60 ഏക്കര്‍ വരുന്ന ശ്രീനിവാസന്റെ കണ്ടനാട് പാടശേഖരം സ്വര്‍ണ നിറത്തില്‍ വിളഞ്ഞ് നെല്‍ക്കതിരുകള്‍ കൊയ്ത്തിന് പാകമായി നില്‍ക്കുകയാണ്. കാറ്റിലാടി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ നിറഞ്ഞ പാടം കാണാന്‍ നാട്ടുകാരും കൃഷിക്കാരും ഇക്കുറി ഒത്തുകൂടുന്നത് ഏറെ ഹൃദയ വേദനയോടെയാണ്. എല്ലാവരുടെയും കണ്ണുകള്‍ തിരയുന്നതും ഒരാളെ മാത്രാണ്. അദൃശ്യമായിട്ടാണെങ്കിലും ശ്രീനിവാസന്റെ സാന്നിധ്യം അവിടെ ഉണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രമാണ് ആ നാട്ടുകാര്‍ക്കു മുഴുവന്‍ ഉള്ളത്. ശ്രീനിവാസന് ആരോഗ്യ പരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന സമയത്താണ് ഇവിടെ കൃഷിയിറക്കിയത്. അച്ഛന്റെ അഭാവത്തില്‍ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിത്തിടാന്‍ വന്നതെല്ലാം വളരെ ശ്രദ്ധ നേടിയിരുന്നു. അച്ഛന്‍ തുടങ്ങിവച്ചത് താന്‍ തുടരുമെന്നും വാക്കു നല്‍കിയ ധ്യാന്‍ ഇപ്പോഴും കൃഷിക്കാര്‍ക്കൊപ്പം തന്നെയുണ്ട്.
മകന്റെ വരവെല്ലാം അറിഞ്ഞിരുന്ന ശ്രീനിവാസന്‍ വിളവെടുപ്പ് കാണാനുള്ള ആഗ്രഹത്തില്‍ കൂടിയായിരുന്നു. നാട്ടുകാരും കര്‍ഷകരും എല്ലാം ഒരുമിച്ചിറങ്ങി പാടത്ത് നിറഞ്ഞു നില്‍ക്കുന്നതും ആ വിളവെടുപ്പില്‍ ആവേശം നിറയുന്നതും കാണുവാന്‍ മാത്രം അദ്ദേഹമില്ലല്ലോയെന്ന സങ്കടം മാത്രമാണ് നാട്ടുകാര്‍ക്ക്. വിങ്ങിപ്പൊട്ടി വരുന്ന വേദനയും സങ്കടവും അടക്കിയാണ് വിമലയും നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് ഏക്കറില്‍ ശ്രീനിവാസന്‍ വിത്തിട്ടു തുടങ്ങിയ കൃഷിയാണിത്. 60 ഏക്കറിലാണ് ഇത്തവണത്തെ കൃഷിയിറക്കിയത്. ശാരീരിക അസ്വസ്ഥതകള്‍ കാരണം ശ്രീനിവാസനു സെപ്റ്റംബറിലെ വിത ഉത്സവത്തിന് വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അച്ഛന്റെ ആഗ്രഹം മുടങ്ങാതിരിക്കാന്‍ മകന്‍ ധ്യാന്‍ ശ്രീനിവാസനെത്തിയതും തുടര്‍ന്നുള്ള കൃഷിക്കാര്യങ്ങളില്‍ മകന്‍ സജീവമായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് മരണം സംഭവിച്ചത്.
നാട്ടുകാരും കര്‍ഷകരുമായ മനു ഫിലിപ് തുകലന്‍, സാജു കുര്യന്‍ എന്നിവര്‍ക്കൊപ്പമാണ് ധ്യാന്‍ വിത ഉത്സവം പൂര്‍ത്തിയാക്കിയത്. ഉമ നെല്‍വിത്തുകളാണ് വിതച്ചത്. അടുത്തയാഴ്ച കൊയ്ത്തുത്സവം നടക്കുമ്പോള്‍, ശ്രീനിവാസനോടുള്ള ആദരസൂചകമായി പാടശേഖരത്തിനരികെ അദ്ദേഹത്തിന്റെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ശ്രീനിവാസന്‍ പണം മുടക്കി നവീകരിച്ച കുളക്കരയില്‍, പാടത്തേക്ക് നോക്കി നില്‍ക്കുന്ന രൂപത്തില്‍ പ്രതിമ സ്ഥാപിക്കുമെന്ന് മനു ഫിലിപ് പറയുന്നു. പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റെയില്‍പാളവും അതിലൂടെ കുതിച്ചുപായുന്ന ട്രെയിനുമെല്ലാം മനോഹര കാഴ്ച കൂടിയാണ് കാഴ്ചക്കാര്‍ക്കും സമ്മാനിക്കുന്നത്. അതേസമയം, ഇവിടെ നെല്‍ക്കൃഷി മാത്രമല്ല, വെള്ളരിയും കുമ്പളവും പയറും വെണ്ടയും ചീരയും തണ്ണിമത്തനും പടവലവും എല്ലാം നെല്‍പ്പാടത്തിനരികെ മറ്റിടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ഇതെല്ലാം അപ്പപ്പോള്‍ തന്നെ നാട്ടുകാര്‍ക്കിടയില്‍ വിറ്റുപോവുകയും ചെയ്യും. അതുമാത്രമല്ല, സൂര്യകാന്തി പൂക്കളുടെ വലിയ തോട്ടവും ഇതിനരികിലുണ്ട്.