പ്രമുഖ ട്രാവല്‍ വ്ളോഗര്‍ ഷക്കീര്‍ സുബാന്റെ ഇന്‍സ്റ്റ പോസ്റ്റ് കണ്ട ആരാധകര്‍ ഒന്ന് ഞെട്ടി. സോഷ്യല്‍ മീഡിയയില്‍ 'മല്ലു ട്രാവലര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഷക്കീര്‍ തന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെക്കുറിച്ചും ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ചുമുള്ള അനിശ്ചിതത്വം പങ്കുവെച്ച് രംഗത്തെത്തി. കഴിഞ്ഞയാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നത്.
'തിരിച്ചുവരാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ തോറ്റുപോയി. ഇത് അവസാനമാണെന്ന് തോന്നുന്നു,' എന്നാണ് മല്ലു ട്രാവലര്‍ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പില്‍ പറയുന്നത്. എന്നാല്‍, തന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ കാരണം എന്താണെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നില്ല. ഇത് ആരാധകരില്‍ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ നിരവധി പേരാണ് കമന്റുകളിലൂടെ അന്വേഷിക്കുന്നത്. ഏകദേശം ഒരാഴ്ച മുന്‍പാണ്, 'പ്രിയപ്പെട്ടവരെ, ശാരീരികമായി കുറച്ച് പ്രശ്‌നങ്ങളുള്ളതുകൊണ്ട്, തത്കാലം മാറി നില്‍ക്കുകയാണ്.
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന ഉണ്ടാകണം. ഞാന്‍ ഇല്ലെന്ന് വെച്ച് വയ്കോ പെര്‍ഫ്യൂംസ് നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാതെ നില്‍ക്കരുത്, നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രം ആയിരിക്കും. തിരിച്ചു വന്നാല്‍ കാണാം...' എന്ന തരത്തിലുള്ള ഒരു കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ട്രാവല്‍ വ്ളോഗര്‍മാരില്‍ ഒരാളാണ് മല്ലു ട്രാവലര്‍. അദ്ദേഹത്തിന്റെ ഈ ആശങ്ക നിറഞ്ഞ വാക്കുകള്‍ ആരാധകരെ കൂടുതല്‍ വിഷമത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, അടുത്തിടെ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളും ഉയര്‍ന്നിരുന്നു. സൗദി അറേബ്യന്‍ വനിതയെ അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍, ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന വാദവുമായി അദ്ദേഹം അന്ന് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. മല്ലു ട്രാവലറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, അദ്ദേഹത്തിന്റെ സുഗമമായ തിരിച്ചുവരവിനായി ആരാധകര്‍ പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുകയാണ്.