Latest News

രേണു സുധിയുടെ പേര് ഉപയോഗിച്ച് ബാക്കി സ്ഥലങ്ങള്‍ വലിയ തുകയ്ക്ക് വിറ്റഴിച്ചെന്ന ആരോപണം; യൂട്യൂബര്‍ക്കെതിരേ മാനനഷ്ട കേസ് കൊടുക്കും; ബിഷപ്പ് നോബിള്‍ ഫിലിപ്പും രേണു സുധിയും വിവാദങ്ങളോട് പ്രതികരിക്കുമ്പോള്‍

Malayalilife
 രേണു സുധിയുടെ പേര് ഉപയോഗിച്ച് ബാക്കി സ്ഥലങ്ങള്‍ വലിയ തുകയ്ക്ക് വിറ്റഴിച്ചെന്ന ആരോപണം;  യൂട്യൂബര്‍ക്കെതിരേ മാനനഷ്ട കേസ് കൊടുക്കും;  ബിഷപ്പ് നോബിള്‍ ഫിലിപ്പും രേണു സുധിയും വിവാദങ്ങളോട് പ്രതികരിക്കുമ്പോള്‍

കൊല്ലം സുധിയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഒരുമിച്ചാണ് ഭാര്യ രേണുവിനും മക്കള്‍ക്കും സ്വന്തമായി വീടൊരുക്കി നല്കിയത്. ഇതിന് സൗജന്യമായി സ്ഥലം നല്കി ബിഷപ്പ് നോബിള്‍ ഫിലിപ്പും ഒപ്പം നില്ക്കുകയായിരുന്നു. ബിഷപ് സൗജന്യമായി നല്‍കിയ ഏഴ് സെന്റ് സ്ഥലത്ത് ആണ് കൊല്ലം സുധിക്ക് മനോഹരമായ ഒരു വീട് ഉയര്‍ന്നത്.

തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തില്‍ മാടപ്പള്ളിയ്ക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിയ്ക്ക് വീടൊരുങ്ങിയത്. താരത്തിന്റെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുള്ളത്. ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിള്‍ ഫിലിപ്പാണ് കുടുംബസ്വത്തിലെ സ്ഥലം സുധിക്ക് വീട് വെക്കാന്‍ വിട്ടുനല്‍കിയത്.സുധിലയം എന്നാണ് രേണു വീടിന് നല്‍കിയിരിക്കുന്ന പേര്

അടുത്തിടെ സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം നല്‍കിയ ബിഷപ്പിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. രേണു സുധി സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ചിലര്‍ ബിഷപ്പിനെതിരെയും പ്രചാരണങ്ങള്‍ ആരംഭിച്ചു.

കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം സൗജന്യമായി നല്‍കിയതിന് പിന്നാലെ രേണു സുധിയുടെ പേര് ഉപയോഗിച്ച് ബാക്കി സ്ഥലങ്ങള്‍ ബിഷപ്പ് വലിയ തുകയ്ക്ക് വിറ്റഴിച്ചു എന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. രേണു സുധി കാരണം ബിഷപ്പ് മനോവിഷമം അനുഭവിക്കുന്നുവെന്നും ഇരുവരും തമ്മില്‍ പ്രശ്നത്തിലാണെന്നും ആയിരുന്നു പ്രധാന ആരോപണം.

എന്നാല്‍ ഇതിനെതിരെ രേണു ചില അഭിമുഖങ്ങളില്‍ പ്രതികരിച്ചിരുന്നു. കൊല്ലം സുധിക്ക് സ്ഥലം കൊടുത്തതിന്റെ പേരില്‍ ആരും ബിഷപ്പിന്റെ സ്ഥലം വാങ്ങാന്‍ വരുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണ് രേണു പറഞ്ഞത്. ആവശ്യക്കാര്‍ മാത്രമാണ് വില കൊടുത്ത് സ്ഥലം വാങ്ങുന്നതെന്നും രേണു വ്യക്തമാക്കി.

കൊല്ലം സുധിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടാണ് താന്‍ സ്ഥലം വിട്ടു നല്‍കിയതെന്നും പ്രശസ്തിക്കു വേണ്ടിയല്ലെന്നും ബിഷപ്പ് നോബിളും പ്രതികരിച്ചു. രേണുവിന്റെ പേര് ഉപയോഗിച്ച് തന്റെ മറ്റു വസ്തുക്കള്‍ വിറ്റെന്ന പ്രചാരണം വലിയ വേദന ഉണ്ടാക്കുന്നതായും ബിഷപ്പ് പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് ശക്തമായ പ്രതികരണവുമായി ഇരുവരും ഒരുമിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബിഷപ്പില്‍ നിന്നുള്ള അനുഗ്രഹം വാങ്ങി വിവാദങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് രേണു നല്‍കിയത്.

കൊല്ലം സുധിയുടെ മക്കള്‍ക്ക് സ്ഥലം ദാനമായി നല്‍കിയ ശേഷം ഇന്നു വരെ ഒരു സെന്റ് സ്ഥലം പോലും വിറ്റിട്ടില്ലെന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ് വെളിപ്പെടുത്തി. താന്‍ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് ബിഷപ്പെന്നും എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വലിയൊരു സഹായമാണ് ചെയ്തതെന്നും അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും രേണു സുധി അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചു

രേണു സുധിയുടെ പേര് ഉപയോഗിച്ച് ബിഷപ്പ് തന്റെ സ്ഥലങ്ങള്‍ വലിയ തുകയ്ക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ച യുട്യൂബര്‍ക്കെതിരേ മാനനഷ്ടക്കേസ് ഉള്‍പ്പെടെ നിയമനടപടി സ്വീകരിക്കുമെന്നും ബിഷപ്പ് നോബിള്‍ അറിയിച്ചു. രേണു സുധിയുടെ കുടുംബത്തിന് സ്ഥലം നല്‍കിയതില്‍ ഞാന്‍ സന്തോഷത്തിലായിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയിലുള്ള ഒരു യൂട്യൂബര്‍ രേണു സുധിയുമായി ഒരു അഭിമുഖം നടത്തുന്നത് കണ്ടു. അവരുടെ ചോദ്യം എനിക്കും എന്റെ കുടുംബത്തിനും വലിയ മനോവിഷമം ഉണ്ടാക്കി. തന്നെയും തന്റെ കുടുംബത്തെയും വ്യക്തിഹത്യ ചെയ്യുന്ന ചോദ്യമാണ് യൂട്യൂബര്‍ ഉന്നയിച്ചത്.

ഏക്കറുകണക്കിന് വസ്തുക്കള്‍ എനിക്ക് സ്വന്തമായുണ്ട്. അത് വില്‍ക്കണോ വേണ്ടയോ എന്നത് ഞാനും എന്റെ കുടുംബവുമായി തീരുമാനിക്കേണ്ടതാണ്. അതിന് രേണു സുധിയുടെ മക്കളുമായി ബന്ധമില്ല. എന്റെ വീട്ടുകാരോട് ചോദിക്കാതെയാണ് ഞാന്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.

സുധിയുടെ കുടുംബത്തിന് സ്ഥലം വിട്ടുകൊടുത്തതിലല്ല, യൂട്യൂബറുടെ ചോദ്യമാണ് എന്നെ വിഷമിപ്പിച്ചത്. സ്ഥലം ദാനം കൊടുക്കുന്ന സമയത്തുള്ള രേണു സുധിയല്ല ഇപ്പോഴത്തെ രേണുവെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ബിഷപ്പ് പറഞ്ഞു. ഞാന്‍ കണ്ട നാള്‍ മുതല്‍ എന്നോട് വളരെ ബഹുമാനത്തോടും ആദരവോടും കൂടെ തന്നെയാണ് രേണു പെരുമാറിയിട്ടുള്ളത്. ദൈവഭക്തിയുള്ള ഒരു പെണ്‍കുട്ടിയാണ് രേണു.

അത് അതിന്റെ ജീവിത മാര്‍ഗമായി മുന്നോട്ടുപോകുന്നു. എന്നെ എപ്പോ കണ്ടാലും ബഹുമാനപൂര്‍വ്വം സംസാരിക്കുകയും പുഞ്ചിരിക്കുകയും ചെയ്ത് കടന്നു പോകുന്ന ഒരു പെണ്‍കുട്ടിയാണ്. അവര്‍ സ്വന്തം ഇഷ്ടത്തിന് ഒരു പ്രൊഫഷന്‍ തെരഞ്ഞെടുത്തു. അതിന് എനിക്ക് യാതൊരു വിഷമവുമില്ല. നാടകത്തിലും ചെറിയ ആല്‍ബങ്ങളിലും അഭിനയിക്കാന്‍ ഒരു പാഷന്‍ തോന്നി അവര്‍ പോയി. അതില്‍ എനിക്ക് എതിര്‍പ്പില്ല. ഞാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

കൊല്ലം സുധിയെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് അവരുടെ ജീവിതാവസ്ഥ അറിഞ്ഞതെന്നും പുരോഹിതന്‍ പറഞ്ഞു. അവര്‍ വീട് കേറിതാമസത്തിന് എന്നെ ഔദ്യോഗികമായി ക്ഷണിക്കുകയും അതുപ്രകാരം ഭവനം ആശിര്‍വദിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അവര്‍ സന്തോഷത്തോടെയും സ്നേഹത്തോടെയും അവിടെ താമസിക്കുന്നത് കാണുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ഇതിനിടയില്‍ ചില ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നു വന്നതിലാണ് തനിക്ക് മനോവിഷമം ഉള്ളത്.

സ്ഥലം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച യൂട്യൂബര്‍ക്കെതിരേ മാനനഷ്ട കേസ് കൊടുക്കാനാണ് തീരുമാനം. ഇതിനായുള്ള ചര്‍ച്ചകള്‍ അഭിഭാഷകരുമായി നടത്തിക്കഴിഞ്ഞു. സഹായം ചെയ്യുന്നവരുടെ മനസിനെ വേദനിപ്പിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഇത്തരം ഇടപെടലുകള്‍ അവസാനിപ്പിക്കണം.

രേണു സുധി വരുന്ന ഒരു ചെറിയ കലാകാരിയാണ്. അവരെ പിന്നില്‍ നിന്ന് സഹായിക്കാന്‍ ആരുമില്ല. രേണു സുധി തല ചൊറിഞ്ഞാല്‍ പോലും അതെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ കാണിക്കുക. ഒരു സ്ത്രീയെന്ന ബഹുമാനം പോലും കൊടുക്കാതെ അവരെ അവഹേളിക്കുന്നതില്‍ ദുഃഖമുണ്ട്. ഒരു വ്യക്തിയെ തരം താഴ്ത്താനുള്ള ഇത്തരം സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് മനോവിഷമമുണ്ട്. ഭര്‍ത്താവ് മരിച്ചതിനു ശേഷം ജീവിത മാര്‍ഗം തേടുന്ന ഒരു സ്ത്രീയെ ബഹുമാനിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ സമൂഹത്തില്‍ വലിച്ചുകീറാനല്ല ശ്രമിക്കേണ്ടത്.

സമൂഹ മാധ്യമങ്ങളില്‍ ഒത്തിരി നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തുന്ന പ്രവര്‍ത്തനങ്ങള്‍ യൂട്യൂബര്‍മാര്‍ അവസാനിപ്പിക്കണം. പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് അവരുടെ മാന്യത തകര്‍ക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കണം. അവര്‍ക്കു വേണ്ടത് ഒരുപക്ഷേ കണ്ടന്റായിരിക്കും. ഈ യൂട്യൂബര്‍മാരുടെ വീട്ടിലും സഹോദരിമാരും അമ്മമാരും ആന്റിമാരും ഒക്കെയുണ്ട്. ഇങ്ങനെ സ്ത്രീകളെ സമൂഹത്തിന് മുന്നില്‍ വലിച്ചുകീറി ഒട്ടിക്കരുത്.

താന്‍ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് ബിഷപ്പെന്ന് രേണു പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരേ ശക്തമായ മറുപടിയാണ് ഇരുവരും നല്‍കിയത്.

bishop noble philip and renu sudhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES