കാത്തിരിപ്പിനൊടുവില്‍ അര്‍ജ്ജുന്‍ സോമശേഖരന്റെ ചേട്ടന്‍ അരുണ്‍ വിവാഹിതനായിരിക്കുകയാണ്. രണ്ടു നാള്‍ മുമ്പ് തിരുവനന്തപുരം ആക്കുളത്തെ പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചാണ് അരുണിന്റെയും വിദ്യയുടേയും വിവാഹം കഴിഞ്ഞത്. ഇതുവരെ വിദ്യയെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ലുക്കിലാണ് വിവാഹത്തിന് സൗഭാഗ്യ വിദ്യയെ ഒരുക്കിയതും ആചിത്രങ്ങള്‍ ആരാധകരിലേക്ക് എത്തിച്ചതും. സ്വര്‍ണക്കസവുള്ള പച്ച പട്ടുസാരിയില്‍ ലളിതമായ ആഭരണങ്ങള്‍ മാത്രമാണ് വിദ്യ ധരിച്ചത്. രണ്ടു മാലകളും ഇരുകൈകളിലുമായി മൂന്നു വളകളും കമ്മലും മാത്രമാണ് വിദ്യ ധരിച്ചത്. എല്ലാം സൗഭാഗ്യയുടെ കൂടി സെലക്ഷന്‍ ആണെന്നതാണ് മറ്റൊരു പ്രത്യേകത. ചേട്ടത്തിയമ്മയെ സുന്ദരിയാക്കാനും കല്യാണ ഒരുക്കങ്ങള്‍ക്കുമൊക്കെയായി സൗഭാഗ്യ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗഭാഗ്യയും അര്‍ജ്ജുനും ഒരു കല്യാണത്തിന്റെ തിരക്കിലാണെന്ന് ആരാധകര്‍ക്ക് സൂചന ലഭിച്ചിരുന്നു. ചേട്ടത്തിയമ്മയാകാന്‍ പോകുന്ന വിദ്യയ്ക്കും വീട്ടിലെ കുട്ടികള്‍ക്കും ഒപ്പം കൈനിറയെ മൈലാഞ്ചിയിട്ടുള്ള ചിത്രങ്ങള്‍ സൗഭാഗ്യ പങ്കുവച്ചത് ഒരു വിവാഹത്തിന്റെ സൂചനകള്‍ നല്‍കിയാണ്. അരുണിന്റെയും വിദ്യാ അനാമികയുടേയും രണ്ടാം വിവാഹം കൂടിയാണിത്. കോവിഡ് ബാധിച്ചുണ്ടായ ആദ്യ ഭാര്യയുടെ മരണ ശേഷം തനിച്ചായിരുന്നു അരുണ്‍ കഴിഞ്ഞിരുന്നത്. അരുണിന് മുന്നോട്ടുള്ള ഈ ജീവിതത്തില്‍ ഒരു കൂട്ടുവേണമെന്ന അര്‍ജ്ജുന്റെയും സൗഭാഗ്യയുടേയും പരിശ്രമമാണ് വിദ്യാ അനാമികയെ കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ആദ്യം ഇരുവരും തമ്മില്‍ അടുത്തു പരിചയപ്പെടുകയും സംസാരിക്കുകയും ഒക്കെ ചെയ്യുകയും ന്യൂ ഇയറോടെ ഈ താരകുടുംബത്തിന്റെ ഭാഗമായി വിദ്യ എത്തുകയും ആയിരുന്നു. പിന്നീട് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത്.
അതേസമയം, വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും കുടുംബം സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും സൗഭാഗ്യയുടെ മകള്‍ സുധാപ്പൂ കല്യാണത്തിന് ഒരുങ്ങിയെത്തിയ ചിത്രങ്ങള്‍ നേരത്തെ താരകുടുംബം പങ്കുവച്ചിരുന്നു. മഞ്ഞയും പച്ചയും മെറൂണും ചേര്‍ന്നുവരുന്ന നിറയെ ഞൊറികളുള്ള ചെക്ക് പട്ടുപാവാടയും ബ്ലൗസും അതിനു മെറൂണ്‍ ഷാളുമായിരുന്നു സൂധാപ്പൂവിന്റെ വേഷം. പഫ് കൈകള്‍ നല്‍കിയുള്ള ഡിസൈനിലാണ് ആ കുഞ്ഞു മുറിയന്‍ ബ്ലൗസ് തയിച്ചിട്ടുള്ളതും. ആ മെറൂണ്‍ ഷാളിന് ഭംഗി നല്‍കുന്നത് മയിലിന്റെ ഡിസൈനിലുള്ള ഗോള്‍ഡണ്‍ അരപ്പട്ട തന്നെയാണ്. കൈനിറയെ മഞ്ഞയും മെറൂണും നിറത്തിലുള്ള കുപ്പിവളകളിട്ട് വാലിട്ട് കണ്ണെഴുതി കറുത്ത പൊട്ടും തൊട്ട് വല്യച്ഛന്റെ കല്യാണം കൂടാന്‍ സുധാപ്പൂ എത്തിയത് ഒരു കൊച്ചു സുന്ദരിയായി തന്നെയാണ്.
അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യ ഈ താരകുടുംബത്തിന്റെ ഭാഗമാണ്. സുധാപ്പൂവിന്റെ മൂന്നാം പിറന്നാളിനാണ് വിദ്യ ആദ്യമായി ഈ കുടുംബത്തിനൊപ്പം ചേര്‍ന്നത്. പിന്നീടങ്ങോട്ടുള്ള എല്ലാ ആഘോഷങ്ങള്‍ക്കും വിദ്യ ഒപ്പമുണ്ടായിുരന്നു. അരുണിന്റെ മക്കളെ സ്വന്തം മക്കളായി തന്നെയാണ് വിദ്യ ചേര്‍ത്തുപിടിച്ചിരിക്കുന്നത്. വിദ്യയുടെ മകളേയും സ്വന്തം സഹോദരിയായി അവരും ചേര്‍ത്തുപിടിച്ചു കഴിഞ്ഞു. മാത്രമല്ല, സൗഭാഗ്യയെ നാത്തൂനായും താര വിദ്യയെ സ്വന്തം സഹോദരിയായുമാണ് സ്‌നേഹിക്കുന്നതും വിശേഷങ്ങള്‍ പങ്കുവെക്കുന്നതും.