പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വലിയ ഭാവി ഉണ്ടാകില്ല, നല്ലൊരു കരിയര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതാണ് പലരും കരുതുന്ന പൊതുവായ ധാരണ. സ്വകാര്യ സ്‌കൂളുകളില്‍ പോകുന്നവരേക്കാള്‍ അവസരങ്ങളും സാധ്യതകളും കുറവാണെന്നാണ് സമൂഹം വിശ്വസിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അതിന്റെ പൂര്‍ണമായ വിപരീതമാണ്. പഠിക്കാനുള്ള മനസും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് എവിടെയായാലും വിജയം നേടാന്‍ സാധിക്കും. നല്ല അധ്യാപകരുടെ പിന്തുണയും കുടുംബത്തിന്റെ പ്രോത്സാഹനവും കിട്ടിയാല്‍ പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ദേശീയ - അന്താരാഷ്ട്ര തലങ്ങളിലെ വലിയ നേട്ടങ്ങള്‍ നേടുന്നുണ്ട്. ഒരു ഉദാഹരമാണ് പൊതുവിദ്യാലയങ്ങളില്‍ പഠിച്ചാലും മികച്ച വിജയം നേടാമെന്നതിന് തെളിവാണ് പാലക്കാട് സ്വദേശിനിയായ മേഘ. മാതാപിതാക്കളുടെ ഉറച്ച തീരുമാനവും സ്വന്തം പരിശ്രമവുമാണ് അവളെ വലിയ നേട്ടങ്ങളിലേക്കു കൊണ്ടുപോയത്.
പാലക്കാട് മാത്തൂരില്‍ സ്വദേശികളായ വി. കൃഷ്ണാനന്ദനും ഭാര്യ ആര്‍. ആശയും മകളെ മലയാളം മീഡിയം പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുമ്പോള്‍ പലരുടെയും സംശയങ്ങളും ചോദ്യങ്ങളും നേരിടേണ്ടി വന്നിരുന്നു. 'ഇപ്പോഴും പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കുന്നുണ്ടോ? ഭാവിയില്‍ കുട്ടിയുടെ പഠനത്തിന് തടസ്സമാകില്ലേ?' എന്നൊക്കെയായിരുന്നു ആളുകള്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവരുടെ മകള്‍ മേഘ നേടിയ നേട്ടങ്ങള്‍ തന്നെയാണ് ആ എല്ലാ ചോദ്യങ്ങള്‍ക്കും ശക്തമായ മറുപടിയായത്. മേഘ ഇപ്പോള്‍ നേടിയിരിക്കുന്നത് ആര്‍ക്കും സ്വപ്‌നം പോലും കാണാന്‍ ആകാത്ത അത്ര ഉയരങ്ങളിലാണ്. ഐഐടി ഗുവാഹത്തിയില്‍ നിന്നു ബയോടെക്നോളജിയില്‍ ഒന്നാം റാങ്കോടെ ബിടെക് പൂര്‍ത്തിയാക്കിയ ശേഷം, അമേരിക്കയിലെ പ്രശസ്തമായ ഐവി ലീഗ് സര്‍വകലാശാലകളിലൊന്നായ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ എംടെക് പഠനത്തിനുള്ള പ്രവേശനം നേടിയിരിക്കുകയാണ് മേഘ.
പൊതുവിദ്യാലയത്തിലെ അധ്യാപകനായ കൃഷ്ണാനന്ദന്‍ തന്റെ മകളുടെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. മകളെ സ്വകാര്യ സ്‌കൂളിലോ, മറ്റ് സിലബസുകളിലോ ചേര്‍ത്ത് പഠിപ്പിക്കില്ല എന്നത്. അദ്ദേഹത്തിന്റെ ആ തീരുമാനത്തിനെതിരെ ഒരുപാട് ആളുകള്‍ ചോദ്യങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം മാറ്റാന്‍ ഒരിക്കലും തയ്യാറായില്ല. കുട്ടി എവിടെയായാലും പഠിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അങ്ങനെ തന്നെയാണ് മേഘ തന്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്. നാലാം ക്ലാസ് വരെ അവള്‍ പഠിച്ചത് അച്ഛന്‍ തന്നെ പ്രധാനാധ്യാപകനായിരുന്ന മാത്തൂര്‍ വെസ്റ്റ് എ.എല്‍.പി.എസ്. സ്‌കൂളിലായിരുന്നു. അവിടെയായിരുന്നു മേഘയുടെ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിച്ചത്.
മേഘയുടെ പഠനയാത്രയില്‍ ഓരോ ഘട്ടവും ഒരു പുതിയ അനുഭവമായിരുന്നു. നാലാം ക്ലാസ് വരെ മാത്തൂര്‍ വെസ്റ്റ് എ.എല്‍.പി.എസ്. സ്‌കൂളില്‍ പഠിച്ച ശേഷം, തുടര്‍ന്ന് ഏഴാം ക്ലാസ് വരെ അവള്‍ ചെങ്ങണിയൂര്‍ എ.യു.പി.എസ്. സ്‌കൂളില്‍ പഠിച്ചു. പിന്നീട് എട്ടാം ക്ലാസ്സിനായി കോട്ടായി ഗവ. ഹൈസ്‌കൂളിലേക്ക് മാറിയപ്പോഴാണ് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള വലിയ മാറ്റം വന്നത്. ഭാഷയിലെ വ്യത്യാസം ആദ്യം അല്പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ അതിനോട് വളരെ വേഗം പൊരുത്തപ്പെട്ടു. പ്ലസടുവിന് ശേഷം കെമസ്ട്രിയില്‍ ഡിഗ്രി എടുക്കണം എന്നായിരുന്നു മേഘയുടെ ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിതമായി മേഘ എത്തിയത് എഞ്ചിനീയറിങ്ങിലേക്കായിരുന്നു. ആദ്യമായി പരിശീലനമൊന്നുമില്ലാതെ തന്നെ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതിയപ്പോള്‍, വളരെ ചെറുതായി മാത്രം വിജയം നഷ്ടമായിരുന്നു.
ആ ചെറിയ തോല്‍വി മേഘയെ നിരുത്സാഹപ്പെടുത്താതെ, മറിച്ച് ഒരുവര്‍ഷം കൂടി ഗൗരവത്തോടെ തയ്യാറെടുപ്പിനായി ശ്രമിക്കാമെന്ന ആത്മവിശ്വാസം നല്‍കി. അതിന്റെ ഫലമായി, അടുത്ത ശ്രമത്തില്‍ അവള്‍ വിജയിച്ചു. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി. ഗുവാഹത്തിയില്‍ പ്രവേശനം നേടുകയും ചെയ്തു. അവിടെ ഏത് വിഷയമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ആശങ്കയ്ക്കിടയില്‍, പ്ലസ്ടു കാലത്തെ അധ്യാപകരുടെ പ്രചോദനം അവളെ ബയോടെക്നോളജിയിലേക്ക് നയിച്ചു. അങ്ങനെ തന്നെയാണ് മേഘയുടെ കരിയര്‍ പുതിയൊരു വഴിത്തിരിവിലേക്ക് മാറിയത്.
ഐ.ഐ.ടിയില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ മേഘയ്ക്ക് ചുറ്റും കണ്ടത്, ഭൂരിഭാഗം സഹപാഠികളും കേന്ദ്ര സിലബസില്‍ നിന്നു തന്നെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളായിരുന്നു. അവരുടെ മുന്നില്‍ ഒരു പൊതുവിദ്യാലയ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ആദ്യം കുറച്ച് ഭയവും അനിശ്ചിതത്വവും ഉണ്ടായിരുന്നെങ്കിലും, അതെല്ലാം മറികടന്ന് അവള്‍ തന്റെ കഴിവ് തെളിയിച്ചു. രണ്ടാം വര്‍ഷത്തില്‍ തന്നെ മേഘയ്ക്ക് വലിയൊരു നേട്ടമായി ഇന്‍സ്റ്റിറ്റ്യൂട്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അത് അവളുടെ ആത്മവിശ്വാസം കൂട്ടുകയും, കൂടുതല്‍ പഠിക്കാനുള്ള പ്രചോദനം നല്‍കുകയും ചെയ്തു.
ഐ.ഐ.ടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍, ബ്രാഞ്ച് ടോപ്പര്‍മാര്‍ക്ക് നല്‍കുന്ന സില്‍വര്‍ മെഡല്‍ അവളുടെ കൈകളിലുമെത്തി. അക്കാദമിക് രംഗത്ത് നേടിയ ഈ അംഗീകാരം മേഘയുടെ പരിശ്രമത്തിന്റെയും സ്ഥിരതയുടെയും തെളിവായിരുന്നു. അതിനിടെ, മൂന്നാം വര്‍ഷത്തില്‍ മേഘയ്ക്ക് ലഭിച്ച മറ്റൊരു വലിയ അവസരം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ടോക്കിയോ സര്‍വകലാശാലയില്‍ സമ്മര്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള അവസരം അവള്‍ക്ക് ലഭിച്ചു. അവിടെ ഗവേഷണത്തിന്റെ ലോകവുമായി അടുത്തറിയുമ്പോഴാണ്, അക്കാര്യത്തില്‍ തനിക്കൊരു പ്രത്യേക താല്‍പര്യം ഉണ്ടെന്നു മനസ്സിലാക്കിയത്. ലാബിലെ അനുഭവങ്ങളും ഗവേഷണരീതികളും അവളെ ഏറെ ആകര്‍ഷിച്ചു.
അതേസമയം, ഭാവിയിലെ പഠനത്തിനായി അവള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുനോക്കുകയും, അപ്പോഴാണ് പെന്‍സില്‍വാനിയ സര്‍വകലാശാലയെക്കുറിച്ച് കൂടുതല്‍ അറിയുകയും ചെയ്തത്. ലോകോത്തര നിലവാരത്തിലുള്ള പഠനവും ഗവേഷണവും നടക്കുന്ന ആ സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം മേഘയില്‍ ഉടലടെുത്തു. പ്രത്യേകിച്ച് മോളിക്യുലര്‍ ബയോളജി, ജനറ്റിക്‌സ് എന്നീ വിഷയങ്ങളാണ് മേഘയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ഇപ്പോള്‍ അവളുടെ തീരുമാനം വ്യക്തമാണ് ഈ മേഖലകളില്‍ കൂടുതല്‍ പഠിച്ചും ഗവേഷണം ചെയ്തും മുന്നോട്ട് പോകുക. ചെറിയൊരു ഗ്രാമത്തിലെ പൊതുവിദ്യാലയത്തില്‍നിന്നാണ് അവള്‍ തുടങ്ങി ലോകപ്രശസ്തമായ സര്‍വകലാശാലയിലെത്തി പുതിയ വിജയകഥകള്‍ എഴുതാന്‍ പോകുന്നത്. ഇത് എല്ലാ കുട്ടികള്‍ക്കും ഒരു പ്രചോദനമാണ്.