തനിക്ക് ടെന്നിസ് എല്‍ബോ എന്ന ആരോഗ്യപ്രശ്നമുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. പുതിയ ചിത്രം 'ദയ്റ'യുടെ പ്രസ് മീറ്റിനായി ഡല്‍ഹിയിലെത്തിയ താരം ഇടതുകയ്യില്‍ റിസ്റ്റ് ബ്രേസ് അണിഞ്ഞെത്തിയത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൈക്ക് പരിക്കേറ്റതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് താന്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് താരം വിശദീകരിച്ചത്.
'കൈക്ക് കുറച്ച് നാളായി ടെന്നീസ് എല്‍ബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോള്‍ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. പ്രസ് മീറ്റിന് എത്തുമ്പോള്‍ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ ഉറങ്ങുമ്പോള്‍ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടര്‍ കര്‍ശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാന്‍ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്' പൃഥ്വിരാജ് പറഞ്ഞു.
മലയാളി പ്രേക്ഷകര്‍ എല്ലാത്തരം സിനിമകളെയും തിയറ്ററുകളില്‍ സ്വീകരിക്കാറുണ്ടെങ്കിലും ക്രൈം ത്രില്ലര്‍ ഗണത്തില്‍ ശരാശരി നിലവാരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മിച്ച് വിജയിപ്പിക്കാനാകിെല്ലെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയെ പുതിയ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്ന മികച്ച തിരക്കഥാകൃത്തുക്കളും സംവിധായകരും ഇപ്പോള്‍ മലയാള സിനിമയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.താന്‍ നായകനായെത്തുന്ന ബോളിവുഡ് ചിത്രം 'ദായ്റ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ മികച്ച ത്രില്ലര്‍-പോലീസ് സിനിമകള്‍ ഉണ്ടാകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. 'മികച്ച കോപ്-പ്രൊസീജ്യറലുകളും ക്രൈം ത്രില്ലറുകളും നിര്‍മിക്കുന്ന ഇന്‍ഡസ്ട്രി മലയാളം മാത്രമാണ് എന്ന അഭിപ്രായം എനിക്കില്ല. എന്റെ ഇന്‍ഡസ്ട്രിയെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി. സിനിമയെ പുതിയ രീതിയില്‍ നോക്കിക്കാണുന്ന മികച്ച എഴുത്തുകാരന്‍ മലയാളത്തില്‍ ഇപ്പോഴുണ്ട്. അതിനെല്ലാമുപരിയായി, മലയാളി പ്രേക്ഷകര്‍ എല്ലാതരം സിനിമകളും തിയേറ്ററില്‍ കാണുന്നുണ്ട്. എന്നും ക്രൈം ത്രില്ലര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നുകരുതി, അതേ ഗണത്തില്‍ ശരാശരി നിലവാരത്തിലുള്ള സിനിമയെടുത്ത് വിജയിപ്പിക്കാന്‍ കഴിയില്ല'' പൃഥ്വിരാജ് പറഞ്ഞു.