Latest News

ടോക്‌സിക്കിന് ചരിത്രപരമായ വിദേശ കരാര്‍; ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ഫാര്‍സ് ഫിലിം

Malayalilife
 ടോക്‌സിക്കിന് ചരിത്രപരമായ വിദേശ കരാര്‍; ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ഫാര്‍സ് ഫിലിം

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നതിന് മുന്‍പേ തന്നെ 'ടോക്‌സിക്' ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്. ആന്ധ്ര-തെലങ്കാന മാര്‍ക്കറ്റില്‍ ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സുമായി (SVC) 120 കോടി രൂപയുടെ വിതരണ കരാര്‍ ഒപ്പിട്ട ആദ്യ ഇതര തെലുങ്ക് ചിത്രം എന്ന നിലയില്‍ ടോക്‌സിക് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ആവേശം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിരിക്കുന്നു.

ആഗോള വിപണിയില്‍, പ്രമുഖ വിതരണക്കാരായ ഫാര്‍സ് ഫിലിം 'ടോക്‌സിക്' സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ പ്രീ-റിലീസ് യാത്രയില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിദേശ വിതരണ കരാറുകളില്‍ ഒന്നാണിത്. 105 കോടി രൂപയാണ് കമ്മീഷന്‍ അടിസ്ഥാനത്തില്‍ അഡ്വാന്‍സായി ഉറപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന ഈ വലിയ സ്വീകാര്യത റോക്കിംഗ് സ്റ്റാര്‍ യാഷിനോടുള്ള ആഗോള സിനിമ വിപണിയുടെ വിശ്വാസത്തെയും ടീസര്‍ പോലും പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ സിനിമയ്ക്ക് ലഭിച്ച ജനപ്രീതിയെയും സൂചിപ്പിക്കുന്നു.

ഈ റെക്കോര്‍ഡ് കരാര്‍ ചിത്രത്തിന്റെ ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്ക് മാത്രമാണ്. അതായത് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ പതിപ്പുകള്‍ക്ക് മാത്രമുള്ളതാണ് എന്നത് കരാറിന്റെ മറ്റൊരു പ്രത്യേകത ആണ്. ഇതില്‍ ഇംഗ്ലീഷ് പതിപ്പ് ഉള്‍പ്പെടുന്നില്ല. ഇന്ത്യന്‍ ഭാഷയിലുള്ള സിനിമയ്ക്ക് വിദേശത്തുള്ള വലിയ സ്വാധീനത്തെ അടിവരയിടുന്നതുമാണ് ഈ കരാര്‍. 

ടോക്‌സിക്കിന് ലഭിക്കുന്ന ഈ വലിയ പിന്തുണയ്ക്ക് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. യാഷിന്റെ മുന്‍ചിത്രമായ 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' ജി.സി.സി മേഖലയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയായി മാറുകയും ആഗോളതലത്തില്‍ വന്‍ വിജയമാവുകയും ചെയ്തിരുന്നു. ആ വിജയം ടോക്‌സിക്കിന് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നു.

നേപ്പാള്‍, ജപ്പാന്‍, ചൈന എന്നിവയൊഴികെ ലോകമെമ്പാടുമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള റിലീസുകളില്‍ ഒന്നായിരിക്കുമിത്.

'അതിരുകള്‍ ഭേദിക്കുന്ന ഒരു കഥ ലോകത്തിന് മുന്നില്‍ എത്തിക്കുക എന്നതായിരുന്നു ടോക്‌സിക്കിലൂടെയുള്ള ഞങ്ങളുടെ ലക്ഷ്യം. അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഫാര്‍സ് ഫിലിമിനെ സംബന്ധിച്ചിടത്തോളം ഈ വിദേശ റിലീസ് ഒരു സുപ്രധാന നാഴികക്കല്ലാണ്. ടോക്‌സിക്കിന്റെ തീവ്രതയും വൈകാരികതയും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ അനുഭവിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്ന് ഫാര്‍സ് ഫിലിംസ് സി.ഇ.ഒ-യും സ്ഥാപകനുമായ മിസ്റ്റര്‍ അഹമ്മദ് ഗോള്‍ച്ചിന്‍ അഭിപ്രായപ്പെട്ടു. 

ആഗോളതലത്തില്‍ സംവദിക്കുന്ന ഒരു സിനിമാ ഭാഷയാണ് ടോക്‌സിക്കിന്റേത്. ഇത്തരം വലിയൊരു ദര്‍ശനത്തിന് വിപുലമായ ആഗോള സ്വാധീനമുള്ള ഒരു ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണറിനെ ആവശ്യമാണ്. ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതില്‍ ഫാര്‍സ് ഫിലിംസിന് വലിയ പങ്കുണ്ട്. അവരുടെ അനുഭവസമ്പത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ടോക്‌സിക് മികച്ച രീതിയില്‍ എത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.' കെ.വി.എന്‍ പ്രൊഡക്ഷന്‍സിലെ വെങ്കട്ട് കെ നാരായണയും കൂട്ടിച്ചേര്‍ത്തു. 

തെലുങ്ക് വിപണിയിലെ റെക്കോര്‍ഡ് കരാറിനും, ഫാര്‍സ് ഫിലിംസിന്റെ 105 കോടി രൂപയുടെ വിദേശ കരാറിനും പിന്നാലെ ടോക്‌സിക് ഇതിനകം തന്നെ ഒരു ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞു. ലോകോത്തര സാങ്കേതിക പ്രവര്‍ത്തകരും അത്യാധുനിക വിഷ്വല്‍ എഫക്റ്റുകളും അണിനിരക്കുന്ന ഈ ചിത്രം 1000 കോടി ക്ലബ്ബിലെത്തുമെന്ന സൂചനകളാണ് നല്‍കുന്നത്.

യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥയെഴുതി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' (Toxic: A Fairytale for Grown-Ups) കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി മറ്റ് ഭാഷകളിലേക്ക് ഇത് ഡബ്ബ് ചെയ്യപ്പെടും.

ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂര്‍ (സംഗീതം), ഉജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്), ടി.പി. ആബിദ് (പ്രൊഡക്ഷന്‍ ഡിസൈന്‍) എന്നിങ്ങനെ വലിയൊരു സാങ്കേതിക നിരയാണ് ചിത്രത്തിനുള്ളത്. ജോണ്‍ വിക്ക് (John Wick) ഫെയിം ജെ.ജെ. പെറി, ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ്, കെച്ച ഖംഫക്ഡി എന്നിവരാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ നാരായണയും യാഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടോക്‌സിക് 2026 മാര്‍ച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്വ തുടങ്ങിയ ആഘോഷങ്ങള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും

Read more topics: # ടോക്‌സിക്'
toxic overseas rights

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES