ഇന്സ്റ്റഗ്രാമിലെ ഒരു 'അണ്ഫോളോ'യില് തുടങ്ങി ഒടുവില് മംഗല്യത്തിലേക്കെത്തിയ പ്രണയകഥ തുറന്നുപറഞ്ഞ് നടി അനുമോള്. ഇക്കഴിഞ്ഞ ഓഗസ്റ്റില് ഗുരുവായൂര് ക്ഷേത്രത്തില് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇതിനു മുന്നോടിയായി ജൂണ് മാസത്തില് ചെന്നൈയില് വെച്ച് തമിഴ് ആചാരപ്രകാരമുള്ള താലികെട്ട് ചടങ്ങുകളും നടന്നിരുന്നു. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണോ അതോ ലവ് മാര്യേജ് ആണോ എന്ന് കേള്ക്കുന്നവര് തീരുമാനിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് താരം പ്രണയകഥ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
അറേഞ്ച്ഡ് മാര്യേജ് ആണോ അതോ ലവ് മാര്യേജ് ആണോ എന്ന് കേള്ക്കുന്നവര് തീരുമാനിക്കട്ടെ. ഞാന് ഭുവനേഷിന്റെ ഇന്സ്റ്റഗ്രാം പ്രൊഫൈല് മുന്പേ കണ്ടിട്ടുണ്ടായിരുന്നു. കണ്ടന്റ് ഇഷ്ടപ്പെട്ട് അങ്ങോട്ട് ഫോളോ ചെയ്യുകയും ചെയ്തു. പക്ഷേ, ഭുവനേഷ് തിരിച്ച് ഫോളോ ചെയ്തില്ല. കുറച്ചു നാള് കഴിഞ്ഞ് ഞാന് അണ്ഫോളോ ചെയ്തു. സുഹൃത്ത് ഭുവനേഷിന്റെ കാര്യം പറഞ്ഞപ്പോള് പ്രൊഫൈല് വീണ്ടും സ്കാന് ചെയ്തു നോക്കി. ഞങ്ങള്ക്ക് കോമണായി അറിയുന്ന ഒരാള് ഉണ്ടായിരുന്നു. അങ്ങനെ ആള് സിംഗിള് ആണെന്നുറപ്പിച്ചു. ആദ്യം അങ്ങോട്ട് മെസേജ് അയച്ചത് ഞാനാണ്. കോയമ്പത്തൂര് വെച്ച് ആദ്യമായി കണ്ടു. ഇതെല്ലാം നടക്കുന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ അറിവോടെയാണ്.
ഉടനെയൊന്നും വിവാഹം വേണ്ട, കുറച്ചു സംസാരിക്കട്ടെ എന്നായിരുന്നു ഭുവനേഷിന് ആദ്യം. ആദ്യം കണ്ടപ്പോഴും വിവാഹത്തെക്കുറിച്ചൊന്നും ഞങ്ങള് സംസാരിച്ചിരുന്നില്ല. പിന്നീട് വീഡിയോ കോളില് അമ്മയോടു സംസാരിക്കാന് തുടങ്ങി. അമ്മക്കും എന്നെ ഭയങ്കര ഇഷ്ടമായി. വിവാഹം ജൂണില് നടക്കുമെന്ന് എന്നോട് ജ്യോത്സ്യന് പറഞ്ഞിരുന്നു. പിന്നീട് വിവാഹം കഴിക്കാം, ജൂണില് നടത്തിയാലോ എന്ന് ഭുവനേഷ് തന്നെ ഇങ്ങോട്ട് വിളിച്ചു ചോദിച്ചു.
അതോടെ ഇക്കാര്യത്തിലൊക്കെ എനിക്ക് കൂടുതല് വിശ്വാസമായി. ഭുവന് വന്ന ദിവസം ഞങ്ങള് പുതിയതായി വാങ്ങിയ സ്ഥലത്തിന്റെ വാസ്തു നോക്കാനായി ഒരാള് വന്നിരുന്നു. അദ്ദേഹം ഭുവന്റെ കൈ നോക്കിയും മുഖം നോക്കിയും പറഞ്ഞ കാര്യങ്ങള് കേട്ടപ്പോഴാണ് അച്ഛന് ഭുവനില് കുറച്ച് വിശ്വാസവും ഇഷ്ടവും വന്നത്. എനിക്ക് ഏറ്റവും പേടി ചേച്ചിയുടെ ഭര്ത്താവ് മഹേഷേട്ടനും എന്റെ അച്ഛനും ഭുവനേഷിനെ ഇഷ്ടപ്പെടുമോ എന്നതായിരുന്നു. മഹേഷേട്ടിന് ഇഷ്ടപ്പെടില്ല എന്നുണ്ടെങ്കില് പേടിയാണ്. പക്ഷേ, ചേട്ടന് ഭുവനെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരുപാട് നേരം സംസാരിച്ചു.
അമ്മയും അച്ഛനും ചേച്ചിയുമെല്ലാം ഒരുപാട് നേരം ഭുവനേഷിനോട് സംസാരിച്ചു. ഒരു ദിവസം ഞാന് ഭുവന്റെ വീട്ടില് പോയിരുന്നു. സുഹൃത്ത് വരുന്നുവെന്നാണ് ഭുവന് വീട്ടില് എല്ലാവരോടും പറഞ്ഞിരുന്നത്. പക്ഷേ, അമ്മയ്ക്കും ബന്ധുക്കള്ക്കും കാര്യങ്ങള് ഏകദേശം മനസിലായിരുന്നു. അവര് മരുമകളെ സ്വീകരിക്കുന്നത് പോലെയാണ് എന്നെ സ്വീകരിച്ചത്. അത്രയേറെ വിഭവങ്ങള് അവര് എനിക്കായി ഒരുക്കിയിരുന്നു. ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്. അതെല്ലാം കണ്ടപ്പോള് എനിക്ക് വലിയ സന്തോഷമായിരുന്നു. ആദ്യമായാണ് എനിക്ക് അങ്ങനൊരു അനുഭവം. ഒരാള് എന്നെ പെണ്ണു കാണാന് വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. അയാളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു' വീഡിയോയില് അനുമോള് പറഞ്ഞു