മോനെ നോക്കിക്കോണെ.... ഒരു സ്ഥലത്ത് പോകാനുണ്ട്; മകനെ സഹോദരിയെ ഏല്‍പ്പിച്ച് പോയത് മരണത്തിലേക്ക്; തനിച്ചായി മൂന്ന് വയസുകാരന്‍ മകന്‍; കാസര്‍കോട് അധ്യാപികയ്ക്കും ഭര്‍ത്താവിനും സംഭവിച്ചത്

Malayalilife
മോനെ നോക്കിക്കോണെ.... ഒരു സ്ഥലത്ത് പോകാനുണ്ട്; മകനെ സഹോദരിയെ ഏല്‍പ്പിച്ച് പോയത് മരണത്തിലേക്ക്; തനിച്ചായി മൂന്ന് വയസുകാരന്‍ മകന്‍; കാസര്‍കോട് അധ്യാപികയ്ക്കും ഭര്‍ത്താവിനും സംഭവിച്ചത്

കാസര്‍കോട് മഞ്ചേശ്വരം എന്ന ചെറുഗ്രാമത്തെ ദുഃഖത്തില്‍ ആഴ്ത്തിയ വാര്‍ത്തയായിരുന്നു അത്. ഇന്നലെ വരെ സന്തോഷത്തോടെ ജീവിച്ചിരുന്ന ദമ്പതികള്‍ ജീവിതത്തിന്റെ കഠിനതകള്‍ക്ക് മുന്നില്‍ തോറ്റു പോയെന്നതാണ് ഹൃദയം തകര്‍ക്കുന്ന വസ്തുത. കടമ്പാറ സ്വദേശികളായ അജിത്തും ഭാര്യ ശ്വേതയുമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ദിവസേനയുള്ള പോരാട്ടങ്ങള്‍ക്കിടയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരെ തളര്‍ത്തിയെന്നാണ് പറയുന്നത്. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശ്വേതയും പെയിന്റിങ് തൊഴിലാളിയായ അജിത്തും കുടുംബത്തിനായി കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ജീവിതത്തിലെ ഭാരം സഹിക്കാന്‍ കഴിയാതെ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് വയസ്സുള്ള മകനെ തനിച്ചാക്കിയാണ് രണ്ട് പേരും ആത്മഹത്യ ചെയ്തത്. 

അജിത്തിന്റെയും ശ്വേതയുടെയും അപ്രതീക്ഷിതമായ മരണവാര്‍ത്ത കേട്ട് നാട്ടുകാരും ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എല്ലാം തളര്‍ന്നു പോയിരിക്കുകയാണ്. ഇപ്പോഴും ആര്‍ക്കും അവരുടെ മരണം വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ദമ്പതികളായ ഇവര്‍ ഇങ്ങനെ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. എപ്പോഴും ചിരിച്ച് മാത്രമേ ശ്വേതയെ കണ്ടിട്ടുളള എന്ന് സഹപ്രവര്‍ത്തകര്‍ ദുഃഖത്തോടെ പറയുന്നത്. അജിത്തിനെയും നാട്ടുകാര്‍ ഒരുപാട് സ്നേഹിച്ചിരുന്നു; എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം കാണിക്കുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടാണ് ഇവര്‍ എന്തിനാണ് ഇങ്ങനെ ഒരു ദാരുണ തീരുമാനമെടുത്തതെന്ന് ആരും മനസിലാക്കാനാവാത്തത്.

തിങ്കളാഴ്ച ശ്വേത പതിവുപോലെ ജോലി കഴിഞ്ഞ് കുറച്ച് നേരത്തെ വീട്ടിലെത്തി. അന്ന് വൈകിട്ട് ഭര്‍ത്താവ് അജിത്തിനോടൊപ്പം മൂന്നു വയസ്സുള്ള മകനെ കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. മകനെ അവിടെ വച്ച്, മോനെ നോക്കികോണേ ഒരു ചെറിയ സ്ഥലത്ത് പോകാനുണ്ട്, ഉടനെ തിരികെ വരാം എന്നായിരുന്നു ശ്വേതയുടെ വാക്കുകള്‍. സഹോദരിയും അതിന് കൂടുതലൊന്നും ചോദിച്ചില്ല.  പതിവ് സന്ദര്‍ശനമായിരിക്കുമെന്ന് വിചാരിച്ചു. എന്നാല്‍, അത് അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു വെന്നും ഇനി അവരെ കാണാന്‍ സാധിക്കില്ല എന്നും സഹോദരി വിചാരിച്ചിരുന്നില്ല. കുട്ടിയെ സഹോദരിയില്‍ ഏല്‍പ്പിച്ച് ഇവര്‍ വീട്ടിലേക്ക് തന്നെയാണ് മടങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരം ഏറെ കഴിഞ്ഞിട്ടാണ് അയല്‍വാസികള്‍ വീട്ടുമുറ്റത്ത് ഇവരെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടി എത്തി അവരെ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവരുടെ അവസ്ഥ ഗുരുതരമായതിനാല്‍ പിന്നീട് ദേര്‍ളക്കട്ടയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ആ സമയം വരെ ആരും മനസിലാക്കിയിരുന്നില്ല  സന്തോഷത്തോടെ ജീവിച്ചിരുന്ന ആ യുവദമ്പതികള്‍ ഇനി മടങ്ങിവരില്ലെന്ന വേദനാജനക സത്യം.

പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അജിത്തിന്റെ മരണം. ജീവിതത്തിനായി എത്ര കഷ്ടപ്പെട്ടവനാണെന്ന് അറിയാവുന്നവര്‍ക്ക് ആ വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഭാര്യ ശ്വേതയും ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ പല മണിക്കൂറുകളും പരിശ്രമിച്ചെങ്കിലും അവളെ രക്ഷിക്കാനായില്ല. ഏതാനും മണിക്കൂറുകള്‍ക്കുശേഷം അവളും അജിത്തിനൊപ്പം യാത്രയായി. ഒരേ ദിവസം, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ജീവനുകള്‍ പോയതോടെ നാട്ടുകാര്‍ ഞെട്ടലിലും ദുഃഖത്തിലുമായി. പൊലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഈ ദാരുണ സംഭവത്തിന് പിന്നില്‍. കഴിഞ്ഞ ചില മാസങ്ങളായി ചില കടബാധ്യതകള്‍ ഇവരെ ഏറെ അലട്ടിയിരുന്നുവെന്നാണു വിവരം. അതിനാലാണ് ഇരുവരും ജീവിതത്തിന്റെ ഭാരം സഹിക്കാനാകാതെ ഇത്തരമൊരു ദുഃഖകരമായ തീരുമാനം എടുത്തതെന്നാണ് സംശയം. മഞ്ചേശ്വരം പൊലീസ് ഇപ്പോള്‍ സംഭവത്തിന്റെ പൂര്‍ണ വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണ്  എന്താണ് യഥാര്‍ഥത്തില്‍ ഇവരെ ഈ വഴിയിലേക്കു നയിച്ചതെന്നറിയാന്‍.

kasargod couple suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES