അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ കര്‍ശന നിയമങ്ങളില്‍ കുടുങ്ങി മലയാളി ട്രാവല്‍ വ്‌ലോഗര്‍. ഒറ്റയ്ക്ക് യാത്ര ചെയ്തതിന്റെ പേരില്‍ മുജാഹിദീനുകള്‍ അറസ്റ്റ് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി സമൂഹമാധ്യമങ്ങളില്‍ പരിഭ്രാന്തി പരത്തിയ 'ബാക്ക്പാക്കര്‍ അരുണിമ' ഒടുവില്‍ മോചിതയായി. പുരുഷന്റെ സഹായമില്ലാതെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് തന്നെ തടഞ്ഞുവച്ചതെന്ന് അരുണിമ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ 'ബാക്ക്പാക്കര്‍ അരുണിമ' എന്ന പേരില്‍ അറിയപ്പെടുന്ന മലയാളി വ്‌ലോഗര്‍ക്കാണ് അഫ്ഗാനിസ്ഥാനിലെ ബാമിയാനില്‍ വച്ച് ദുരനുഭവം ഉണ്ടായത്. തന്നെ മുജാഹിദീനുകള്‍ അറസ്റ്റ് ചെയ്തുവെന്ന് കാണിച്ച് അരുണിമ നേരത്തെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ ബാമിയാനിലെ പ്രാദേശിക ഭരണകൂടം തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ചൊവ്വാഴ്ച അവര്‍ വ്യക്തമാക്കി.
സ്ത്രീ ആയതിനാല്‍ ഈ രാജ്യത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്തത് നിയമവിരുദ്ധമാണെന്നും ഇതാണ് പ്രശ്‌നമായതെന്നും അരുണിമ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രവിശ്യയില്‍ കടന്നതിന് പിന്നാലെയാണ് പിടിയിലായത്. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരെ വിട്ടയയ്ക്കുകയായിരുന്നു.
തനിച്ച് ഒരു സ്ത്രീക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പെര്‍മിറ്റ് എടുക്കണമെങ്കില്‍ ഗൈഡ് വേണമെന്നും താലിബാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 27 ദിവസമായി താന്‍ തനിച്ചാണ് അഫ്ഗാനിലൂടെ യാത്ര ചെയ്തതെന്ന് മനസിലാക്കിയതോടെ ഗുരുതര നിയമലംഘനം നടത്തിയെന്ന് അവര്‍ പറഞ്ഞുവെന്നും അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചുവെന്നും അരുണിമ എഴുതുന്നു. കയ്യും കാലും പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് തോന്നിയെന്നും അവര്‍ വെളിപ്പെടുത്തി. ഇന്ന് ഉസ്‌ബെക്കിസ്ഥാന്‍ ബോര്‍ഡറിലേക്ക് പോകുകയാണെന്നും അതിന് 500 കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടതുണ്ടെന്നും അരുണിമ പറയുന്നു. ബോര്‍ഡര്‍ എത്തുന്നത് വരെ ശ്വാസമടക്കിപ്പിടിച്ച് യാത്ര ചെയ്യേണ്ടി വരുമെന്നും കള്ളം പറഞ്ഞേ രക്ഷപെടാന്‍ പറ്റൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവര്‍ വിട്ടയച്ച ശേഷം അരുണിമ പങ്കുവച്ച കുറിപ്പ്:
കുറച്ചു മണിക്കൂറുകള്‍ ടെന്‍ഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ. വൈകുന്നേരം ഒരു ലോറിയില്‍ ലിഫ്റ്റ് അടിച്ച് ബമ്മിയാന്‍ എന്ന സ്ഥലത്തേക്ക് വന്നു.ഇവിടെയെത്തിയപ്പോഴേക്കും സമയം 7 മണി ആയിട്ടുണ്ടായി ഇരുട്ടായിരുന്നു. വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ഇവിടെയുള്ള ആളുകള്‍ എന്റെ അടുത്തേക്ക് ഓടിക്കൂടി കാരണം രാത്രിയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ രാജ്യത്ത് പുറത്തു പോവില്ല. അങ്ങനെ എന്നോട് വിസയും പാസ്‌പോര്‍ട്ടും എല്ലാം ചോദിച്ചു എന്നിട്ട് അതെല്ലാം കാണിച്ചു കൊടുത്തു. എവിടെ താമസിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തീരുമാനിച്ചിട്ടില്ല ഇപ്പോള്‍ എവിടെയെങ്കിലും ഒരു സേഫ് ആയ സ്ഥലം ഞാന്‍ കണ്ടു പിടിച്ച താമസിക്കും എന്ന് പറഞ്ഞു. അവര്‍ എന്റെ ഇഷ്ടത്തിന് ഒറ്റക്ക് എന്നെ വിടില്ല.
അങ്ങനെ കുറച്ചുസമയം അവിടെ കാത്തുനിന്നു ഇംഗ്ലിഷില്‍ സംസാരിക്കുന്ന ഒരാള്‍ വന്നു അയാള്‍ എന്നോട് കാറില്‍ കയറാന്‍ പറഞ്ഞു. കാറില്‍ കയറി ഒരു ഹോട്ടലിലേക്കാണ് പോയത് അവിടെ എത്തിയപ്പോള്‍ ഒരുപാട് പൈസയാണ് ഒരു രാത്രി താമസിക്കാന്‍ അവര്‍ ചോദിക്കുന്നത് അതിനാല്‍ ഞാന്‍ അവരോട് പറഞ്ഞു എന്റെ കയ്യില്‍ ടെന്റ് ഉണ്ട് ഇവിടെ എവിടെയെങ്കിലും എനിക്ക് കുറച്ച് സ്ഥലം തന്നാല്‍ മതിയെന്ന്..ഇവിടെ തണുപ്പുള്ള സ്ഥലമാണ് ഇത്രയും ദിവസം അധികഠിനമായ ചൂടിലൂടെയാണ് ഞാന്‍ യാത്ര ചെയ്തിരുന്നത്... ഇവിടെ ടെന്റ് അടിക്കാന്‍ പറ്റില്ല, അടിക്കാനുള്ള വേറെ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞ് ആ വ്യക്തി എന്നെ വീണ്ടും കാറില്‍ കയറ്റി വേറൊരു സ്ഥലത്തേക്ക് കൊണ്ടുവന്നു.
ഇവിടെ എത്തിയപ്പോള്‍ എനിക്ക് ടെന്റ് അടിക്കാനുള്ള ഒരു സ്ഥലം കാണിച്ചു തന്നു. ടെന്റ് അടിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നോട് പറഞ്ഞു നല്ല തണുപ്പ് ആയിരിക്കും രാത്രി കിടന്നുറങ്ങാന്‍ ബുദ്ധിമുട്ടാകും ഇവിടെ ഒരു ഒഴിവ് റൂം ഉണ്ട് അവിടെ കിടന്നോളൂ.. അങ്ങനെ ഞാന്‍ അവിടെ കിടക്കാന്‍ തീരുമാനിച്ചു.ചാര്‍ജ് ചെയ്യാനായി അവിടെയുള്ള ഹാളില്‍ പോയപ്പോള്‍ പുറത്തൊന്നും രണ്ട് ആള്‍ക്കാര്‍ വന്നു.. എന്നോട് ആദ്യം എവിടെ നിന്നാണ് വരുന്നത് എന്നെല്ലാം ചോദിച്ചു. ഇതെല്ലാം ട്രാന്‍സിലേറ്റില്‍ ആണ് ചോദിക്കുന്നത് ഗൂഗിള്‍ ട്രാന്‍സിലേറ്റ് ഫോണിലൂടെ.. പിന്നീട് എന്നോട് പെര്‍മിറ്റ് കാണിക്കാന്‍ പറഞ്ഞു. ഞാനെന്റെ പാസ്‌പോര്‍ട്ടും വിസയും കാണിച്ചുകൊടുത്തു.. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല അത് ഈ രാജ്യത്ത് സ്ത്രീ ആണെങ്കിലും പുറത്തുനിന്ന സ്ത്രീയാണെങ്കിലും ഒരേപോലെ നിയമം... കഴിഞ്ഞദിവസം ജലാലബാദ് എന്ന സ്ഥലത്തുനിന്ന് പെര്‍മിറ്റ് എടുക്കാനായി ഞാന്‍ പോയതാണ്, അപ്പോള്‍ അവര്‍ എനിക്ക് പെര്‍മിറ്റ് തന്നില്ല. കാരണം ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല... ഞാന്‍ അവരോട് ഒരുപാട് ചോദിച്ചു പെര്‍മിറ്റ് തരാനായി അവര്‍ പറഞ്ഞു ഒരു പുരുഷനില്ലാതെ തരാന്‍ പറ്റില്ല അല്ലെങ്കില്‍ കൂടെ ഒരു ഗൈഡിനെ കൊണ്ടുപോകണം എന്റെ യാത്രയില്‍ അതിനും എനിക്ക് സാധിക്കില്ല.
കൂടെ യാത്ര ചെയ്യാനും ആരുമില്ല.. എല്ലാ രാജ്യവും ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യാറുള്ളത്. അങ്ങനെയാണ് ഇവിടെയും എത്തിയത് എന്നാല്‍ ഈ രാജ്യത്തിന്റെ നിയമം വളരെ കര്‍ശനമാണ്... അവര്‍ എന്നോട് തിരിച്ചു കാബൂളിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ രണ്ടു ദിവസം കാബൂളില്‍ നിന്ന് ശേഷം. ഇന്ന് രാവിലെ യാത്ര തുടങ്ങിയത് വരുന്ന വഴിയില്‍ ഒരുപാട് ചെക്ക് പോസ്റ്റുകള്‍ ഉണ്ട് അവിടെയെല്ലാം എന്നെ തടഞ്ഞു വച്ചിരുന്നു. അപ്പോള്‍ ഞാന്‍ അവരുടെ കള്ളം പറഞ്ഞു ജര്‍മനിയില്‍ നിന്നും ഒരു സുഹൃത്ത് കൂടെയുണ്ട് അദ്ദേഹം ഇപ്പോള്‍ വേറെ പ്രൊവൈന്‍സില്‍ പോയിരിക്കുകയാണ് കുറച്ചു മണിക്കൂറുകള്‍ കഴിയുമ്പോള്‍ എന്റെ അടുത്തേക്ക് വരുമെന്ന്.. അല്ലാതെ ഇവരെന്നെ യാത്ര ചെയ്യാന്‍ സമ്മതിക്കില്ല...അങ്ങനെ ഇവിടെ അവരുമായി ട്രാന്‍സ്ലേറ്റില്‍ സംസാരിക്കുകയായിരുന്നു.. ഇവിടെ എനിക്ക് കള്ളം പറയാന്‍ സാധിക്കില്ല, കാരണം ഞാന്‍ രാത്രിയില്‍ ഒറ്റയ്ക്കാണല്ലോ..
എന്റെ വീസ കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഞാന്‍ കഴിഞ്ഞ മാസം 27ന് ഈ രാജ്യത്ത് കയറിയതാണ്... ഇത്രയും ദിവസവും ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്... അവരുടെ നിയമപ്രകാരം ഞാന്‍ നിയമലംഘനമാണ് നടത്തിയത്.. അതിനായി എന്നെ അറസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍ എന്ന് പറഞ്ഞു... ഈ രാജ്യത്ത് ഓരോ താലിബാനും പൊലീസുകാരെ പോലെയാണ്.. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം.. ഞാന് ഇത് എത്രയും വേഗം എന്റെ ബോയ്ഫ്രണ്ടിനെ അറിയിച്ചു... എന്റെ കൈകാലുകള്‍ വിറച്ചു തുടങ്ങി.. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു...അതേസമയം ഞാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റ് ഫോണ്‍ ഉപയോഗിച്ച് അവരോട് സംസാരിക്കുന്നു... എന്നെ ഡി പോര്‍ട്ട് ചെയ്‌തോളാന്‍ പറഞ്ഞു... അവര്‍ പറഞ്ഞു ഞാന്‍ നിയമലംഘനം നടത്തി.. അതുകൊണ്ട് അവര്‍ അറസ്റ്റ് ചെയ്യും എന്നു പറഞ്ഞു..
ഞാന്‍ ചെയ്ത കുറ്റം എന്തെന്ന് വച്ചാല്‍ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രാജ്യത്ത് അത് അനുസരിക്കാതെ ഒറ്റയ്ക്ക് യാത്ര ചെയ്തു...ഓരോ പ്രൊവിന്‍സിലേക്കും പെര്‍മിറ്റ് എടുക്കണം ആ പെര്‍മിറ്റ് എടുത്തില്ല കാരണം ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് ഇവര്‍ ലഭിക്കില്ല... എന്നെ ഇവിടെ കൊണ്ടുവന്നു ആക്കിയ വ്യക്തി തിരികെ പോയിരുന്നു...എന്റെ നമ്പര്‍ വാങ്ങിയിട്ടുണ്ടായിരുന്നു... അദ്ദേഹത്തെ ഞാന്‍ പെട്ടെന്ന് വിവരം അറിയിച്ചു. അയാള്‍ പറഞ്ഞു കുറച്ച് അകലെയാണ് പെട്ടെന്ന് തന്നെ വരാം എന്നു പറഞ്ഞു... അങ്ങനെ ആ വ്യക്തി അവരോട് സംസാരിച്ചു ഞാനിപ്പോള്‍ വരാം അതുവരെ ഒന്ന് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു...
അദ്ദേഹം വരുന്നതുവരെ എന്റെ ഹൃദയം ഇടുപ്പ് കൂടി,ഞാന്‍ ആകെ സ്തംഭിച്ചിരിക്കുക ആയിരുന്നു. ഇവര്‍ ഞാന്‍ എന്തു പറഞ്ഞാലും തിരിച്ച് എന്നോട് ഞാന്‍ നിയമലംഘിച്ചു എന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു... കുറച്ചുസമയങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വന്നു അങ്ങനെ ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചു..ആ വ്യക്തിക്ക് ഇംഗ്ലിഷ് അറിയാം... ഞാന്‍ അയാളുടെ കാലുപിടിച്ചു പറഞ്ഞു എന്റെ അവസ്ഥ ഒന്നു മനസ്സിലാക്കണമെന്ന്.. അങ്ങനെ അദ്ദേഹം എനിക്കുവേണ്ടി ഇവരോട് സംസാരിച്ചു.. അവര്‍ അതിനു വഴങ്ങിയില്ല... ഇപ്പോള്‍ തന്നെ പെര്‍മിറ്റ് എടുക്കണം അതിനായി ഒരു ഗൈഡിനെ കൂടെ വയ്ക്കണം ഇവിടത്തെ 10000 പൈസയും പറഞ്ഞു. പെര്‍മിറ്റ് എടുക്കാന്‍ മാത്രമുള്ള പൈസ ഗൈഡിനായി വേറെ പൈസയും ഞാന്‍ കൊടുക്കണം.ഞാന്‍ പറഞ്ഞു ഈ രാജ്യത്ത് നിന്നും എക്‌സിറ്റ് ചെയ്ത് ഉസ്ബകിസ്താനിലേക്ക് പോവുകയാണ് ഞാന്‍... ഇത്രയും ദിവസം നിയമം ലംഘിച്ച് താമസിച്ചതിനാല്‍ പൈസ അടയ്ക്കണം എന്നാലേ എങ്ങോട്ടും പോകാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അവരുമായി സംസാരിച്ചു ഒത്തുതീര്‍പ്പാക്കി... എന്നോട് പെര്‍മിറ്റ് ഇല്ലാതെ തന്നെ അടുത്ത രാജ്യത്തേക്ക് പൊയ്‌ക്കോളാന്‍ പറഞ്ഞു...
ഇവരുടെ തീരുമാനങ്ങളാണ് ഇവരുടെ നിയമം... പൊലീസ് ജയിലോ ഒന്നുമല്ല.... ഇവിടത്തെ താലിബാന്‍ അത് ഓരോ മനുഷ്യരും താലിബാനാണ്... എന്നുവച്ചാല്‍ എല്ലാരും താലിബാന്‍ ആണെന്നല്ല.. ഒരുപാട് ആളുകള്‍ ഉണ്ട് അവരാണ് തീരുമാനിക്കുന്നത് ഞാന്‍ അയാളുടെ കയ്യും കാലും പിടിച്ചാണ് എന്നെ അറസ്റ്റ് ചെയ്യാതിരുന്നത്...കുറച്ചു മണിക്കൂറുകള്‍ ഞാന്‍ തീ തിന്നു. എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ ടെന്‍ഷന്‍ അടിച്ചു മരിക്കാറായി.... എനിക്ക് എന്തോ സംഭവിക്കാന്‍ പോവുകയാണെന്ന് എനിക്ക് തോന്നി... അതുകൊണ്ടാണ് എന്നെ രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്ന് ഓര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടത്..
ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്... എന്റെ ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ ഈ രാജ്യത്ത് യാത്ര ചെയ്തു പോയിട്ടുണ്ട്... അവര്‍ക്ക് ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല പെണ്‍ സുഹൃത്തുക്കളും യാത്ര ചെയ്തിട്ടുണ്ട് എന്നാല്‍ അവരെല്ലാം ഒരു ഗൈഡിനെ വച്ചാണ് യാത്ര ചെയ്തിരുന്നത്, അല്ലെങ്കില്‍ ഒരു പുരുഷന്റെ ഒപ്പം... നാളെ ഇവിടെ നിന്നും ഉസ്ബക്കിസ്ഥാന്‍ ബോര്‍ഡറിലേക്ക് പോവുകയാണ്..ഏകദേശം 500 കിലോമീറ്റര്‍ ഉണ്ട് ഇനിയും ഇടയ്ക്കുവെച്ച് ചെക്ക് പോസ്റ്റുകള്‍ ഉണ്ടാകും, എന്നെ ചെക്ക് ചെയ്യുമ്പോള്‍ അവിടെ കള്ളം പറഞ്ഞ് രക്ഷപ്പെടേണ്ടി വരും...ബോര്‍ഡര്‍ എത്തുന്ന വരെ ശ്വാസം അടക്കിപ്പിടിച്ച് ആയിരിക്കും ഞാന്‍ യാത്ര ചെയ്യുന്നത്... മണിക്കൂറുകളോളം ഞാന്‍ ഇല്ലാതെയായി... ഞാനിപ്പോള്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരുപാട് കോളും മെസ്സേജ് എല്ലാം കണ്ടു എനിക്ക് തീരെ വയ്യാതിരിക്കുകയാണ്...ടെന്‍ഷന്‍ അടിച്ചു പാനിക് ആയതുകൊണ്ട് ഇപ്പോഴും ശരീരമാകെ വിറയല്‍ പോലെയാണ്... മാറിയിട്ടില്ല... അതുകൊണ്ട് ആര്‍ക്കും റിപ്ലൈ തരാന്‍ സാധിക്കുന്നില്ല. എല്ലാവര്‍ക്കും നന്ദി സ്‌നേഹം മാത്രം എന്റെ യാത്രകള്‍ തുടരും.''