മുംബൈയിലെ പ്രശസ്തമായ ലാല്‍ബാഗ് രാജ ഗണേശ മണ്ഡലിലെത്തി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഭാര്യ സുപ്രിയ്ക്കൊപ്പം തിങ്കളാഴ്ചയാണ് താരം ലാല്‍ബാഗ് രാജ ദര്‍ശനം നടത്തിയത്. ലാല്‍ബാഗ് രാജയുടെ അനുഗ്രഹം തേടിയ താരം കാണിക്കയര്‍പ്പിച്ചാണ് മടങ്ങിയത്.
ലാല്‍ബാഗ് രാജ മണ്ഡലിലെത്തി പൃഥ്വിരാജ് ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ച് നെറ്റിയില്‍ തിലകമണിഞ്ഞാണ് താരം പന്തലിലെത്തിയത്.
വ്യവസായി ആനന്ദ് അംബാനി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, പരണീതി ചോപ്ര, നീല്‍ നിതിന്‍ മുകേഷ് എന്നിവരുള്‍പ്പെടെ തിങ്കളാഴ്ച ഇവിടെ ദര്‍ശനം നടത്തിയിരുന്നു.
അതേസമയം പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ദായ്റ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. മേഘ്ന ഗുല്‍സാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.