ഗൗരീശങ്കരം എന്ന ഒരൊറ്റ സീരിയലിലൂടെ നായകനായി ശ്രദ്ധ നേടിയ താരമാണ് ഹരിശങ്കര്‍. അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമാണ് ഹരിശങ്കറിനെ സീരിയല്‍ നടനാക്കി മാറ്റിയത്. പരമ്പരയിലൂടെ ഗൗരിയുടെ ശങ്കരനായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഹരിശങ്കറിന്റെ യഥാര്‍ത്ഥ വിവാഹ വിശേഷമാണ് ഇപ്പോള്‍ നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന പ്രണയ വിവാഹത്തിന്റെ അധികമാരും തന്നെ അറിയാതെ പോയ ചിത്രങ്ങള്‍ 'ഞങ്ങളുടെ പ്രണയ കഥയാണ് എന്റെ ഇഷ്ടപ്പെട്ട ലൗ സ്റ്റോറി' എന്ന ക്യാപ്ഷനോടെയാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ഇവരുടെ കുടുംബ ക്ഷേത്രത്തില്‍ വച്ചു നടന്ന ചെറിയ ഒരു വിവാഹമായിരുന്നു ഇത്. സാക്ഷികളായി അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്ര മുറ്റത്ത് വച്ച് തുളസിമാല പരസ്പരമിട്ട് താലികെട്ടുകയായിരുന്നു.
വെറുമൊരു നടന്‍ എന്നതിലുപരി, സോഷ്യല്‍ മീഡിയയിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച വ്യക്തിത്വമാണ് ഹരിശങ്കറിന്റേത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ഹരിശങ്കറിന്റെ വിവാഹം ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് കഴിഞ്ഞത് എന്നാണ് വിവരം. എങ്കിലും വിവാഹചിത്രങ്ങള്‍ പങ്കുവച്ചത് ഇപ്പോഴാണ്. ഇതോടെയാണ് ആര്‍ഭാടങ്ങളോ ആള്‍ക്കൂട്ടമോ ഇല്ലാതെ പ്രിയപ്പെട്ടവളെ താലിചാര്‍ത്തിയ ഹരിശങ്കറിന്റെ വിവാഹം ശ്രദ്ധ നേടുന്നത്.
ടിക്-ടോക്കിലൂടെയും ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലൂടെയുമാണ് ഹരിശങ്കര്‍ ശ്രദ്ധ നേടി തുടങ്ങിയത്. അന്ന കരീനയില്‍ സിഐ ആയി എത്തിയതും മഴവില്‍ മനോരമയിലെ 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായ കമ്മീഷണര്‍ രഘുരാജ് ഐ.പി.എസും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാക്കി വേഷത്തിലുള്ള അദ്ദേഹത്തിന്റെ ഗൗരവമാര്‍ന്ന പ്രകടനം സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തിന് മികച്ച പ്രതിച്ഛായ നല്‍കി. 'സീത' പോലുള്ള മറ്റ് പരമ്പരകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തുടര്‍ന്നാണ് ഗൗരിശങ്കരം സീരിയലിലേക്ക് നായകനായി എത്തിയത്. അതേറെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ സൂര്യാ ടിവിയിലെ ചട്ടമ്പിപ്പാറു പരമ്പരയില്‍ നായക വേഷമായ പ്രിയനെ അവതരിപ്പിക്കുകയാണ് ഹരിശങ്കര്‍.