നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറിയതായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടി രേഷ്മ എസ് നായര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ രണ്ട് കുടുംബങ്ങളും ഒരുമിച്ച് എടുത്ത തീരുമാനമാണിതെന്നും, ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രേഷ്മ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.
കുടുംബവിളക്ക്' ഉള്‍പ്പെടെ നിരവധി ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രേഷ്മ. തന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നെങ്കിലും, ഇരുകുടുംബങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ക്കും വ്യക്തമായ ധാരണയ്ക്കും ശേഷമാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനമെടുത്തത്. യാതൊരു ഖേദവുമില്ലാതെ, പൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും, ഇത് തന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമാണെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു.
തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ചോദിച്ചറിഞ്ഞ് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും, തന്റെ സമാധാനത്തിനും തിരഞ്ഞെടുപ്പിനും ഭാവിക്കും ആണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും നടി അഭ്യര്‍ത്ഥിച്ചു. തന്റെ ഈ തീരുമാനത്തെ മാനിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് രേഷ്മ കുറിപ്പ് അവസാനിപ്പിച്ചത്. മുന്‍പ് താരം താന്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും വിവാഹ നിശ്ചയ വിവരവും പങ്കുവെച്ചിരുന്നു. പങ്കാളിയുടെ മുഖം വ്യക്തമല്ലാത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു ഈ വെളിപ്പെടുത്തല്‍.
രേഷ്മയുടെ കുറിപ്പിങ്ങനെ: പ്രധാനപ്പെട്ട അറിയിപ്പ്.. എല്ലാവര്‍ക്കും ഹായ്..ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്നു പറയുന്നത്. എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണങ്ങള്‍ക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീര്‍ത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്. അതില്‍ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു.
ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ദയവായി വിശദാംശങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിനെ മാനിക്കുന്നതിന് നന്ദി. രേഷ്മ' എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.<