Latest News

പരസ്പരം വലിച്ചു കീറാന്‍ തീരുമാനിച്ചു കണ്ടുമുട്ടിയ രണ്ടുപേര്‍ പരസ്പരം കെയര്‍ ചെയ്ത അത്ഭുതം; ഞാന്‍ ഹൃദയത്തില്‍ നിന്ന് സംസാരിച്ചത് ഹൃദയം കൊണ്ട് അയാള്‍ കേട്ടത് കൊണ്ടാകാം; തെറ്റുകള്‍ തിരുത്തപ്പെടണം, വ്യക്തി വൈരാഗ്യമില്ല; ബിഗ് ബോസ് അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി റിനി ആന്‍ ജോര്‍ജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് 

Malayalilife
 പരസ്പരം വലിച്ചു കീറാന്‍ തീരുമാനിച്ചു കണ്ടുമുട്ടിയ രണ്ടുപേര്‍ പരസ്പരം കെയര്‍ ചെയ്ത അത്ഭുതം; ഞാന്‍ ഹൃദയത്തില്‍ നിന്ന് സംസാരിച്ചത് ഹൃദയം കൊണ്ട് അയാള്‍ കേട്ടത് കൊണ്ടാകാം; തെറ്റുകള്‍ തിരുത്തപ്പെടണം, വ്യക്തി വൈരാഗ്യമില്ല; ബിഗ് ബോസ് അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി റിനി ആന്‍ ജോര്‍ജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് 

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അനുഭവങ്ങളും തന്റെ നിലപാടുകളും വ്യക്തമാക്കി നടി റിനി ആന്‍ ജോര്‍ജ്ജ്. ബിഗ് ബോസ് ഹൗസില്‍ വെച്ച് ഉണ്ടായ അനുഭവങ്ങളും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമാണ് റിനി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് എത്തിയപ്പോള്‍ മനോഹരമായ ഒരു മായാ കൊട്ടാരത്തില്‍ എത്തിയ അനുഭവമാണ് ഉണ്ടായതെന്നും എന്നാല്‍ ഒരാഴ്ച കൊണ്ട് തന്നെ ആ കാഴ്ചകള്‍ അപ്രത്യക്ഷമായെന്നും റിനി പറയുന്നു. പരസ്പരം എതിര്‍ക്കാന്‍ തീരുമാനിച്ചു കണ്ടുമുട്ടിയ രാഹുലും താനും പിന്നീട് പരസ്പരം കെയര്‍ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയത് അത്ഭുതകരമായിരുന്നു. തെറ്റായ വിവരങ്ങള്‍ ലഭിച്ചതിനാലാണ് തനിക്കെതിരെ വീഡിയോ ചെയ്തതെന്ന് രാഹുല്‍ തുറന്നുസമ്മതിച്ചു. മാതാപിതാക്കളോട് അടക്കം മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കിയതായും റിനി കുറിച്ചു. 

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വീഡിയോകള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും സംസാരിച്ചപ്പോള്‍, ഇനിമുതല്‍ സ്ത്രീകള്‍ക്ക് വേണ്ടിയും സംസാരിക്കാമെന്ന് രാഹുല്‍ വാക്ക് നല്‍കിയിട്ടുണ്ടെന്നും ആ വാക്ക് അദ്ദേഹം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും റിനി കൂട്ടിച്ചേര്‍ത്തു. 

ബിഗ് ബോസില്‍ നോമിനേഷന്‍ നല്‍കാന്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന് താന്‍ അഭിനയിക്കുകയാണെന്ന രീതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലും റിനി മറുപടി നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഒരാളെയും കൃത്യമായി മനസ്സിലാക്കാതെ എതിര്‍ത്തു സംസാരിച്ചു നോമിനേറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. യുവ നേതാവിന്റെ പേര് പറയുന്നില്ല, തെളിവുകള്‍ പുറത്തുവിടുന്നില്ല എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ക്ക്, ആരുടെയും സ്വകാര്യതയെ മാനിക്കാതിരിക്കാനോ ചാറ്റുകള്‍ പുറത്തുവിട്ടു ആക്ഷേപിക്കാനോ ആഗ്രഹിക്കാത്തതിനാലാണ് അതെന്നും താരം വ്യക്തമാക്കി. 

കരച്ചിലിനെ ബലഹീനതയായി കാണുന്നില്ലെന്നും വികാരങ്ങള്‍ പുറത്തുകാണിക്കാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കിയ റിനി, തന്റെ ഈ ആര്‍ദ്രത തന്നെയാണ് ശക്തിയെന്നും പറഞ്ഞു. മുന്‍പ് നല്‍കിയ ആദ്യ പ്രതികരണത്തില്‍ പറഞ്ഞതുപോലെ, പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്നും തെറ്റുകള്‍ തിരുത്തപ്പെടണമെന്നുമുള്ള ഉറച്ച നിലപാടില്‍ താന്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. വ്യക്തികളോടല്ല, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളോടാണ് എതിര്‍പ്പ്. അതുകൊണ്ടാണ് ലാലേട്ടന്‍ ഉള്ള വേദിയില്‍ വെച്ച് തന്നെ രാഹുല്‍ ഈശ്വറിനോട് കാര്യങ്ങള്‍ ചോദിച്ചതെന്നും റിനി വ്യക്തമാക്കി. 

ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും തനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും റിനി കുറിച്ചു. തെറ്റിദ്ധരിക്കപ്പെട്ട് സംസാരിച്ച് ഒരു നിരപരാധിയെ വേദനിപ്പിക്കാന്‍ താന്‍ ഒരുക്കമല്ല. അതുകൊണ്ടാണ് മൂന്നര വര്‍ഷം മുന്‍പുണ്ടായ സംഭവം തുറന്നുപറയാന്‍ സമയമെടുത്തതെന്നും എല്ലാ കാര്യങ്ങളും തിരിച്ചും മറിച്ചും ഉറപ്പാക്കിയ ശേഷമാണ് താന്‍ പ്രതികരിച്ചതെന്നും റിനി തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. 

റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോള്‍ മനോഹരമായ ഒരു മായകൊട്ടാരത്തില്‍ എത്തപ്പെട്ട പോലെയാണ് എനിക്ക് അനുഭവപെട്ടത് ഒരുപക്ഷെ ക്യാമറ കണ്ണുകള്‍ക്ക് അവിടത്തെ മനോഹാരിത പൂര്‍ണമായും ഒപ്പിയെടുക്കാന്‍ കഴിയുന്നുണ്ടോ എന്നറിയില്ല. എന്നാല്‍ ഒരാഴ്ച കൊണ്ട് തന്നെ ആ കൊട്ടാരം എന്നില്‍ നിന്നും അപ്രത്യക്ഷം ആയി. ചില മനോഹരമായ ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ചു കൊണ്ട്. 

പരസ്പരം വലിച്ചു കീറാന്‍ തീരുമാനിച്ചു കൊണ്ട് കണ്ടു മുട്ടിയ രണ്ടു പേര്‍ പരസ്പരം കെയര്‍ ചെയ്ത അത്ഭുതമാണ് പിന്നീട് സംഭവിച്ചത്. ഒരുപക്ഷെ ഞാന്‍ ഹൃദയത്തില്‍ നിന്ന് സംസാരിച്ചത് ഹൃദയം കൊണ്ട് അയാള്‍ കേട്ടത് കൊണ്ടാകാം. പലര്‍ ചേര്‍ന്ന് തെറ്റായ വിവരങ്ങള്‍ നല്‍കിയത് കൊണ്ട് തെറ്റിദ്ധരിക്കപെട്ടാണ് താന്‍ വിഡിയോകള്‍ ചെയ്തത് എന്ന് പറയുകയുണ്ടായി രാഹുല്‍. അതിന് പകരമായി എന്റെ വീട്ടില്‍ വന്നു മാതാപിതാക്കളോട് അടക്കം മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നും എന്നോട് പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ തനിക്ക് തെറ്റ് പറ്റി എന്ന് സമ്മതിക്കാന്‍ കാണിച്ച ആ മനസ്സ് ഞാന്‍ അംഗീകരിക്കുന്നു. പിന്നീട് അത് ക്യാമറക്കു മുന്നില്‍ പറയാനും രാഹുല്‍ തയ്യാറായി. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ഇത്തരം വിഡിയോകള്‍ ചെയുന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ചും സംസാരിച്ചപ്പോള്‍ ഇനി ശ്രദ്ധിക്കാമെന്നും സ്ത്രീകള്‍ക്ക് വേണ്ടി കൂടി സംസാരിക്കും എന്നും വാക്ക് തന്നു രാഹുല്‍. ബിഗ് ബോസ്സില്‍ നിന്ന് തിരിച്ചു ഇറങ്ങുമ്പോഴും രാഹുല്‍ എനിക്ക് തന്നിരിക്കുന്ന വാക്കുകള്‍ പാലിക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. 

ബിഗ് ബോസ് ഹൗസില്‍ നോമിനേഷന്‍ നല്കാന്‍ പോലും ഞാന്‍ പ്രയാസപ്പെടുന്നത് കണ്ടു പലരും ഞാന്‍ അഭിനയിക്കുകയാണ് എന്ന് പറയുകയുണ്ടായി. എന്നാല്‍ എനിക്ക് ആരെയും എതിര്‍ത്ത് പറഞ്ഞു നോമിനേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പ്രേത്യേകിച്ചും ഒരാഴ്ചക്കുള്ളില്‍ ആരെയും കൃത്യമായി മനസിലാക്കാതെ അങ്ങനെ നോമിനേഷന്‍ നല്‍കാന്‍ എനിക്ക് പറ്റുന്നുണ്ടായില്ല. പലപ്പോഴും വിവാദങ്ങള്‍ ആയി ബന്ധപ്പെട്ടും എന്നെ പലരും കുറ്റപ്പെടുത്തിയ കാര്യമാണ് ഞാന്‍ യുവ നേതാവിന്റെ പേര് പറയുന്നില്ല തെളിവുകള്‍ പുറത്തു വിടുന്നില്ല എന്നൊക്കെ. എന്നാല്‍ പേര് പറഞ്ഞു ആരെയും ആക്ഷേപിക്കാനോ അവരുടെ സ്വകാര്യതയെ മാനിക്കാതെ ചാറ്റുകള്‍ പുറത്തു വിടാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ബിഗ് ബോസ് ഹൗസില്‍ കരഞ്ഞതിലും ആക്ഷേപങ്ങള്‍ കണ്ടിരുന്നു. കരയുക എന്നത് ഒരു ബലഹീനതയായി ഞാന്‍ കാണുന്നില്ല. എന്റെ ഇമോഷന്‍സ് പുറത്തു കാണിക്കാന്‍ ഞാന്‍ ആരെയും ഭയപെടുന്നില്ല. അത് തന്നെയാണ് എന്റെ ശക്തിയും എന്ന് ഞാന്‍ കരുതുന്നു. ആര്‍ദ്രതയുള്ള മനസ് ഉള്ളത് കൊണ്ട് തന്നെയാണലോ മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കാന്‍ തീരുമാനിച്ചതും. അയാള്‍ തെറ്റുകള്‍ തിരുത്തണം നല്ല രീതിയില്‍ ജീവിക്കണം എന്ന് ഞാന്‍ പറഞ്ഞതും തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. 

ഞാന്‍ മീഡിയയ്ക്ക് മുന്‍പില്‍ ആദ്യമായ് നല്‍കിയ ബൈറ്റില്‍ തന്നെ പറയുന്നുണ്ട്. തെറ്റുകള്‍ തിരുത്തപ്പെടണം എന്ന്. അന്നത്തെയും ഇന്നത്തെയും എന്നത്തേയും എന്റെ നിലപാട് ഒന്ന് തന്നെയാണ്. പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണം. അയാള്‍ തിരുത്തപ്പെടണം. ഇനി ഒരു പെണ്‍കുട്ടിയും ഇത്തരം ചതി കുഴികളില്‍ വീണു പോകരുത് എന്നതും. ഒരാളും നശിച്ചു പോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. തിരുത്തപ്പെടണം എന്ന് തന്നെയാണ് എന്റെ ഉറച്ച നിലപാട്. വ്യക്തികളോട് അല്ല അവര്‍ ചെയുന്ന പ്രവര്‍ത്തികളോടാണ് ഞാന്‍ എതിര്‍ക്കുന്നത്. അതുകൊണ്ടു തന്നെയാണ് ലാലേട്ടന്‍ ഉള്ള വേദിയില്‍ വെച്ച് തന്നെ ഞാന്‍ രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്തത്. അയാള്‍ ചെയ്തത് ശെരിയാണോ എന്ന് ഞാന്‍ ചോദിച്ചത്. ഒരാളെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അത് വ്യക്തിപരമായ പകയോ വിരോധമോ ആയി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുക. ഞാന്‍ ആരോടും വ്യക്തി വിരോധം വെച്ച് പുലര്‍ത്തുന്നില്ല. അവരിലെ തെറ്റുകള്‍ തിരുത്തപെട്ടു കുറച്ചും കൂടി മെച്ചപ്പെട്ട വ്യക്തിയായി കാണണം എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

അങ്ങനെ എനിക്ക് ഉറച്ച ബോധ്യമുള്ള കാര്യങ്ങള്‍ ലാലേട്ടന്‍ ഉള്ള വേദിയില്‍ പോലും ഞാന്‍ സംസാരിച്ചു. എന്നാല്‍ എനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങളില്‍ അത് ഒരു ഗെയിം ആണെങ്കില്‍ പോലും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞാന്‍ ഒരു കാര്യത്തില്‍ അഭിപ്രായം പറയുകയുള്ളൂ. കാരണം തെറ്റിദ്ധരിക്കപ്പെട്ട് ഒരു വിഷയത്തില്‍ സംസാരിച്ചു ഒരു നിരപരാധിയെ വേദനിപ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ ഒരു കാര്യം സംസാരിക്കണം എങ്കില്‍ പല പ്രാവശ്യം cross check ചെയ്തു ഉറപ്പിക്കും. അതുകൊണ്ട് തന്നെയാണ് മൂന്നര വര്‍ഷങ്ങള്‍ മുന്‍പുണ്ടായ സംഭവം പറയാന്‍ ഞാന്‍ സമയം എടുത്തത്. തിരിച്ചും മറിച്ചും ഉറപ്പിച്ചതിനു ശേഷമാണ് ഞാന്‍ സംസാരിച്ചത്. എന്റെ genuinity എന്നെ എതിര്‍ത്ത ഒരാള്‍ക്ക് പോലും മനസിലാകുന്നത് അങ്ങനെ മനസിലാക്കിക്കാന്‍ എനിക്ക് കഴിഞ്ഞത് കൊണ്ട് തന്നെയാണ്.
 

rini an georgE About bigboss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES