ബിഗ്‌ബോസ് സീസണ്‍ 7 മല്‍സരാര്‍ത്ഥിയായിരുന്നു ആര്‍ജെ ബിന്‍സി. രണ്ടാഴ്ചകള്‍ക്കു ശേഷം ബിന്‍സി ഷോയില്‍ നിന്ന് എവിക്ട് ആകുകയും ചെയ്തിരുന്നു. എന്നാല്‍ റീ എന്‍ട്രിക്കു ശേഷം മസ്താനിയുമായും അനുവുമായും നടന്ന വഴക്കുകളെത്തുടര്‍ന്ന് ബിന്‍സി നിരവധി വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ബിന്‍സി. ഷോയിലെ തര്‍ക്കങ്ങളെക്കുറിച്ചും മസ്താനിയുടെ പെരുമാറ്റത്തെക്കുറിച്ചും ബിന്‍സി വിശദീകരിച്ചു.
ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം റീ-എന്‍ട്രിയിലൂടെ തിരിച്ചെത്തിയപ്പോഴാണ് മസ്താനിയുമായുള്ള പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ബിന്‍സി പറഞ്ഞു. ഹൗസിലേക്ക് കരഞ്ഞുകൊണ്ടാണ് മസ്താനി എത്തിയതെന്നും, എന്നാല്‍ പിന്നീട് തന്നോട് സംസാരിക്കാന്‍ വന്നപ്പോള്‍ പെട്ടെന്ന് പ്രകോപിക്കുന്ന രീതിയില്‍ പെരുമാറിയെന്നും ബിന്‍സി ആരോപിച്ചു. 'സ്വിച്ച് ഇട്ടതുപോലെയാണ് അവരുടെ സ്വഭാവം മാറിയത്. എന്നെ ട്രിഗര്‍ ചെയ്യുകയായിരുന്നു. അപ്പോഴാണ് ഞാന്‍ പൊട്ടിത്തെറിച്ചത്,' ബിന്‍സി പറഞ്ഞു.
'അച്ഛന്റെ ഓട്ടോയിലല്ലേ പോയതെന്ന' മസ്താനിയുടെ പരാമര്‍ശമാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്ന് ബിന്‍സി വ്യക്തമാക്കി. തന്റെ അച്ഛന്‍ 29 വര്‍ഷമായി ഓട്ടോ ഓടിച്ച് കുടുംബത്തെ നല്ല നിലയില്‍ നോക്കുന്ന വ്യക്തിയാണെന്നും, അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സഹിക്കാനാകില്ലെന്നും ബിന്‍സി പറഞ്ഞു. മുമ്പ് റെനൂപിനോടും റെനയോടുമെല്ലാം സമാനമായ രീതിയില്‍ കുടുംബത്തെക്കുറിച്ച് മോശം പറഞ്ഞിട്ടുണ്ടെന്നും ബിന്‍സി ആരോപിച്ചു.
മസ്താനിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോള്‍ അവരെ ഉത്തരംമുട്ടിയിരുന്നുവെന്നും, എന്നാല്‍ പുറത്തുവന്ന വീഡിയോയില്‍ അനുകൂലമായ പശ്ചാത്തല സംഗീതത്തോടെ മസ്താനിയെ പിന്തുണയ്ക്കുന്ന രീതിയിലുള്ള എഡിറ്റിംഗ് നടത്തിയെന്നും ബിന്‍സി കൂട്ടിച്ചേര്‍ത്തു.