ബിഗ് ബജറ്റ് ചിത്രമായ 'മാടമ്പി'യുടെ ചിത്രീകരണത്തിനിടെ നടന്‍ മോഹന്‍ലാലിന് നേരിടേണ്ടി വന്ന കൗതുകകരവും അതേസമയം പരക്കെ ചര്‍ച്ചയായതുമായ ഒരു സംഭവം പങ്കുവെച്ച് ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍. നടന്‍ മോഹന്‍ലാലിന്റെ പേരിലുണ്ടായ വിവാദമായ ആനക്കൊമ്പ് കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ലൊക്കേഷനില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. സഫാരി ചാനലിലെ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ജോസഫ് നെല്ലിക്കല്‍ ഈ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
ലാലേട്ടന്റെ സിനിമകളുടെ ലൊക്കേഷനുകളില്‍ സാധാരണയായി നിരവധി ആരാധകര്‍ എത്താറുണ്ട്. ഫോട്ടോയെടുക്കാനും വിവിധ പരിപാടികളുടെ ബുക്ക് പ്രകാശനത്തിനും ഉദ്ഘാടനങ്ങള്‍ക്കും പുറമെ ഉപഹാരങ്ങള്‍ നല്‍കാനുമൊക്കെയായി ഫാന്‍സ് ഗ്രൂപ്പുകള്‍ എത്താറുള്ളത് പതിവാണ്. 'മാടമ്പി'യുടെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴും സമാനമായ രീതിയില്‍ ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ തീയതി നിശ്ചയിച്ച് എത്തിയിരുന്നു.
റോഡ് സൈഡില്‍ ചിത്രീകരണം നടക്കുന്ന ദിവസമായിരുന്നു ആരാധക സംഘം മോഹന്‍ലാലിനെ കാണാന്‍ ലൊക്കേഷനിലെത്തിയത്. എന്നാല്‍ അന്ന് മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പ്രധാന വിഷയം മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. വാര്‍ത്തകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന അതേ സമയത്താണ് വലിയൊരു പാക്കറ്റുമായി ആരാധകര്‍ ലാലേട്ടന് മുന്നിലെത്തിയത്.
മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുത്ത ശേഷം കൈയ്യിലുണ്ടായിരുന്ന ആ സമ്മാനപ്പൊതി ആരാധകര്‍ അദ്ദേഹത്തിന് കൈമാറി. എന്നാല്‍ സമ്മാനത്തിന്റെ പൊതിഞ്ഞു സൂക്ഷിച്ച പേപ്പര്‍ മാറ്റിയപ്പോള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ലൊക്കേഷനിലുണ്ടായിരുന്ന സകലരും ഒരുനിമിഷം ഞെട്ടിപ്പോയി. ആനക്കൊമ്പിന്റെ ആകൃതിയിലുള്ള ഒരു ഉപഹാരമായിരുന്നു ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയത്. ചാനലുകളില്‍ മുഴുവന്‍ ആനക്കൊമ്പ് കേസ് കത്തിനില്‍ക്കുന്ന സമയത്ത് നടന്ന ഈ സംഭവം ലൊക്കേഷനില്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.
അന്നത്തെ സാഹചര്യത്തില്‍ വലിയൊരു മാനസിക സമ്മര്‍ദ്ദം മോഹന്‍ലാല്‍ അനുഭവിച്ചിട്ടുണ്ടാകാമെങ്കിലും, വളരെ കൂളായാണ് അദ്ദേഹം ആ നിമിഷത്തെയും സാഹചര്യത്തെയും നേരിട്ടതെന്ന് ജോസഫ് നെല്ലിക്കല്‍ ഓര്‍ത്തെടുത്തു. 2011 ഡിസംബര്‍ 21-നാണ് ആദായനികുതി വകുപ്പ് നടന്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ പരിശോധന നടത്തുന്നതും രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തുന്നതും. തുടര്‍ന്ന് കൃത്യമായ ലൈസന്‍സ് രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വനംവകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുക്കുകയും 2015-ല്‍ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് കേസ് പിന്‍വലിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയെങ്കിലും കോടതി ഇടപെടലുകള്‍ കേസില്‍ നിര്‍ണ്ണായകമായി.
അതേസമയം, കേസില്‍ ഈയടുത്താണ് മോഹന്‍ലാല്‍ തന്റെ പക്കലുള്ള ആനക്കൊമ്പുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു ഈ നടപടി. നിലവില്‍ രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് മോഹന്‍ലാലിന്റെ പക്കലുള്ളതെന്നാണ് കണക്ക്.