എല്ലാവരും ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഒരു യാത്രയാണ് വിമാന യാത്രകള്‍. വിമാനത്തിനോട് ഉള്ള ഇഷ്ടവും താല്‍പര്യവും കാരണം പൈലറ്റാകാന്‍ പഠിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്. എത്ര അപകടങ്ങള്‍ നടന്നാലും വിമാന യാത്ര എന്നത് എല്ലാവര്‍ക്കും ഒരു പ്രത്യേകതയാണ്. അങ്ങനെ വിമാനത്തെയും ആകാശത്തെയും സ്നേഹിച്ച വ്യക്തിയായിരുന്നു ഗൗതം സന്തോഷ്. അതിനായി തന്റെ ജീവിതം തന്നെ മാറ്റി വച്ചു. പക്ഷേ വിധി ആ ഇഷ്ടത്തിലൂടെ തന്നെ ഗൗതമിനെ തട്ടിയെടുത്തിരിക്കുകയാണ്. ഓണത്തിന് അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനായി നാട്ടിലേക്ക് വരും എന്ന് പറഞ്ഞ ഗൗതമിന്റെ ചേതനയറ്റ ശരീരമാണ് തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിച്ചത്.
ഗൗതം അമ്മയ്ക്ക് ഓണത്തിന് ഒരു വലിയ സര്‍പ്രൈസ് നല്‍കണമെന്നായിരുന്നു ആഗ്രഹം. നാട്ടിലെത്തും, ഒപ്പം ആഘോഷങ്ങള്‍ക്കും അമ്മയ്‌ക്കൊപ്പമുള്ള സമയം ചെലവിടാനും അവന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. അമ്മ കാത്തിരുന്നത് ജീവനുള്ള മകനെ ആയിരുന്നു, പക്ഷേ എത്തിയതു അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം മാത്രമായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍, പൂജപ്പുര ചട്ടമ്പിസ്വാമി റോഡിലെ വിദ്യാധിരാജ നഗര്‍ ശ്രീശൈലത്തില്‍, ഇന്നലെ ഗൗതമിന്റെ ശരീരം എത്തിച്ചപ്പോള്‍ അവിടം മുഴുവന്‍ ദുഃഖത്തില്‍ മുങ്ങി. മകന്റെ മരണവാര്‍ത്ത കേട്ട് ഇതിനകം വേദനയില്‍ മുങ്ങിയിരുന്ന അമ്മ ശ്രീകലയ്ക്ക്, മകന്റെ ശരീരം കണ്ട ആ നിമിഷം സഹിക്കാന്‍ കഴിഞ്ഞില്ല. വീടിനുള്ളില്‍ കരച്ചില്‍ നിറഞ്ഞപ്പോള്‍, അവരെ ആശ്വസിപ്പിക്കാന്‍ മകള്‍ക്കും ബന്ധുക്കള്‍ക്കും വാക്കുകള്‍ പോലും കിട്ടിയില്ല. എല്ലാവരും ഒന്നിച്ചുള്ള കരച്ചിലില്‍ ആയിരുന്നു.
കാനഡയില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ ഭയാനകമായ അപകടത്തില്‍ മരിച്ച ഗൗതം സന്തോഷിന്റെ (27) മൃതദേഹം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തില്‍ മകന്റെ ശരീരം അടങ്ങിയ പേടകം എത്തിയപ്പോള്‍, മാതാപിതാക്കളായ കെ. എസ്. സന്തോഷ്‌കുമാറും എല്‍. കെ. ശ്രീകലയും സഹോദരി ഡോ. ഗംഗാ സന്തോഷും കണ്ണുനീര്‍ തടയാനാവാതെ വിങ്ങിപ്പൊട്ടി. അവരുടെ മുഖത്തിലെ ദുഃഖം കണ്ടവര്‍ പോലും കണ്ണുനീര്‍ പൊഴിക്കാതെ ഇരിക്കാനായില്ല. ഗൗതം അവസാനമായി നാട്ടിലെത്തിയത് 2023 സെപ്റ്റംബറിലാണ്, സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം തിരികെ പോയെങ്കിലും, ഡിസംബറില്‍ വീണ്ടും നാട്ടിലെത്തി കുറച്ച് ദിവസം ചെലവഴിച്ചു. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമാണ് അദ്ദേഹം വീണ്ടും കാനഡയിലേക്ക് മടങ്ങിയത്. അതിനു മുന്‍പ്, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും നാട്ടില്‍ എത്തിയിരുന്നു.
സെപ്റ്റംബര്‍ 23ന് ഗൗതമിന്റെ ജന്മദിനമാണ്. കുടുംബം, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എല്ലാം ചേര്‍ന്ന് അദ്ദേഹത്തോടൊപ്പം ആഘോഷിക്കാറുണ്ടായിരുന്നു ആ ദിവസം. എന്നാല്‍, ഇത്തവണ ആ ദിനം ആഘോഷത്തിന് പകരം കണ്ണീരിന്റെയും ഓര്‍മ്മകളുടെയും ദിനമായിരിക്കും. മകന്റെ ഒപ്പം ആ ദിനം ആഘോഷിക്കാനിരുന്നതാണ് ആ അമ്മയും അച്ഛനും സഹോദരിയും. പക്ഷേ ഇനി അവര്‍ക്ക് ആഘോഷിക്കാന്‍ അവന്‍ ഇല്ല എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. കാനഡയില്‍ വച്ചാണ് ഗൗതത്തിന്റെ വിമാനം അപകടത്തില്‍ പെടുന്നത്. ശനിയാഴ്ച ദിവസമായിരുന്നതിനാല്‍ അന്ന് ഗൗതത്തിന് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. അവെള്ളിയാഴ്ച ഏകദേശം 12 മണിക്കൂറോളം ജോലി ചെയ്തിരുന്ന ഗൗതം ശനിയാഴ്ച റെസ്റ്റ് എടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച റെസ്റ്റ് എടുക്കുന്നതിന് മുന്‍പ് വെറുതെ വിമാനത്താവളത്തിലേക്ക് കാഴ്ച കാണാന്‍ എത്തിയതാണ്. അവിടെ എത്തിയപ്പോള്‍ മനസ്സില്‍ നിന്നും ഉണ്ടായ പെട്ടെന്നുള്ള തീരുമാനത്തില്‍ ഗൗതം പറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ആ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ മരണം തന്നെ സംഭവിക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ഗൗതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ആകാശത്ത് വച്ച് തന്നെയായിരുന്നു അവന്റെ മരണവും സംഭവിച്ചത്. 2019ലാണ് ഗൗതം സന്തോഷ് കാനഡയിലേക്കു പോയത്. തുടര്‍ന്നവിടെ ഫ്ളയിങ് ഇന്‍സ്ട്രക്ടറും പൈലറ്റുമായി ജോലിചെയ്തു വരുകയായിരുന്നു. രണ്ടുമാസം മുന്‍പാണ് നിലവില്‍ ജോലിചെയ്യുന്ന കമ്പനിയായ കിസിക് ഏരിയല്‍ സര്‍വേ ഇന്‍കോര്‍പ്പറേറ്റഡില്‍ ചേര്‍ന്നത്. ശനിയാഴ്ച വിമാനത്തില്‍ കയറുന്നതിന് മുന്‍പ് വിളിച്ചതാണ് ഗൗതം. എയര്‍പോര്‍ട്ടില്‍ പോകണം എന്നും കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട് എന്നും അത് കഴിഞ്ഞാല്‍ റെസ്റ്റ് ആണ് എന്നും പറഞ്ഞാണ് വിളിച്ചത്. പിന്നീട് വിളി ഒന്നും വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് അപകടത്തിന്റെ കാര്യം അറിയുന്നത്. 26ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.37-ന് ന്യൂഫൗണ്ട്‌ലാന്‍ഡിലെ ഡീര്‍ തടാകത്തിനു സമീപത്താണ് വിമാനം അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച് സംസ്‌കരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഇന്ത്യന്‍ എംബസി, നോര്‍ക്ക, മുഖ്യമന്ത്രിയുടെ ഓഫിസ്, ശശി തരൂര്‍ എംപി, ഡിസിസി പ്രസിഡന്റ് എന്‍. ശക്തന്‍ തുടങ്ങിയവരുടെ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ന്യൂഫൗണ്ട് ലാന്‍ഡിലെ മലയാളി അസോസിയേഷന്‍ പ്രതിനിധികളും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായങ്ങള്‍ ചെയ്തിരുന്നു.