ബിഗ് ബോസ്താരം ജാസ്മിന്റെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ റീല്‍ ദേശീയ വിഷയമായി; ക്ഷേത്രത്തില്‍ ശുദ്ധികര്‍മ്മം തുടങ്ങിയ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും; 5 ഓതിക്കന്മാര്‍ ചേര്‍ന്ന് കുളത്തില്‍ പുണ്യാഹം നടത്തി

Malayalilife
 ബിഗ് ബോസ്താരം ജാസ്മിന്റെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ റീല്‍ ദേശീയ വിഷയമായി; ക്ഷേത്രത്തില്‍ ശുദ്ധികര്‍മ്മം തുടങ്ങിയ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും; 5 ഓതിക്കന്മാര്‍ ചേര്‍ന്ന് കുളത്തില്‍ പുണ്യാഹം നടത്തി

വ്‌ളോഗര്‍ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രകുളത്തില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ചതിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുണാഹ്യ ചടങ്ങുകള്‍ നടന്നു. ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തിലാണ് പുണാഹ്യ ചടങ്ങുകള്‍ നടന്നത്. ഇതേ തുടര്‍ന്ന് രാവിലെ ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി വെച്ചിരുന്നു.

ക്ഷേത്ര ശുദ്ധീകരണ ചടങ്ങുകളുടെ ഭാഗമായി ശീവേലി നടന്നു. വിഗ്രഹത്തെ സ്വര്‍ണ തളികയില്‍ വെച്ച് ക്ഷേത്രത്തിന് ചുറ്റും വലം വെച്ചു. ഇതിനൊപ്പം മറ്റ് പൂജകളും നടന്നു. 5 ഓതിക്കന്മാര്‍ ചേര്‍ന്ന് ഹോമം, പുണ്യാഹം ചടങ്ങുകള്‍ക്കു ശേഷം ഇന്ന് മുതല്‍ 6 ദിവസത്തെ 18 പൂജകളും 18 ശീവേലികളും വീണ്ടും നടത്തും. ക്ഷേത്രക്കുളം രുദ്ര തീര്‍ഥം എന്നാണ് അറിയപ്പെടുന്നത്. ഓരോവര്‍ഷവും ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങ് നടക്കുന്നത് ഈ ക്ഷേത്രക്കുളത്തിലാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജാസ്മിന്‍ കുളത്തില്‍ ഇറങ്ങിയ അന്നു മുതലുള്ള പൂജകളാണ് ചൊവ്വാഴ്ച തുടങ്ങിയത്. ക്ഷേത്രം തന്ത്രിയാണ് പ്രായശ്ചിത്തം സംബന്ധിച്ച് തീരുമാനമെടുത്തത്. വിവാദം ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായിട്ടുണ്ട്. 

പുണ്യാഹം ചടങ്ങിനെ തുടര്‍ന്ന് ദര്‍ശനനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. പുണ്യാഹകര്‍മങ്ങള്‍ കഴിഞ്ഞശേഷം വൈകീട്ടു മാത്രമേ ഭക്തര്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകൂ. ക്ഷേത്രക്കുളത്തില്‍ ആചാരവിരുദ്ധമായി അഹിന്ദു വനിത ഇറങ്ങി വിഡിയോ ഷൂട്ടിങ് നടത്തിയതിനാല്‍ നടത്തുന്ന ശുദ്ധികര്‍മങ്ങള്‍ കാരണം ഇന്ന് രാവിലെ അഞ്ചു മുതല്‍ ഉച്ചവരെ ദര്‍ശനനിയന്ത്രണം ഉണ്ടായിരുന്നു. 

ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തിലിറങ്ങി ചിത്രീകരിച്ച റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്. ക്ഷേത്രത്തിന്റെ ഭാഗമായാണ് കുളവും കണക്കാക്കുന്നത്. ക്ഷേത്രത്തിലേതുപോലെ കുളത്തിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. വിഡിയോ ചിത്രീകരണം ഹൈകോടതി വിലക്കിയിട്ടുമുണ്ട്. വിഡിയോ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കൈമാറിയിരിക്കുകയാണ്. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. 

സംഭവം വിവാദമായതോടെ സമൂഹമാധ്യമത്തില്‍നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ജാസ്മിന് നേരിടേണ്ടി വന്നത്. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെ ജാസ്മിന്‍ മാപ്പ് പറഞ്ഞിരുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ജാസ്മിന്‍ പറഞ്ഞു. വിവാദമായ റീല്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 'എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു' -എന്ന കുറിപ്പാണ് ജാസ്മിന്‍ പങ്കുവെച്ചത്.
 

jasmin jaffar visit guruvayoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES