അട്ടപ്പാടിയുടെ പ്രകൃതിസൗന്ദര്യവും സംസ്‌കാരപരമായ പാരമ്പര്യവും ഒട്ടേറെ കഥകള്‍ പറയാം. ഇവിടെ താമസിക്കുന്ന ആദിവാസി സമൂഹം സ്വാഭാവികമായും ഓരോ അതിരുകളും താണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഭൗതികസൗകര്യങ്ങളില്‍ പിന്നില്‍ നിന്നേക്കും, പക്ഷേ ജീവിതത്തെ കരുണയും സഹിഷ്ണുതയും കൊണ്ട് കാണുന്ന മനസ്സുകളാണ് ഇവിടുത്തേത്. പലരും ജീവിതത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും കരുത്തോടെ നില്‍ക്കുന്നത് ഇവിടുത്തെ ആളുകളുടെ പ്രത്യേകതയാണ്. അങ്ങനെയൊരു മാതൃകയാണ് പ്രിയയും. അനവധി കഷ്ടങ്ങളെയും ദു:ഖങ്ങളെയും അതിജീവിച്ച് തന്റെ കുടുംബത്തിന്റെ ജീവിതം മുന്നോട്ട് നയിക്കുകയാണ് പ്രിയ. പ്രിയയുടെ ജീവിത കഥ എല്ലാവരെയും ഒരുപോലെ കരയിപ്പിക്കുന്നതും അതുപോലെ തന്നെ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചോദനവും നല്‍കുന്നതായിരിക്കും.
അച്ഛന്‍ മരിച്ചശേഷം തന്റെയും സഹോദരങ്ങളുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് പ്രിയയാണ്. അട്ടപ്പാടി ഗൂളിക്കടവില്‍ നിന്നുള്ള ആദിവാസി യുവതിയാണ് പ്രിയ. ചെറുപ്പം മുതലേ പട്ടിണിയായിരുന്നു കൂട്ടായി ഉണ്ടായിരുന്നത്. ആകെ വരുമാനം ഉണ്ടായിരുന്നത് അച്ഛന് മാത്രമാണ്. അദ്ദേഹം ജോലി ചെയ്ത് കൊണ്ടുവരുന്നതില്‍ നിന്നാണ് വീട്ടില്‍ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ അച്ഛന്‍ അയ്യപ്പന്‍ 2012ല്‍ അപ്രതീക്ഷിതമായി മരിച്ചു. അതിന്റെ വേദനയും നഷ്ടവും മറക്കുന്നതിന് മുമ്പ് തന്നെ അമ്മ ബീന വീടുവിട്ടു പോയി. ജോലി തേടിയായിരുന്നു അമ്മയുടെ യാത്ര. ആദ്യദിവസങ്ങളില്‍ വീട്ടില്‍ തിരികെ എത്തിയിരുന്ന അമ്മ പിന്നീട് വീട്ടിലേക്ക് തിരികെ വരാതെയായി. ഇതോടെ പ്രിയയും അവളുടെ സഹോദരങ്ങളും മാത്രമായിരുന്നു വീട്ടില്‍. അവള്‍ മാത്രമായിരുന്നു ആ സഹോദരങ്ങള്‍ക്ക് ആശ്രയം.
കഷ്ടപ്പാടും സാമ്പത്തിക പ്രശ്‌നങ്ങളും എല്ലാം ജീവിതത്തിലേക്ക് കയറി വന്നപ്പോഴും അത് കണ്ട് ഭയപ്പെട്ട് മാറി നില്‍ക്കാതെ പ്രിയ തന്റെ കുടുംബത്തിനായി വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്തു. സര്‍വീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കഴുകിയാണ് ഇപ്പോള്‍ വീട്ടിലെ കാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളും നോക്കുന്നത്. ഇതൊക്കെയായി ജീവിതം മുന്നോട്ടുപോകുമ്പോഴും പഠനം വിട്ടുകൊടുക്കാന്‍ പ്രിയ ഒരിക്കലും തയ്യാറായില്ല. എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് അട്ടപ്പാടി ഗവ. കോളജില്‍ നിന്ന് അവള്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന വര്‍ഷം അവള്‍ ഒരു വിഷയത്തിന് പോയത് അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ അതിലും തളര്‍ന്നില്ല ആ പെണ്‍കുട്ടി. വീണ്ടും അവള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്.
പ്രിയയുടെ കുടുംബം ഇന്നും ദാരിദ്രത്തില്‍ തന്നെയാണ്. അവര്‍ക്ക് സ്വന്തമായി വീട് ഉണ്ടെങ്കിലും താമസാവകാശം ഉറപ്പാക്കിയിട്ടില്ല. ഗൂളിക്കടവ് ടൗണിന് സമീപമുള്ള പ്രധാന റോഡരികിലാണ് പ്രിയയുടെ വീട് സ്ഥിതിചെയ്യുന്നത്. മുത്തച്ഛന്റെ പേരിലുള്ള ഈ ചെറിയ ഭൂമിയിലാണ് ഇവരുടെ ജീവിതം. എന്നാല്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇവര്‍ക്ക് ഇപ്പോഴും വെല്ലുവിളിയാണ്. എപ്പോള്‍ വേണമെങ്കിലും അവിടുന്ന് ഇറങ്ങി കൊടുക്കേണ്ട അവസ്ഥ. പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച പുതിയ വീടിന്റെ നിര്‍മാണവും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. നാലുചുമരുകളും ഇടിഞ്ഞുപോകാന്‍ സാധ്യതയുള്ള മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരിയ്ക്കുന്നത്. മഴവെള്ളം കയറാതിരിക്കാന്‍ ദിവസേന ജാഗ്രതയോടെ നോക്കേണ്ട അവസ്ഥയാണത്. വീട്ടില്‍ ശുചിമുറിയില്ല. ശുദ്ധജല കണക്ഷനും ഇതുവരെ ലഭിച്ചിട്ടില്ല. വളരെ പ്രധാനപ്പെട്ട ഈ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇവരുടെ പ്രതിദിന ജീവിതം കഠിനമാക്കുന്നത്.
എത്ര ദാരിദ്രമാണെങ്കിലും പഠനം സഹോദരിയുടെ പഠനം ചേച്ചി മുടക്കിയിട്ടില്ല. പ്രിയയുടെ സഹോദരി ഇപ്പോള്‍ പാലക്കാട്ടെ ഒരു കോളജില്‍ ബിരുദപഠനം തുടരുകയാണ്. പണത്തിനെതിരെ പോരാടി പഠനം തുടരുന്നതിനുള്ള ശ്രമം അവളും തുടരുന്നുണ്ട്. ഇളയ സഹോദരന്‍ പഠനം നിര്‍ത്തേണ്ടി വന്നു. പ്ലസ് ടു പൂര്‍ത്തിയാക്കാനാകാതെ അവന്‍ ഇപ്പോള്‍ കൂലിപ്പണിക്ക് പോകുന്നു. കുടുംബത്തിന്റെ ചെലവുകള്‍ ചുമലിലേറ്റിയ ഈ കുട്ടികളെ നോക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു വേദന തോന്നാതെ ഇരിക്കാനാകില്ല. പ്രിയയും സഹോദരരും ഒരുങ്ങുന്ന ഓരോ ദിനവും നീണ്ട പോരാട്ടങ്ങളുടെ കഥകളാണ്.