കൊച്ചു കുട്ടികളുടെ കൊഞ്ചലുകളും ബാലിശമായ ചിന്തകളും പലപ്പോഴും മുതിര്‍ന്നവരെ ചിരിപ്പിക്കുകയും വിചാരിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു കുഞ്ഞിന്റെ രസകരമായ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കല്ലു നമസ്വി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രചരിച്ചത്. അമ്മയോട് സംസാരിക്കുന്നതിനിടയില്‍ പൃഥ്വിരാജിനെക്കുറിച്ച് പറയുന്ന കുഞ്ഞിന്റെ വാക്കുകളാണ് വൈറലായത്. 'ഞാനും എമ്പുരാനിലെ പിത്തിരാജും ഒരു സ്‌കൂളില്‍ പഠിച്ചു' എന്നായിരുന്നു കല്ലുവിന്റെ വാക്കുകള്‍. പല്ലൊക്കെയും കാട്ടി പറഞ്ഞ ഈ വാക്കുകള്‍ കാണികളില്‍ ചിരി പടര്‍ത്തി.
വീഡിയോയ്ക്കു കീഴില്‍ നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ പ്രതികരണവുമായി എത്തി. കുഞ്ഞിന് സ്നേഹത്തിന്റെ ഇമോജിയാണ് സുപ്രിയ സമ്മാനിച്ചത്. സുപ്രിയയുടെ കമന്റിനൊപ്പമാണ് കുഞ്ഞിന്റെ അമ്മ റീല്‍ പങ്കുവെച്ചത്. 'ഞാന്‍ പറഞ്ഞില്ലേ, പിത്തിരാജ് കൂടെ പഠിച്ചതാണെന്ന്' എന്നാണ് അടിക്കുറിപ്പ്.
വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് എത്തിയത്. 'കല്ലു അവിടെ എം.എ. മലയാളം പഠിക്കുമ്പോള്‍, പുള്ളി അവിടെ ബി.എ. ഇംഗ്ലീഷ് ആയിരുന്നു', 'ജാലിയന്‍ കാണാരനെക്കാളും തള്ളാണ് കുഞ്ഞാവ' തുടങ്ങിയ കമന്റുകള്‍ പ്രേക്ഷകര്‍ പങ്കുവെച്ചു.