താന്‍ നായികയായെത്തുന്ന പുതിയ ചിത്രമായ 'ധൂമകേതു'വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നിഖില വിമല്‍. സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കെയാണ് ചിത്രീകരണ അനുഭവങ്ങള്‍ താരം തുറന്നുപറഞ്ഞത്. ചിത്രത്തില്‍ തനിക്കേറ്റവും ടെന്‍ഷന്‍ തോന്നിയത് വെള്ളത്തിനടിയിലുള്ള സീനുകളില്‍ അഭിനയിക്കാനായിരുന്നുവെന്ന് നിഖില വ്യക്തമാക്കി.
'എനിക്ക് നീന്തലറിയില്ലെന്ന് അവരോട് പറഞ്ഞപ്പോള്‍ പഠിക്കാന്‍ പറഞ്ഞു. രണ്ടുദിവസം സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പഠിച്ചു. പക്ഷേ അവര്‍ ഷൂട്ട് ചെയ്തത് കായലിന്റെ നടുക്കായിരുന്നു. ഞാന്‍ കുളത്തില്‍ പോലും നീന്തിയിട്ടില്ല. നേരെ കായലിലേയ്ക്ക് ചാടുന്ന സീനായിരുന്നു എടുക്കാനുണ്ടായിരുന്നത്. നല്ല ടെന്‍ഷനും പേടിയുമുണ്ടായിരുന്നു.
മൂന്ന് ദിവസം ആ ഷോട്ട് എടുക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. എല്ലാം സെറ്റ് ചെയ്ത് കായലിന്റെ നടുക്കെത്തും. എന്നാല്‍ പേടി കാരണം ചാടാന്‍ കഴിയില്ല. എങ്ങനെ ചാടുമെന്നാലോചിച്ച് ഉറക്കം കിട്ടാത്ത അവസ്ഥയായി. പിന്നീട് എങ്ങനെയൊക്കെയോ ആ സീന്‍ എടുക്കുകയായിരുന്നു.'
സജിന്‍ ഗോപു, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 'സൂക്ഷ്മദര്‍ശിനി'ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ധൂമകേതു'. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.