'കെ.ജി.എഫ്' ഫ്രാഞ്ചൈസിക്ക് ശേഷം സൂപ്പര്‍താരം യഷ് നായകനായി എത്തുന്ന, സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സി'-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'തബാഹി' എന്ന് പേരിട്ടിരിക്കുന്ന പ്രണയഗാനമാണ് സീ മ്യൂസിക് കമ്പനി റിലീസ് ചെയ്തത്. നേരത്തെ ഇതിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നിരുന്നു.
യഷും കിയാര അദ്വാനിയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങളും മികച്ച കെമിസ്ട്രിയുമാണ് നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. വിഖ്യാത പേര്‍ഷ്യന്‍ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. റെട്രോ ശൈലിയില്‍ യൂറോപ്യന്‍ ക്ലാസിക് ദൃശ്യവിരുന്ന് 1940-കള്‍ മുതല്‍ 1970-കള്‍ വരെയുള്ള പോസ്റ്റ്-കൊളോണിയല്‍ ഗോവയുടെ പശ്ചാത്തലത്തിലാണ് 'ടോക്സിക്' ഒരുങ്ങുന്നത്.
ഈ റെട്രോ ശൈലി പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് വിന്റേജ് കാറുകളും ക്ലാസിക് സെറ്റുകളും ഉള്‍പ്പെടുത്തി അതീവ മനോഹരമായാണ് ഗാനം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. റഗ്ഗ്ഡ് ലുക്കില്‍ യഷ് എത്തുമ്പോള്‍, ക്ലാസിക് യൂറോപ്യന്‍ ശൈലിയിലാണ് കിയാര പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന നയന്‍താര, താര സുതാരിയ എന്നിവരും ഈ ഗാനരംഗത്തില്‍ വന്നുപോകുന്നുണ്ട്.
പ്രശസ്ത സംഗീതജ്ഞന്‍ വിശാല്‍ മിശ്രയാണ് ഈ ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. രാജ് ശേഖര്‍ ഹിന്ദിയില്‍ വരികള്‍ കുറിച്ച ഈ ഗാനം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ലഭ്യമാണ്. ഗാനത്തിന്റെ മലയാളം പതിപ്പിലെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് രവി ബസ്രൂറാണ്. മയക്കുമരുന്ന് മാഫിയയുടെ കഥയുമായി യഷിന്റെ ഇരട്ടവേഷം മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളര്‍ച്ചയും തകര്‍ച്ചയുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ യഷ് 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മ
മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും 'ലേഡീസ് & ലേഡീസ്' എന്ന വീഡിയോയും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. 'ലയേഴ്സ് ഡയസ്', 'മൂത്തോന്‍' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗീതു മോഹന്‍ദാസിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിത്. ഗീതുവിന്റെ തനതായ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ് അപ്പീലും സമന്വയിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജീവ് രവിയാണ്.
യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഷ്, കിയാര അദ്വാനി, നയന്‍താര, താര സുതാരിയ എന്നിവര്‍ക്ക് പുറമെ രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിവരും വന്‍ താരനിരയുടെ ഭാഗമാകുന്നു. കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രീകരിച്ച സിനിമ മറ്റ് പ്രമുഖ ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി, കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.