് കുട്ടികള്‍ക്ക് ക്ലാസ് എടുത്തത്. കുട്ടികളോട് കളിച്ച് ചിരിച്ച്. ടീച്ചര്‍മാരോട് തമാശകളും പറഞ്ഞാണ് അനൂപിനെ അന്നും കണ്ടിരുന്നത്. എന്നാല്‍ ക്ലാസ് കഴിഞ്ഞ് തിരികെ പോകുന്നത് മരണത്തിലേക്കാണെന്ന് ആരും ചിന്തിച്ചുപോലുമില്ല. ചൊവ്വാഴ്ച രാവിലെ നഗരത്തിലെ ഫ്‌ലാറ്റിലെ തന്റെ ഹോം സ്റ്റുഡിയോയിലാണ് അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ സംഗീതവും പാട്ടുകളും ബാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളും എല്ലാം നടന്ന സ്ഥലം. അനൂപിന്റെ പ്രീയപ്പെട്ട സ്ഥലത്ത് തന്നെയാണ് അദ്ദേഹഅെത്ത മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച നടന്ന കലാപരിപാടി ഏറെ ആത്മീയമായ അനുഭവമായിരുന്നു അനൂപിനും, അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ക്കും. സംഗീതം പാടികൊണ്ടുള്ള വേദിയിലേക്കുള്ള വരവും, അരങ്ങിനപ്പുറം വേദനയും സ്വപ്നങ്ങളുമൊക്കെ ചേര്‍ന്നൊരു രാത്രിയായിരുന്നു അത്. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ''ജന്മനാടായ വെള്ളാറ്റഞ്ഞൂര്‍ എന്റെ പേരില്‍ക്കൂടി പ്രശസ്തമാകണം...' എന്ന് കൂട്ടകാരോട് പറഞ്ഞിരുന്നു. തിരികെ പോന്നത് തന്റെ പുതിയ കാറിലായിരുന്നു. വീട്ടില്‍ കുട്ടനും നാട്ടുകാര്‍ക്ക് അനൂപ് മാഷും ആയിരുന്നു. ഇപ്പോള്‍ മാഷിന്റെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ പേരില്‍ തന്നെ അദ്ദേഹത്തിന്റെ നാടും അറിയപ്പെട്ടിരിക്കുകയാണ്.

ചെണ്ടയിലെ കുലപതി മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനായ ഇദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഹാര്‍മോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരന്‍ കേശവന്‍ വെള്ളാറ്റഞ്ഞൂരില്‍നിന്നാണ്. തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ പ്രതിഭയുടെ മികച്ച ശിക്ഷണത്തില്‍ യുവജനോത്സവവേദികളില്‍ നിരവധിപേര്‍ വിജയകിരീടമണിഞ്ഞു. കുട്ടികള്‍ക്കൊപ്പം അവരുടെ കൂട്ടുകാരനായി പാട്ടുപാടി നടക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കേരളവര്‍മ കോളേജില്‍ ഗസ്റ്റ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് കുടുംബാംഗമാണ്. തയ്യൂര്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരുന്ന രാജലക്ഷ്മിയുടെയും പുറ്റേക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ പീതാംബരന്റെയും മകനാണ്. ഭാര്യ: ഡോ. പാര്‍വതി. മക്കള്‍: പാര്‍വണ, പാര്‍ഥിപ്.

anoop vellanjatur story death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES