ബിഗ് ബോസ് മലയാളം മത്സരാര്‍ത്ഥി ലോലിറ്റയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കുടുംബം രംഗത്ത്. ലോലിറ്റയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കുടുംബം തങ്ങളുടെ വിഷമം വ്യക്തമാക്കിയത്. ഗെയിം സ്പിരിറ്റിന്റെ അതിര്‍വരമ്പുകള്‍ കടന്ന്, വളരെ മോശമായ ഭാഷ ഉപയോഗിച്ച് ഒരു 19 വയസ്സുകാരിയെ വേട്ടയാടരുതെന്ന് കുടുംബം പ്രേക്ഷകരോട് വിനീതമായി അഭ്യര്‍ത്ഥിച്ചു.
തങ്ങളുടെ മകളെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുടുംബം കുറിപ്പ് ആരംഭിക്കുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ 19 മത്സരാര്‍ത്ഥികളുടെയും ജീവിതത്തില്‍ ഈ വേദിക്ക് വലിയ പ്രാധാന്യമുണ്ടെന്നും, അതുകൊണ്ടുതന്നെ ആശയപരമായും സ്വഭാവപരമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളെ ഗെയിമിന്റെ ഭാഗമായി കണ്ട് ആരോഗ്യകരമായി മാത്രം സമീപിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന.
ചെറുപ്പം മുതലേ കാര്യപ്രാപ്തിയോടെ വളര്‍ന്ന പെണ്‍കുട്ടിയാണ് ലോലിറ്റയെന്നും, ഈ വീടിന് പുറത്തും അവള്‍ക്കൊരു ജീവിതമുണ്ടെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്നും കുടുംബം ഓര്‍മ്മിപ്പിക്കുന്നു. ലോലിറ്റയെ പുറത്താക്കുന്നതിനായി എതിരാളികള്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങളെ ഗെയിം സ്പിരിറ്റോടെ കാണുന്നുണ്ടെങ്കിലും, വ്യക്തിപരമായ വേട്ടയാടലുകളും അധിക്ഷേപങ്ങളും അതിരുകടക്കുന്നത് തങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഗെയിമിനിടയില്‍ ലോലിറ്റയ്ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് കുടുംബം തുറന്നുസമ്മതിച്ചു.
ഇതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സഹമത്സരാര്‍ത്ഥികളായ കൊമ്പന്‍, ഷിജിന്‍ എന്നിവരോടും അവരുടെ കുടുംബങ്ങളോടും ആരാധകരോടും ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നതായും കുടുംബം കുറിച്ചു. ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്ന ഈ ഘട്ടത്തില്‍ ഒരു കുടുംബമെന്ന നിലയില്‍ അവളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത് സ്വാഭാവികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടിംഗിലൂടെ ആളുകള്‍ പുറത്താകുന്നത് കളിയുടെ ഭാഗമാണെങ്കിലും ആരും വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് ഇരയാകരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി. ലോലിറ്റയോട് മനസ്സില്‍ വെറുപ്പോ ദേഷ്യമോ സൂക്ഷിക്കാതെ, ഈ യാത്രയെ ഒരു ഗെയിമായി മാത്രം കണ്ട് ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും നന്ദിയോടെ അവര്‍ അഭ്യര്‍ത്ഥിച്ചു