സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം അനേകം ആളുകള്‍ക്കുണ്ട്. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കാനും, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാതെ സ്വയം മുന്നേറാനും എല്ലാവര്‍ക്കും തോന്നാറുണ്ട്. പക്ഷേ, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യത്തോടെ മുന്നോട്ട് വരുന്നത് വളരെ കുറച്ചുപേരാണ്. കാരണം, ബിസിനസ് തുടങ്ങുമ്പോള്‍ വലിയൊരു റിസ്‌ക് ഏറ്റെടുക്കേണ്ടിവരും. ആദ്യകാലത്ത് നിക്ഷേപം കൂടുതലായിരിക്കും, എന്നാല്‍ വരുമാനം ഉടന്‍ ലഭിക്കണമെന്നില്ല. പലപ്പോഴും നഷ്ടം വരാനും സാധ്യതയുണ്ട്. കടബാധ്യത, കുടുംബച്ചെലവ്, സ്ഥിരമായ വരുമാനം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം ഒരാളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. അതുകൊണ്ടാണ് പലരും ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും പിന്നോട്ട് പോകുന്നത്. എന്നാല്‍ ധൈര്യമായി മുന്നോട്ട് പോയി, കഠിനാധ്വാനവും ശരിയായ പദ്ധതിയും കൊണ്ട് മുന്നേറുന്നവര്‍ക്ക് വിജയത്തിന്റെ സാധ്യത കൂടുതലാണ്. അത്തരത്തില്‍ ജീവിതത്തില്‍ വിജയിച്ച ഒരു പെണ്‍കരുത്തിന്റെ കഥയാണിത്. നിജുല പരാടന്‍
കോഴിക്കോട് ചാലപ്പുറത്ത് നിജുല ജനിച്ചത് ഒരു ബിസിനസ് കുടുംബത്തിലാണ്. അവളുടെ വേരുകള്‍ മലപ്പുറം ചെമ്മാട്ടിലെ പ്രശസ്തമായ പരാടന്‍ ബിസിനസ് കുടുംബത്തോടാണ് ബന്ധപ്പെട്ടു കിടക്കുന്നത്. അച്ഛന്‍ പരാടന്‍ മുഹമ്മദ് കുട്ടി കുടുംബത്തിന്റെ ബിസിനസ് പരമ്പര കൈകാര്യം ചെയ്തുവരികയായിരുന്നു. അമ്മ ദുബായില്‍ റസ്റ്റോറന്റും സൂപ്പര്‍മാര്‍ക്കറ്റും വിജയകരമായി നടത്തിവരികയും ചെയ്തു. സാമ്പത്തികമായി വളരെയധികം മുന്നേറിയിരുന്ന കുടുംബമായതിനാല്‍, എല്ലാവരും സ്ഥിരതയുള്ള ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മയ്ക്കും അച്ഛനും നാല് പെണ്‍മക്കള്‍ ഉണ്ടായ ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ആ പെണ്‍കുട്ടിയാണ് നിജുല. കുറച്ച് നാളുകള്‍ക്ക് ശേഷം അവരുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങി. അച്ഛനും അമ്മയും രണ്ടായി. ഇതിനിടെ ബിസിനസ് തകര്‍ന്നു. കടം പെരുകി. കടക്കാര്‍ വീട്ടില്‍ എത്താന്‍ തുടങ്ങി. ഇതെല്ലാം ബാധിച്ചത് നിജുലയെ ആയിരുന്നു.
പോടിച്ച് നിജുല മരിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. കടക്കാരെ പേടിച്ച് വീട് വിട്ട് പോയി. പക്ഷേ പോലീസ് കണ്ട് പിടിച്ച് തിരികെ വീട്ടില്‍ എത്തിച്ചു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. അതും ഡോക്ടറെ. പക്ഷേ അവിടെയും സഹിക്കാവുന്നതിലും അപ്പുറം നിജുല സഹിച്ചു. അതോടെ തിരികെ വീണ്ടും വീട്ടിലേക്ക് വന്നു. വീണ്ടും ആത്മഹത്യയക്ക് ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. വീട്ടുകാര്‍ വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ ബസില്‍ ക്ലീനറായ മുനീര്‍ കൊട്ടാരത്തിലിനെ വിവാഹം കഴിച്ചു. രണ്ട് പേരും സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് മറ്റൊരു പ്രശ്‌നം വന്നത്. അപകടത്തില്‍ ഭര്‍ത്താവ് കിടപ്പിലായി. ആകെ ഉണ്ടായിരുന്ന വരുമാനവും നിന്നു. പക്ഷേ അവിടെയും തോറ്റ് പോകാന്‍ നിജുല തയ്യാറായിരുന്നില്ല. തന്റെ ഉള്ളിലെ ബിസിനസുകാരി ഉണര്‍ന്നു. ബാങ്കില്‍ ഇന്‍ഷുറന്‍സ് കണ്‍സല്‍ട്ടന്റായി. ഒപ്പം കോട്ടണ്‍ സാരികള്‍ മൊത്തമായെടുത്ത് വില്‍പ്പനയും തുടങ്ങി.
ചെലവുകള്‍ ഒരുവിധം നടന്നുപോയെങ്കിലും കടമുണ്ടായിരുന്നു. രണ്ടരവര്‍ഷത്തിനുശേഷമാണ് ഭര്‍ത്താവിന് നടക്കാനായത്. കടംവീട്ടാന്‍ ഭര്‍ത്താവിനൊപ്പം ഹോളോബ്രിക്‌സ് കമ്പനിയില്‍ പണിക്കുപോയി. അതും പറ്റാതായപ്പോഴാണ് ഭര്‍ത്താവുമൊന്നിച്ച് ഖത്തറിലേക്ക് വീട്ടുജോലിക്കാരിയായി പോയത്. ഭര്‍ത്താവ് അവരുടെ ബന്ധുവീട്ടില്‍ ഷെഫായും നിന്നു. പിന്നീട് ആ വീട്ടില്‍ കുഞ്ഞുപിറന്നപ്പോള്‍ അവന്റെ ആയയായി. കുറച്ചുകാലംകഴിഞ്ഞപ്പോള്‍ അവരുടെ ബന്ധുവീട്ടില്‍ ഷെഫായി. അവരുടെ മകനാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്ക് ക്ഷണിച്ചത്. മികവോടെ ജോലിചെയ്യാനും പണം സമ്പാദിക്കാനും ആ ജോലി സഹായിച്ചു. ഇടയ്ക്ക് നാട്ടിലെത്തി സ്ഥലവും വീടും കാറും മറ്റും വാങ്ങി. പിന്നീട് ഭര്‍ത്താവുമാത്രമേ തിരിച്ചുപോയുള്ളൂ. എന്തെങ്കിലും ചെയ്യണമെന്ന് ആലോചിക്കുന്ന കാലത്താണ് ഇന്‍ഷുറന്‍സിന്റെ ആവശ്യത്തിനായി എല്‍ഐസിയില്‍ ചെല്ലുന്നത്. അവിടെ സംസാരിച്ച ഉദ്യോഗസ്ഥനാണ് ഇന്‍ഷുറന്‍സ് കണ്‍സല്‍ട്ടന്റാവാന്‍ നിര്‍ബന്ധിച്ചത്. വളരെ പെട്ടെന്ന് പ്രീമിയം ടോപ്പറായി.
അങ്ങനെയാണ് ഈ രംഗത്ത് കൂടുതല്‍ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത്. പല ആവശ്യങ്ങള്‍ക്കും ലോണെടുക്കാനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ ശരിയായ ഉപദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2020 മുതല്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായത്. വിവിധ ഇന്‍ഷുറന്‍സ്, വിവിധ ലോണുകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലെല്ലാം ഉപദേശം നല്‍കുന്നുണ്ട്. ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് ഓഫീസ്. അടുത്തിടെ പരാടന്‍ കണ്‍സ്ട്രക്ഷന്‍സിലൂടെ നിര്‍മാണരംഗത്തേക്കും ചുവടുവെച്ചു. ഇപ്പോള്‍ 14 ആളുകളാണ് നിജുലയ്ക്കുകീഴില്‍ ജോലിചെയ്യുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയ നിജുല എംബിഎ പഠനത്തിനൊരുങ്ങുകയാണ്. മൃഗസ്‌നേഹിയായ നിജുല ഗുരുതരരോഗമുള്ളതോ പരിക്കേറ്റതോ ആയ പത്തോളം പൂച്ചകളെയും ഒരു നായയെയും സംരക്ഷിക്കുന്നുമുണ്ട്. ഇരിങ്ങാടന്‍പള്ളി മിറാക്കിള്‍ വേള്‍ഡിലാണ് താമസം.